പറവകളെ നോക്കി പഠിക്കാം

പറവകളെ നോക്കി പഠിക്കാം

റവ. ജോർജ് മാത്യു പുതുപ്പള്ളി

രു നഗരത്തിലെ ചന്തപ്പറമ്പിൽ ഉണ്ടായിരുന്ന വലിയ മരത്തിലെ ശിഖരത്തിൽ രണ്ട് ഇണക്കുരുവികൾ ഒരു കൂടു വച്ചിരുന്നു. ഒരു ദിവസം രാവിലെ അവ റോഡിലേക്കു നോക്കുമ്പോൾ ധാരാളം മനുഷ്യർ തിരക്കുപിടിച്ച് ജോലിക്കു പോകുവാനായി നടക്കുന്ന കാഴ്ച കണ്ടു. ആൺപക്ഷി പെൺപക്ഷിയോടു പറഞ്ഞു : 'എന്തിനാണ് ഈ മനുഷ്യർ ഇത്ര വെപ്രാളപ്പെട്ടും തിരക്കുപിടിച്ചും ഓടുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്കു മനസിലാകുന്നില്ല.' അതു കേട്ട പെൺപക്ഷി അല്പം ആലോചിച്ചിട്ട് ഇങ്ങനെ മറുപടി നൽകി : 'നമുക്കുള്ളതുപോലെ ഒരു സ്വർഗസ്ഥനായ പിതാവ് അവർക്കില്ലെന്നാണ് എനിക്കു തോന്നുന്നത്.'

ഇതൊരു സാങ്കൽപിക കഥയാകാം. എന്നാലും ഇതിലെ ആശയം വിശേഷബുദ്ധിയുള്ള ഏതൊരു മനുഷ്യനെയും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. വിശുദ്ധ ബൈബിളിലെ പുതിയ നിയമത്തിലെ ഗിരിപ്രഭാഷണത്തിലും (Sermon on the Mount), മറ്റു ചില സുവിശേഷ ഭാഗങ്ങളിലും നമ്മുടെ അരുമരക്ഷകനായ യേശുകർത്താവ് 'ആകാശത്തിലെ പറവകളെയും വയലിലെ താമരയെയും നോക്കി പഠിക്കാൻ' നമ്മെ ആഹ്വാനം ചെയ്യുന്നുണ്ട്. 'ഉറുമ്പിനെ നോക്കി ബുദ്ധി പഠിക്കാൻ' ജ്ഞാനിയായ ശലോമോൻ രാജാവും മടിയരായ മനുഷ്യരെ ഉദ്ബോധിപ്പിക്കുന്നുണ്ട് (സദൃശ്യവാക്യങ്ങൾ 6 : 6). ആഹാരത്തിനായി വേവലാതിപ്പെടാത്ത പറവകളെപ്പോലും ദൈവം ഓരോ ദിവസവും അതിശയകരമായി പോറ്റിപ്പുലർത്തുന്നു. അതുപോലെ വയലിൽ വളരുന്ന താമരയെപോലും ദൈവം അതിമനോഹരമായി അണിയിച്ചൊരുക്കുന്നു. അങ്ങനെയെങ്കിൽ ഭൂമിയിലെ സകല ചരാചരങ്ങളെയും കാത്തു പരിപാലിക്കുന്ന ദൈവം തന്റെ സർവ സൃഷ്ടികളിലെയും മൺമകുടമായ മനുഷ്യനെ പോറ്റിപ്പുലർത്താതിരിക്കുമോ ? എന്നാണ് യേശുകർത്താവ് ചോദിക്കുന്നത്.

'വിചാരപ്പെടുക' എന്നത് വിശേഷബുദ്ധിയുള്ള മനുഷ്യർ മാത്രം ചെയ്യുന്ന കാര്യമാണ്. മനുഷ്യർ ഒഴികെ വേറൊരു ജീവജാലങ്ങളും ഭാവിയെക്കുറിച്ചോർത്ത് ഉത്കണ്ഠപ്പെടുകയോ ആകുലപ്പെടുകയോ ഇല്ല. അത് യാതൊരു പ്രയോജനവുമുള്ള കാര്യവുമല്ല. എന്നിട്ടും മനുഷ്യർ ഭാവിയെക്കുറിച്ചു ചിന്തിച്ച് നീറി നീറി ജീവിക്കുന്നു. 'വിചാരപ്പെടുന്നതുകൊണ്ട് നിങ്ങളുടെ നീളത്തോട് ഒരു മുഴം കൂട്ടാൻ നിങ്ങൾക്കു സാധിക്കുമോ ?' എന്നത്രേ കർത്താവിന്റെ ചോദ്യം. 'സാധിക്കുകയില്ല' എന്ന വ്യക്തമായ ഉത്തരവും ആ ചോദ്യത്തിൽ തന്നെയുണ്ട്. ഭൗതികമായി നോക്കിയാൽ 'വിചാരപ്പെടുക' എന്നത് നമ്മുടെ ആരോഗ്യത്തിനു ഹാനികരമായ ഒരു വസ്തുതയാണ്. എല്ലാ രോഗങ്ങൾക്കും 'മാനസികതലത്തിൽ' ഓരോ കാരണമുണ്ട് (Psychological Reason) എന്ന് ആധുനിക ശാസ്ത്രവും സമ്മതിക്കുന്നു.

രക്തസമ്മർദ്ദം മൂലമുള്ള കടുത്ത തലവേദന, ആമാശയവ്രണം, നാഡീസംബന്ധവും ഹൃദയസംബന്ധവുമായ രോഗങ്ങൾ ഇവയെല്ലാംതന്നെ മുഖ്യമായും ആകുലചിന്തയുടെ പരിണിതഫലങ്ങളാണെന്ന് ശാസ്ത്രം സ്ഥിരീകരിച്ചുകഴിഞ്ഞു. മാനസികപിരിമുറുക്കം ശരീരത്തിൽ ചില രാസവസ്തുക്കൾ ഉണ്ടാക്കുകയും തദ്വാരാ ശരീരത്തെ ആകമാനം പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. വിചാരപ്പെടരുതെന്നു മാത്രമല്ല, അതിനെ അതിജീവിക്കുവാനുള്ള പ്രതിവിധിയും കർത്താവ് നമുക്കു പറഞ്ഞു തരുന്നുണ്ട്. 'മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ, അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും' എന്ന വാഗ്ദത്തം കൂടിയാണ് യേശുകർത്താവ് നൽകുന്നത് (മത്തായി 6 : 33). ആത്മാവില്ലാത്ത നശ്വരജീവികളായ പക്ഷിമൃഗാദികൾപോലും അവയുടെ സ്രഷ്ടാവായ ദൈവത്തിന്റെ പരിപാലനത്തിൽ പൂർണ്ണമായി വിശ്വസിച്ച് ആകുലചിന്തയിൽനിന്ന് അകന്നു കഴിയുമ്പോഴും, പ്രപഞ്ചത്തെക്കാൾ വിലയേറിയ ആത്മാവിനെ ശരീരത്തിൽ വഹിക്കുന്ന ദൈവത്തിന്റെ 'ഉന്നതസൃഷ്ടിയായ മനുഷ്യൻ' (Man is the most beautiful creations of God) ഓരോ നിമിഷവും ഇഞ്ചിഞ്ചായി മരിച്ചു ജീവിക്കുന്നത് തീർച്ചയായും ദൈവത്തിലുള്ള നമ്മുടെ അവിശ്വാസത്തെയും ആശ്രയക്കുറവിനെയുമാണു കാണിക്കുന്നത്.

ചിന്തക്ക് : 'ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ഉടുപ്പിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ നിങ്ങളെ എത്ര അധികം ? എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങൾ ചിന്തിച്ചു ചഞ്ചലപ്പെടരുത്. ഈ വകയൊക്കെയും ലോകജാതികൾ അന്വേഷിക്കുന്നു. നിങ്ങളുടെ പിതാവോ ഇവ നിങ്ങൾക്ക് ആവശ്യം എന്ന് അറിയുന്നു' (ലൂക്കൊസ് 12 : 28...30)