വൻകാര്യങ്ങൾ പ്രതീക്ഷിക്കുക
റവ. ജോർജ് മാത്യു പുതുപ്പള്ളി
മനുഷ്യനെ ദൈവം സൃഷ്ടിച്ചത് ചില കഴിവുകളോടെയാണ്. മനുഷ്യനു കൊടുത്ത ആ കഴിവുകളെ അവൻ പ്രയോഗിക്കണമെന്നും ദൈവം ആഗ്രഹിക്കുന്നു. ദൈവം തന്ന കഴിവുകളെ ഉപയോഗിക്കാതെ നഷ്ടപ്പെടുത്തുന്നത് ദൈവഹിതമല്ല.ദൈവം പലർക്കും പല കഴിവുകളാണ് നൽകിയിരിക്കുന്നത്. അതെല്ലാം ഓരോ രംഗങ്ങളിൽ പ്രയോഗിക്കുവാനുള്ളതാണ്. മനുഷ്യർ അലസരായോ മടിയരായോ ജീവിക്കുവാൻ ദൈവം ആഗ്രഹിക്കുന്നില്ല.
വളരെ ലാഭകരമായി നടന്നുവന്നിരുന്ന ഒരു ബിസിനസിന് പെട്ടെന്ന് മാന്ദ്യം സംഭവിച്ചു. അപ്പോൾ അതിന്റെ ഉടമസ്ഥൻ വേറൊരു ബിസിനസിലേക്ക് ശ്രദ്ധ തിരിച്ചു. എന്നാൽ പുതിയതായി തുടങ്ങിയ ബിസിനസിന് വേണ്ടതുപോലെയുള്ള പുരോഗതി ഉണ്ടായില്ല. ഈ അവസരത്തിൽ അയാൾ തന്റെ സഭാപാസ്റ്ററെ കണ്ട് വ്യാപാരത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി എന്താണു ചെയ്യേണ്ടതെന്ന് ആരാഞ്ഞു. പാസ്റ്റർ ഇപ്രകാരം മറുപടി നൽകി : 'നമ്മാൽ ചെയ്യാവുന്ന കാര്യങ്ങൾ നാം ചെയ്യുമ്പോൾ നമ്മാൽ അസാദ്ധ്യമായ കാര്യങ്ങൾ ദൈവം ചെയ്തുതരും.'
മനുഷ്യന്റെ ബുദ്ധിയും കഴിവുകളുമെല്ലാം ദൈവത്തിൽനിന്ന് വൻ കാര്യങ്ങൾ പ്രതീക്ഷിച്ചുകൊണ്ടായിരിക്കണമെന്നു സാരം. തോൽവിയുടെ രംഗത്ത് ഭയപ്പെടുന്നവരോ തോറ്റോടുന്നവരോ ആയിരിക്കുവാൻ ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നില്ല.പകരം, നമ്മാൽ അസാദ്ധ്യമായത് ദൈവം നമുക്കുവേണ്ടി ചെയ്യുമെന്ന പ്രത്യാശയോടെ പ്രവർത്തിപ്പാനാണ് ദൈവം ഉദ്ദേശിക്കുന്നത്. വില്യം കേറി ഒരിക്കൽ ഇങ്ങനെ പറഞ്ഞു : 'ദൈവത്തിൽനിന്നും വൻകാര്യങ്ങൾ പ്രതീക്ഷിക്കുക, ദൈവത്തിനുവേണ്ടി വൻകാര്യങ്ങൾ ചെയ്യുക' (Expect great things from God and attempt great things for God). ഇതായിരിക്കട്ടെ നമ്മുടെ ആഗ്രഹവും.
ദൈവം മനുഷ്യർക്കുവേണ്ടി പ്രവർത്തിക്കുവാൻ എപ്പോഴും ഒരുക്കമുള്ളവനാണ്. മനുഷ്യൻ അത് ഏറ്റെടുക്കുവാൻ തയാറായാൽ മാത്രം മതി. ദൈവം കഴിഞ്ഞകാലത്ത് നമുക്കുവേണ്ടി പ്രവർത്തിച്ചത് നമ്മുടെ ജീവിതാനുഭവമായാൽ വർത്തമാനകാലത്തും നമുക്കുവേണ്ടി പ്രവർത്തിക്കുന്നവനാണെന്ന് വിശ്വസിക്കുവാൻ നമുക്കു സാധിക്കും. വർത്തമാനകാലാനുഭവങ്ങൾ ഭാവികാലത്തേക്കുള്ള അനുഭവസമ്പത്ത് കൂടിയാണ്.
മിദ്യാന്യരെ ഭയന്നു ജീവിച്ചവനായിരുന്നു ഗിദയോൻ. ഗിദയോൻ പരാക്രമശാലിയാണെന്ന് ദൈവം കണ്ടു. ദൈവം ഗിദയോനെ കണ്ടതുപോലെ ഗിദയോൻ തന്നെ കണ്ടില്ല. കണ്ടിരുന്നുവെങ്കിൽ അവൻ മിദ്യാന്യരെ ഭയക്കുകയില്ലായിരുന്നു. ഗിദയോന്റെ വിജയത്തിനായി ദൈവമാണ് ആദ്യമായി മിദ്യാന്യരോട് ഇടപെട്ടത്. അവരുടെ മനസിൽ ഭയം വിതച്ചത് ദൈവമായിരുന്നു. അവർ തോല്പിക്കാൻ തയാറായിരിക്കുമ്പോഴാണ് ഗിദയോനും കൂട്ടരും അവിടെച്ചെന്ന് ദൈവത്തിന്റെ വിജയം ഏറ്റെടുത്തത്.
ചിന്തക്ക് : 'അനന്തരം യിസ്രായേല്യർ ഗിദയോനോട് : നീ ഞങ്ങളെ മിദ്യാന്റെ കയ്യിൽനിന്നു രക്ഷിച്ചിരിക്കകൊണ്ട് ഞങ്ങൾക്ക് രാജാവായിരിക്കേണം. അങ്ങനെതന്നെ നിന്റെ മകനും മകന്റെ മകനും എന്നു പറഞ്ഞു. ഗിദയോൻ അവരോട് : ഞാൻ നിങ്ങൾക്കു രാജാവാകയില്ല, എന്റെ മകനും ആകയില്ല, യഹോവയത്രേ നിങ്ങളുടെ രാജാവ് എന്നു പറഞ്ഞു' (ന്യായാധിപന്മാർ 8 : 22 & 23).
Advertisement