ദൈവീക കരുതലിന്റെ നേർച്ചിത്രം

ദൈവീക കരുതലിന്റെ നേർച്ചിത്രം

റവ. ജോർജ് മാത്യു പുതുപ്പള്ളി

ക്രിസ്തുവിന്റെ വയൽ പ്രദേശത്ത് വിശ്വസ്തതയോടെ അദ്ധ്വാനിച്ച് കർത്തൃസന്നിധി പൂകിയ വിശ്വാസവീരനായിരുന്നു പുഞ്ചമണ്ണിൽ മാമ്മൻ ഉപദേശി. ഒരിക്കൽ തീരപ്രദേശത്ത് സുവിശേഷം അറിയിക്കുവാൻ അദ്ദേഹം കടന്നുപോയി. രാത്രി വൈകുന്നതുവരെ സ്വമേധയാ സുവിശേഷ പ്രവർത്തനം തുടർന്നു. കൈവശം മടക്കയാത്രക്കുള്ള വണ്ടിക്കൂലി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവസാനത്തെ ബോട്ട് പിടിക്കുവാൻ ഉപദേശി ജെട്ടിയിലേക്ക് ഓടി. ടിക്കറ്റെടുത്ത് ബോട്ടിൽ കയറിയപ്പോഴാണ് തന്റെ സന്തത സഹചാരിയായ പഴയ കാലൻകുട ചായക്കടയിൽവച്ച് മറന്ന കാര്യം ഉപദേശി ഓർത്തത്. കണ്ടക്ടറോട് 'ഉടനെ വരാം' എന്നു വിവരം പറഞ്ഞശേഷം കുടയെടുക്കാൻ ഉപദേശി ഓടി. കുടയുമായി ഓടിക്കിതച്ച് വന്നപ്പോഴേക്കും ബോട്ട് പുറപ്പെട്ടു കഴിഞ്ഞിരുന്നു.

മാമ്മൻ ഉപദേശിക്ക് ആകെ നിരാശയും വേദനയും തോന്നി. അൽപം വിഷമത്തോടുകൂടിത്തന്നെ ഉപദേശി കർത്താവിനോട് ഇപ്രകാരം പറഞ്ഞു : 'കർത്താവേ, ഞാൻ എന്റെ കുടുംബത്തെപ്പോലും ശരിയായി സംരക്ഷിക്കുവാൻ തുനിയാതെ പൂർണ്ണസമയം നിനക്കായി ചെലവഴിച്ചിട്ടും എനിക്ക് ഈ ഗതി വന്നല്ലോ ? കൈവശം നയാ പൈസയില്ല. ഇന്നു രാത്രി എവിടെ കിടന്നുറങ്ങുമെന്നും നിശ്ചയമില്ല. അവസാനത്തെ ബോട്ടും പൊയ്ക്കഴിഞ്ഞു. എന്തിന് എന്നോട് ഈ ക്രൂരത കാട്ടി ?' രാത്രി വെളുക്കുവോളം ഈ വിധ ദുഃഖചിന്തകളുമായി ഉറങ്ങാതെ അദ്ദേഹം ബോട്ട്ജെട്ടിയിൽ കഴിച്ചുകൂട്ടി. വെളുപ്പാൻ കാലത്താണ് ശരിക്കും ഉറക്കം വന്നത്. തണുത്ത തറയിൽ പത്രക്കടലാസ് വിരിച്ച് അതിന്റെ മുകളിൽ കിടന്ന് ഉറങ്ങി. പിറ്റേന്ന് വളരെ താമസിച്ചാണ് എഴുന്നേറ്റത്.

ഉറക്കമുണർന്നു നോക്കുമ്പോൾ ജെട്ടിയിലാകമാനം ജനങ്ങൾ ഭയപ്പാടോടെ എന്തൊക്കെയോ സംസാരിക്കുകയും പിറുപിറുക്കുകയും ചെയ്യുന്നു. ചിലർ ഉച്ചത്തിൽ കരയുന്നുമുണ്ട്. മറ്റു ചിലരാകട്ടെ ബന്ധുമിത്രാദികളുടെ പേര് ഉച്ചരിച്ചുകൊണ്ട് അലമുറയിടുന്നു. കാര്യം തിരക്കിയ മാമ്മൻ ഉപദേശിക്കു ഞെട്ടിക്കുന്ന വാർത്തയാണ് കേൾക്കുവാൻ കഴിഞ്ഞത്. തലേന്നു രാത്രി അവിടെനിന്നും പോയ 'റെഡീമർ' ( Redeemer) എന്ന അവസാനത്തെ ബോട്ട് പല്ലനയാറ്റിൽ മുങ്ങി മഹാകവി കുമാരനാശാൻ ഉൾപ്പെടെ അതിൽ ഉണ്ടായിരുന്ന മുഴുവൻ യാത്രക്കാരും മരിച്ചത്രേ.

ഒരു നിമിഷം ഉപദേശിയുടെ ഉള്ളൊന്നു പിടഞ്ഞു. കുറ്റബോധത്താൽ ശിരസ് കുനിഞ്ഞു. തലേന്നു രാത്രി ദൈവത്തോട് പിറുപിറുത്തതിനും ദൈവത്തെ വേദനിപ്പിച്ചതിനും ഉപദേശി ദൈവത്തോട് മാപ്പ് ചോദിച്ചു. പ്രിയ സഹോദരങ്ങളേ, യേശുകർത്താവ് നമ്മെ സ്നേഹിക്കുന്നു. അവിടുന്ന് നമുക്കായി കരുതുന്നു. അനർത്ഥം വ്യസനത്തിനു കാരണമാക്കാതെ സൂക്ഷിക്കുന്നു. നമ്മുടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നു. നാം അതിനു ഒരുക്കമുള്ളവരോ ?.

ചിന്തക്ക്: 'ഞാൻ യഹോവെക്കായി കാത്തുകാത്തിരുന്നു. അവൻ എങ്കലേക്കു ചാഞ്ഞു എന്റെ നിലവിളി കേട്ടു. നാശകരമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവൻ എന്നെ കയറ്റി. എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി. എന്റെ ഗമനത്തെ സ്ഥിരമാക്കി. അവൻ എന്റെ വായിൽ പുതിയോരു പാട്ടുതന്നു, നമ്മുടെ ദൈവത്തിനു സ്തുതി തന്നേ, പലരും അതു കണ്ടു ഭയപ്പെട്ടു യഹോവയിൽ ആശ്രയിക്കും' (സങ്കീർത്തനങ്ങൾ 40 : 1...3).