കുപ്പയിൽ നിന്നൊരു മാണിക്യം 

കുപ്പയിൽ നിന്നൊരു മാണിക്യം 

റവ. ജോർജ് മാത്യു പുതുപ്പള്ളി

ഒരു പട്ടണത്തിൽ പഴയ ഒരു ദേവാലയം സ്ഥിതി ചെയ്തിരുന്നു. ആ ദേവാലയത്തെ മനോഹരമാക്കിത്തീർത്തത് അതിന്റെ മുൻഭാഗത്തുള്ള ഒരു വലിയ സ്ഫടിക ജനൽ ആയിരുന്നു. ഏറ്റവും സമർത്ഥനായ ഒരു ചിത്രകാരൻ ആ ദേവാലയത്തിനു സമ്മാനമായി വരച്ചു കൊടുത്ത അതിമനോഹരമായ ഒരു ചിത്രം ആ കണ്ണാടിയിൽ ഉണ്ടായിരുന്നു. അനേക സ്ഥലങ്ങളിൽ നിന്നും ആ മനോഹരചിത്രം കാണാനായി നിരവധി സന്ദർശകർ ഓരോ ദിവസവും അവിടേക്കു വന്നു കൊണ്ടിരുന്നു. ഒരു ദിവസം ആ സ്ഥലത്ത് ശക്തിയേറിയ ഒരു കൊടുങ്കാറ്റ് അടിക്കുകയും സ്ഫടികക്കണ്ണാടി അതിന്റെ സ്ഥാനത്തുനിന്ന് ഇളകി നിലംപതിക്കുകയും ചെയ്തു. അത് അനേക കഷണങ്ങളായി തകർന്നുപോയി. ദേവാലയത്തിന്റെ സൂക്ഷിപ്പുകാരൻ ആ സ്ഫടികക്കഷണങ്ങളെല്ലാം അടിച്ചുവാരി ഒരിടത്ത് സൂക്ഷിച്ചു വച്ചു.

ഒരു ദിവസം പ്രശസ്തനായ മറ്റൊരു ചിത്രകാരൻ ആ ദേവാലയത്തിലെ ചിത്രത്തെക്കുറിച്ചു കേട്ടിട്ട് അതു കാണുവാൻ വന്നു. ചിത്രം താഴെ വീണു തകർന്നുപോയി എന്ന് ദേവാലയസൂക്ഷിപ്പുകാരൻ അദ്ദേഹത്തെ അറിയിച്ചു. 'ആ തകർന്ന കഷണങ്ങൾ എവിടെ ?' എന്നായി ചിത്രകാരൻ. ദേവാലയസൂക്ഷിപ്പുകാരൻ താൻ സൂക്ഷിച്ചുവച്ചിരുന്ന സ്ഫടികക്കഷണങ്ങൾ വച്ചിരുന്ന സ്ഥലം ചിത്രകാരന് കാണിച്ചു കൊടുത്തു. 'കണ്ണാടിക്കഷണങ്ങൾ തനിക്കു തരാമോ ?' എന്ന് ചിത്രകാരൻ ചോദിച്ചു. 'ഇതുകൊണ്ട് ഞങ്ങൾക്ക് യാതൊരു ഉപയോഗവുമില്ല' എന്നു പറഞ്ഞ് ദേവാലയസൂക്ഷിപ്പുകാരൻ ആ സ്ഫടികക്കഷണങ്ങൾ മുഴുവൻ ആ ചിത്രകാരനു നൽകി.

ഏതാനും ദിവസങ്ങൾക്കുശേഷം ചിത്രകാരൻ ദേവാലയത്തിന്റെ അധി:കൃതരെ തന്റെ ചിത്രശാലയിലേക്കു ക്ഷണിച്ചു. സുപ്രസിദ്ധനായ അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് അധി:കൃതർ ചിത്രശാലയിലെത്തി. ചിത്രകാരൻ അധി:കൃതരെ ഒരു രഹസ്യമുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി പല ദിവസങ്ങൾകൊണ്ട് താൻ വരച്ചുതീർത്ത അതിമനോഹരമായ ഒരു ചിത്രം അവരെ കാണിച്ചു. 'ഇത്ര മനോഹരമായ ഒരു ചിത്രം തങ്ങൾ ഇതുവരെ മറ്റെങ്ങും കണ്ടിട്ടില്ല' എന്നു പറഞ്ഞ് ദേവാലയാധി:കൃതർ ചിത്രകാരനെ മുക്തകണ്ഠം പ്രശംസിച്ചു. 'ഇതു നിങ്ങൾ മുമ്പ് എനിക്കു തന്ന ഉടഞ്ഞ സ്ഫടികക്കഷണങ്ങൾ കൊണ്ട് ഞാൻ തീർത്ത ചിത്രമാണ്' എന്ന് ചിത്രകാരൻ അവരോടു പറഞ്ഞു. മാത്രമല്ല, അത് അവർക്ക് സമ്മാനമായി നൽകുകയും ചെയ്തു.

മുമ്പുണ്ടായിരുന്നതിനെക്കാൾ ഒരായിരം മടങ്ങ് മനോഹരമായിരുന്ന ഒരു ചിത്രം, തകർന്നുടഞ്ഞ പഴയ സ്ഫടികക്കഷണങ്ങളിൽ നിന്നും നിർമ്മിക്കുവാൻ കഴിഞ്ഞ ചിത്രകാരന്റെ സാമർത്ഥ്യത്തെ വാനോളം പുകഴ്ത്തിക്കൊണ്ട് ദേവാലയാധി:കൃതർ ആ സമ്മാനം സസന്തോഷം സ്വീകരിക്കുകയും അത് ദേവാലയത്തിൽ ആദ്യമിരുന്ന സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു. തകർന്നുടഞ്ഞ മനുഷ്യഹൃദയങ്ങളെ പൂർവാധികം ഭംഗിയായി മെനയുന്നവനാണ് മഹാദൈവമായ യേശുകർത്താവ്. ഹൃദയം തകർന്നവർ യേശുകർത്താവിന്റെ സന്നിധിലിലേക്കു വന്ന് ആശ്വാസം പ്രാപിക്കട്ടെ.

ചിന്തക്ക് : 'ചതഞ്ഞ ഓട അവൻ ഒടിച്ചു,കളകയില്ല, പുകയുന്ന തിരി കെടുത്തുകളകയില്ല. അവൻ സത്യത്തോടെ ന്യായം പ്രസ്താവിക്കും. ഭൂമിയിൽ ന്യായം സ്ഥാപിക്കുംവരെ അവൻ തളരുകയില്ല, അധൈര്യപ്പെടുകയുമില്ല. അവന്റെ ഉപദേശത്തിനായി ദ്വീപുകൾ കാത്തിരിക്കുന്നു' (യെശയ്യാവ്‌ 42 : 3 & 4).

Advertisement