ദൈവനിയോഗത്തിന്റെ പുതപ്പ്

ദൈവനിയോഗത്തിന്റെ പുതപ്പ്

റവ.ജോർജ് മാത്യു പുതുപ്പള്ളി

രിക്കൽ ഒരു കപ്പൽ അപകടത്തിൽനിന്നും അത്ഭുതകരമായി രക്ഷപെട്ട ഒരു യാത്രക്കാരൻ യാദൃശ്ചികമായി ഒരു ദ്വീപിൽ ചെന്നുചേർന്നു. ദ്വീപ് നിവാസികൾ അദ്ദേഹത്തെ തോളിലേറ്റിക്കൊണ്ട് അവരുടെ ആസ്ഥാനമണ്ഡപത്തിലേക്കു കൊണ്ടുപോകുകയും അദ്ദേഹത്തെ രാജാവായി പ്രഖ്യാപിക്കുകയും ചെയ്തു. രാജാവായിക്കഴിഞ്ഞപ്പോൾ അദ്ദേഹം ആ ദ്വീപ് നിവാസികളുടെ ഇടയിൽ നിലനിന്നിരുന്ന ഒരു ആചാരത്തെക്കുറിച്ചു മനസിലാക്കി. ഓരോ വർഷവും അവർ ഓരോരുത്തരെ രാജാവാക്കുകയും ആ വർഷം അവസാനിക്കുമ്പോൾ അവരെ വിജനമായ മറ്റൊരു ദ്വീപിലേക്ക് നാടുകടത്തുകയും ചെയ്യും. ഫലഭൂയിഷ്ഠമല്ലാത്തതും വരണ്ടതുമായ ഭൂമിയിൽ പട്ടിണി കിടന്ന് അവർ മരിക്കും.

ഇതു മനസിലാക്കിയ അദ്ദേഹം ആ പ്രത്യേക ദ്വീപിൽ പല പുരോഗമനപരമായ കാര്യങ്ങളും ചെയ്തു. ബോട്ടുകൾ നിർമ്മിച്ചു, നല്ല വിളവ് നൽകുന്ന വിത്തുകൾ അവിടുത്തെ കൃഷിസ്ഥലങ്ങളിൽ വിതച്ചു. നല്ലൊരു കൊട്ടാരം അവിടെ പണിതു. അദ്ദേഹത്തിന്റെ ഭരണകാലം അവസാനിച്ച് പുതിയ ദ്വീപിലേക്ക് നാടുകടത്തപ്പെട്ടപ്പോൾ അദ്ദേഹത്തിന് അൽപവും ദു:ഖിക്കേണ്ടി വന്നില്ല. കാരണം തനിക്കു വേണ്ടതെല്ലാം അവിടെ അദ്ദേഹം മുൻകൂട്ടി കരുതിയിരുന്നു.

ദൈവം നമ്മെ അതിശ്രേഷ്ഠകരമായ ദൗത്യങ്ങൾക്കു വേണ്ടിയാണ് ഭൂമിയിൽ ആക്കിയിരിക്കുന്നത്. ദൈവത്തിന്റെ ശുശ്രൂഷകൾക്കു വേണ്ടിയുള്ള നിയോഗങ്ങളുടെ പുതപ്പ് നമ്മുടെ മേൽ വന്നു വീഴുമ്പോൾ അത്തരം സ്ഥാനങ്ങളിൽ മുൻകാലത്ത് നിയോഗിക്കപ്പെട്ടവരുടെ അനുഭവങ്ങളെ നാം ശ്രദ്ധിച്ചു പഠിക്കണം. അവരുടെ ജീവിതത്തിലെ പാളിച്ചകളും പാകപ്പിഴവുകളും നമ്മുടെ ജീവിതത്തിൽ ആവർത്തിക്കാതിരിക്കുവാൻ നാം പരിശ്രമിക്കണം.

മോശെക്കു ശേഷം യിസ്രായേലിന്റെ നേതൃസ്ഥാനയത്തേക്കു ദൈവം അഭിഷേകം ചെയ്ത യോശുവ വളരെ സൂക്ഷ്മതയോടെയാണ് ആ സ്ഥാനം ഏറ്റെടുത്തതെന്ന് ചിന്തിക്കുവാൻ ധാരാളം ന്യായങ്ങളുണ്ട്. കാരണം യോശുവ ആകെ ഭയപ്പെട്ടവനായിരുന്നു. അതുകൊണ്ടാണ് ദൈവം യോശുവയെ ധൈര്യപ്പെടുത്തുന്നത്.

യിസ്രായേലിന്റെ നേതൃസ്ഥാനം ഏറ്റെടുത്ത ശേഷവും നിരവധി സന്ദർഭങ്ങളിൽ യോശുവക്ക് മാനസിക സമ്മർദ്ദങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അവിടെയെല്ലാം മോശെക്ക് സംഭവിച്ച പാളിച്ചകൾ തനിക്കു സംഭവിക്കാതിരിക്കുവാൻ യോശുവ ഏറെ ശ്രദ്ധിച്ചിരുന്നു. ഒരു ഉദാഹരണം മാത്രം പറയാം. മോശെയെപ്പോലെ തന്നെ ദേശം ഉറ്റുനോക്കുവാൻ യോശുവയും ആളുകളെ അയച്ചു. എന്നാൽ യോശുവ വിശ്വാസവും ശുഭപ്രതീക്ഷയുമുള്ള രണ്ടുപേരെയാണ് അയച്ചത്. നമ്മുടെ ആത്മീയജീവിതത്തിലും ഓരോ ചുവടും വളരെ ശ്രദ്ധയോടെയും ദൈവഹിതപ്രകാരവും മുന്നോട്ടു വയ്ക്കാം.

ചിന്തക്ക് : 'നിന്റെ ജീവകാലത്ത് ഒരിക്കലും ഒരു മനുഷ്യനും നിന്റെ നേരെ നിൽക്കുകയില്ല. ഞാൻ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടു കൂടെയും ഇരിക്കും. ഞാൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല. ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക. ഞാൻ അവർക്കു കൊടുക്കുമെന്ന് അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം നീ ഈ ജനത്തിന് അവകാശമായി വിഭാഗിക്കും' (യോശുവ 1 : 5 & 6).