വെടിയുണ്ടയെ സ്പർശിച്ച ദൈവസ്നേഹം

വെടിയുണ്ടയെ സ്പർശിച്ച ദൈവസ്നേഹം

റവ.ജോർജ് മാത്യു പുതുപ്പള്ളി

ൺപതുകാരനായ ജോസ് കിന്നർ അയൽവാസികൾക്ക് എപ്പോഴും സന്തോഷം പകരുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഹൃദ്യമായ സംഭാഷണവും പ്രസരിപ്പാർന്ന പെരുമാറ്റവുമാണ് തന്നോട് ഇടപെടുന്നവരിൽ സന്തോഷം ജനിപ്പിക്കുന്നത്. തന്റെ ജീവിതത്തിലെ ആനന്ദത്തിന്റെ രഹസ്യത്തെപ്പറ്റി ജോസ് കിന്നർ പറയുന്നത് ഇങ്ങനെയാണ് : 'എന്റെ ഇപ്പോഴുള്ള ജീവിതം ഞാൻ ഇതുവരെ ജീവിച്ച ജീവിതത്തിന്റെ ബോണസായി ദൈവം സൗജന്യമായി എനിക്കു നൽകിയതാണ്. ഒരിക്കൽ വിയറ്റ്‌നാം യുദ്ധത്തിൽ ഞാൻ വെടിയേറ്റ് നിലംപതിച്ചു. മൂന്നാം ദിവസമാണ് എനിക്കു ബോധം വീണ്ടുകിട്ടിയത്. അപ്പോൾ എന്നെ ശുശ്രൂഷിച്ച ഡോക്ടർ എന്നെ ആശ്വസിപ്പിച്ചു. എന്റെ ശരീരത്തിൽ വെടിയുണ്ട തുളച്ചുകയറിയെങ്കിലും നെല്ലിട വ്യത്യാസത്തിൽ അതെന്റെ ഹൃദയത്തെ സ്പർശിച്ചില്ല. അതിന് പ്രത്യേകമായ ഒരു കാരണം കൂടിയുണ്ട്.'

അദ്ദേഹം തന്റെ പോക്കറ്റിൽനിന്ന് വളഞ്ഞ ആകൃതിയുള്ള രണ്ട് നാണയങ്ങൾ ഉയർത്തിക്കാണിച്ചുകൊണ്ട് പറഞ്ഞു : 'ഈ രണ്ട് നാണയങ്ങൾ എന്റെ പോക്കറ്റിൽ ഉണ്ടായിരുന്നു. ഈ നാണയങ്ങളിൽ തട്ടി വെടിയുണ്ട തെന്നിമാറിയതു കാരണമാണ് ഈ നാണയങ്ങൾ വളഞ്ഞുപോയത് ഈ നാണയങ്ങൾ കാണുമ്പോഴൊക്കെ എന്റെ ജീവിതം നീട്ടിത്തന്ന ദൈവത്തെ ഞാൻ ഓർക്കും. ഈ ജീവിതം ദൈവം എനിക്കു നൽകിയ ദൈവത്തിന്റെ സമ്മാനമാണ്. ദൈവം എനിക്കു നൽകിയ അധിക ആയുസ് സന്തോഷത്തോടെ ചെലവാക്കി നന്ദിയോടെ ഞാൻ ദൈവത്തോടുള്ള എന്റെ കടപ്പാട് നിറവേറ്റുകയാണ്.'

നമ്മുടെ ഓരോരുത്തരുടെയും ജീവിതം ദൈവത്തിന്റെ മഹത്തായ ദാനമാണ്. ദാനം എപ്പോഴും തികച്ചും സൗജന്യമായിരിക്കും. സൗജന്യമല്ലാത്തതൊന്നും ദാനങ്ങളല്ല. മരണകരമായ അപകടത്തിൽനിന്നോ, രോഗത്തിൽനിന്നോ ലഭിക്കുന്ന വിടുതൽ സൗജന്യത്തിന്റെ വില ജീവിതത്തിൽ കൂടുതലായി അനുഭവിക്കുന്നതിനുള്ള സന്ദർഭങ്ങളാണ്. ദൈവത്തോട് ഏറ്റവും നന്ദിയുള്ളവരായി ജീവിക്കുന്നതിന് ദൈവം നൽകുന്ന പ്രത്യേക അലവൻസാണത്.അധികം ജാഗ്രതയോടെ ദൈവത്തിന്റെ ഉപകാരങ്ങൾ മറ്റുള്ളവരോടു സാക്ഷിക്കുന്നതിനുള്ള കരുക്കളായി നാം ഈ സൗജന്യത്തെ ഉപയോഗിക്കേണ്ടതാണ്.

ഹിസ്‌കിയാവ് രാജാവിനെ മരണകരമായ രോഗത്തിൽനിന്നാണ് ദൈവം വിടുവിച്ചത്. തന്റെ ആയുസിനോട് പതിനഞ്ച് വർഷംകൂടി ദൈവം നീട്ടിക്കൊടുത്തു. എന്നാൽ പിന്നീട് ദൈവത്തെ കൂടുതൽ ശക്തിയോടും പൂർണ്ണ മനസോടുംകൂടി സേവിക്കേണ്ടതിനു പകരം ഹിസ്കിയാവ് നിഗളമുള്ളവനായിത്തീരുകയാണ് ചെയ്തത്. പ്രിയമുള്ളവരേ, ദൈവം നമുക്ക് സൗജന്യമായി നൽകിയ ആയുസിന്റെ വില മനസിലാക്കി ദൈവത്തെ നമുക്ക് നന്ദി നിറഞ്ഞ ഹൃദയത്തോടെ സ്തുതിക്കാം.

ചിന്തക്ക് : 'സമാധാനത്തിനായി എനിക്ക് അത്യന്തം കൈപ്പായത് ഭവിച്ചു. എങ്കിലും നീ എന്റെ സകല പാപങ്ങളെയും നിന്റെ പിറകിൽ എറിഞ്ഞുകളഞ്ഞതുകൊണ്ട് എന്റെ പ്രാണനെ നാശക്കുഴിയിൽനിന്നുസ്നേഹത്തോടെ രക്ഷിച്ചിരിക്കുന്നു. പാതാളം നിന്നെ സ്തുതിക്കുന്നില്ല. മരണം നിന്നെ വാഴ്ത്തുന്നില്ല. കുഴിയിൽ ഇറങ്ങുന്നവർ നിന്റെ വിശ്വസ്തതയെ പ്രത്യാശിക്കുന്നതുമില്ല. ഞാൻ ഇന്നു ചെയ്യുന്നതുപോലെ ജീവനുള്ളവൻ, ജീവനുള്ളവൻ മാത്രം നിന്നെ സ്തുതിക്കും. അപ്പൻ മക്കളോട് നിന്റെ വിശ്വസ്തതയെ അറിയിക്കും' (യെശയ്യാവ്‌ 38 : 17...19).