പാപം എന്ന കരിമ്പടക്കെട്ട്

പാപം എന്ന കരിമ്പടക്കെട്ട്

റവ. ജോർജ് മാത്യു പുതുപ്പള്ളി

ലിയ വെള്ളപ്പൊക്കത്തിന്റെ സമയമായിരുന്നു അത്. ദിവസങ്ങളായി ഇടതടവില്ലാതെ പെയ്യുന്ന ഘോരമായ മഴ സൃഷ്ടിച്ച വെള്ളപ്പൊക്കത്താൽ ജനങ്ങൾ ഏറെ വലഞ്ഞിരുന്നു. വെള്ളത്തിലൂടെ ഒഴുകി വരുന്ന സാധനങ്ങൾ പിടിച്ചെടുക്കാൻ നാട്ടുകാരിൽ ചിലർ പുഴയോരത്ത് കാത്തു നിന്നു. തടികൾ, നാളികേരം, വീട്ടുസാധനങ്ങൾ അങ്ങനെ പലതും ഒഴുകിവരാറുണ്ട്.

നാട്ടുകാർ നോക്കി നിൽക്കുമ്പോൾ അതാ ഒരു വലിയ കരിമ്പടക്കെട്ട് (കമ്പിളിക്കെട്ട്) വെള്ളത്തിലൂടെ ഒഴുകിവരുന്നു. അതു പിടിച്ചെടുക്കുവാൻ കരയിൽ നിന്ന ഒരാൾ വെള്ളത്തിൽച്ചാടി. ഒഴുകിക്കൊണ്ടിരുന്ന കരിമ്പടക്കെട്ടിന്റെ അടുത്തേക്ക് നീന്തിച്ചെന്ന അയാൾ ഇരുകൈകൾകൊണ്ടും കരിമ്പടക്കെട്ടിനെ കെട്ടിപ്പിടിച്ചു. അതിൽ പിടിച്ചു കഴിഞ്ഞപ്പോഴാണ് അത് കരിമ്പടമല്ല വേറെന്തോ ആണെന്ന് അയാൾക്കു മനസിലായത്. ആയതിനാൽ അത് ഉപേക്ഷിച്ച് തിരികെ പോകാമെന്നു കരുതി അയാൾ അതിലെ പിടിവിടാൻ ശ്രമിച്ചു. അപ്പോഴാണ് മറ്റൊരു സത്യം അയാൾ തിരിച്ചറിഞ്ഞത്. താൻ പിടിവിട്ടിട്ടും ആ കരിമ്പടക്കെട്ട് തന്നെ മുറുക്കിപ്പിടിച്ചിരിക്കുകയാണ്.

അയാൾ കരിമ്പടക്കെട്ടിനൊപ്പം മുന്നോട്ട് ഒഴുകി നീങ്ങുന്നതു കണ്ട നാട്ടുകാർ വിളിച്ചു പറഞ്ഞു : 'നീ അത് എടുക്കേണ്ട, പിടിവിട്ട് തിരികെപ്പോരുക.' നിരാശനായ അയാൾ ഉച്ചത്തിൽ പറഞ്ഞു : 'ഞാൻ പിടി വിട്ടിരിക്കുകയാണ്, പക്ഷെ ഇത് എന്നെ വിടുന്നില്ല.' കരിമ്പടക്കെട്ടെന്ന് അയാൾ കരുതിയ സാധനം ജീവനുള്ള ഒരു വലിയ കരടിയായിരുന്നു. ദിവസങ്ങളായി ഭക്ഷണം കഴിക്കാതെ വെള്ളത്തിലൂടെ ഒഴുകി നടന്ന കരടിക്ക് ആ മനുഷ്യൻ ഭക്ഷണമായി മാറി.

നാം കേട്ടിട്ടുള്ള ഒരു കഥയായിരിക്കാം ഇത്. എന്നാൽ ഇതിൽ അടങ്ങിയിരിക്കുന്ന ആത്മീയാർത്ഥത്തെക്കുറിച്ച് നമ്മിൽ എത്ര പേർക്ക് നല്ലവണ്ണം അറിയാം ? ജീവനുള്ള കരടി പ്രതിനിധാനം ചെയ്യുന്നത് നമ്മുടെ ഭീകരമായ പാപസ്വഭാവങ്ങളെയാണ്.

പ്രിയ സഹോദരങ്ങളെ, ഇതുപോലെയാണ് പാപസ്വഭാവങ്ങൾ നമ്മുടെമേൽ പിടി മുറുക്കുന്നത്. പാപം തീർച്ചയായും നമ്മെ നാശത്തിലേക്കു നയിക്കും. ചെറിയ പാപങ്ങൾ സാരമില്ല, സാരമില്ല എന്നു കരുതി വലിയ പാപത്തിലേക്കു നിപതിക്കുന്ന ഒരുവന് പിന്തിരിയാൻ ശ്രമിച്ചാലും അതിൽനിന്നു രക്ഷപെടുവാൻ കഴിയുകയില്ല. പാപമെന്ന കരടിയുടെ ബന്ധനത്തിൽ നിന്നുള്ള മോചനം ഏറെ ദുഷ്കരമായിരിക്കും. രക്ഷപെടുവാനുള്ള ഒരേയൊരു മാർഗം പാപങ്ങളെക്കുറിച്ച് അനുതപിച്ച് യേശുകർത്താവിലേക്കു മടങ്ങുക എന്നതു മാത്രമാണ്. കർത്താവിന്റെ ഇഷ്ടമനുസരിച്ച് വിശുദ്ധ ജീവിതം നയിക്കുവാൻ നാം തയാറായാൽ നമുക്ക് രക്ഷ നേടുവാൻ കഴിയും. ഇല്ലെങ്കിൽ പാപം നമ്മെ നിശ്ചയമായും ആത്മീയമരണത്തിലേക്കും അതുവഴി അഗ്നിനരകത്തിലേക്കും ആനയിക്കും. ആകയാൽ പാപസ്വഭാവങ്ങളോടും അതിന്റെ കാരണഭൂതനായ പിശാചിനോടും എന്നന്നേക്കുമായി വിട പറഞ്ഞ് ഒരു വിശുദ്ധ ജീവിതം നയിക്കുവാൻ നമുക്കു തീരുമാനമെടുക്കാം.

ചിന്തക്ക് : 'അനീതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ. അഴുക്കുള്ളവൻ ഇനിയും ഇനിയും അഴുക്കാകട്ടെ. നീതിമാൻ ഇനിയും നീതി ചെയ്യട്ടെ. വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ. ഇതാ, ഞാൻ വേഗം വരുന്നു. ഓരോരുത്തനും അവനവന്റെ പ്രവർത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ട്' (വെളിപ്പാട് 22 : 11 &12).

Advertisement

Advertisement