ജോലിക്കാരെ ആവശ്യമുണ്ട്
റവ.ജോർജ് മാത്യു പുതുപ്പള്ളി
അമേരിക്കയിൽ ഒരു വലിയ ഹോട്ടലിന്റെ മുന്നിൽ 'ജോലിക്കാരെ ആവശ്യമുണ്ട്' എന്നൊരു ബോർഡ് വച്ചിരുന്നു. ഈ ബോർഡ് കണ്ട ഒരു യുവാവ് തന്റെ വിധവയായ മാതാവിനെ സഹായിക്കുന്നതിനായി അവിടെ ജോലി ചെയ്യുവാൻ ആഗ്രഹിച്ചു. അവൻ ആ ഹോട്ടലിന്റെ ഉള്ളിലേക്കു കടന്നു. ഹോട്ടൽ വളരെ വൃത്തിയായി അലങ്കരിച്ചിരുന്നു. എന്നാൽ അതിനുള്ളിൽ മദ്യത്തിന്റെ രൂക്ഷഗന്ധം വ്യാപിച്ചിരുന്നു. യുവാവ് ഹോട്ടൽ ഉടമയോട് തനിക്ക് ഒരു ജോലി ആവശ്യമാണെന്നും അവിടുത്തെ ജോലി എപ്രകാരമുള്ളതാണെന്നും ആരാഞ്ഞു. ഹോട്ടൽ ഉടമ ഇങ്ങനെ പറഞ്ഞു : 'ഈ ഹോട്ടലിൽ വരുന്നവരുടെ കുതിരയെ നോക്കുകയും ചിലപ്പോൾ ഹോട്ടലിൽ വരുന്നവർക്ക് മദ്യം പകർന്നു കൊടുക്കുകയും വേണം. 'ഇതു കേട്ട യുവാവ് 'ഈ ജോലി ഞാൻ ഏറ്റെടുക്കണമോ ?' എന്ന് അൽപം ആലോചിക്കട്ടെ എന്നു പറയുകയുണ്ടായി.
അൽപം കഴിഞ്ഞ് ആ യുവാവ് വന്ന് എനിക്ക് ഈ ജോലി വേണ്ട എന്നു പറഞ്ഞു. കാരണം തിരക്കിയ ഹോട്ടൽ ഉടമയോട് യുവാവ് പറഞ്ഞ മറുപടി ഇങ്ങനെയാണ് : 'ഒന്നാമതായി ഞാൻ ഈ ജോലി ചെയ്യുന്നത് ദൈവം ഇഷ്ടപ്പെടുകയില്ല. രണ്ടാമത്, ഞാൻ ഈ ജോലി ചെയ്യുന്നുവെന്ന് അറിഞ്ഞാൽ എന്റെ മാതാവിന്റെ മനസ് വേദനിക്കും. മൂന്നാമതായി എന്റെ മനസിൽ ഈ ജോലി എനിക്ക് യോഗ്യമായി തോന്നുന്നില്ല. ഈ മൂന്നു കാരണങ്ങളാൽ എനിക്ക് ഈ ജോലി ആവശ്യമില്ല.'
ഈ യുവാവ് പറയുന്നതെല്ലാം ശ്രദ്ധയോടെ കേട്ടുകൊണ്ടു നിന്നിരുന്ന മാന്യനായ ഒരു വ്യക്തി യുവാവിന്റെ പിന്നാലെ ചെല്ലുകയും 'നിന്നെപ്പോലെ ഒരാളെയാണ് ഞാൻ കുറച്ചു ദിവസമായി അന്വേഷിച്ചുകൊണ്ടു നടക്കുന്നതെന്ന്' അവനോടു പറയുകയും ചെയ്തു. അദ്ദേഹം വലിയ ഒരു കമ്പനിയുടെ ഉടമസ്ഥനായിരുന്നു. 'ദൈവത്തോടും കുടുംബത്തോടും മനുഷ്യരോടും തന്നോടുതന്നെയും വിശ്വസ്തനും നല്ല മന:സാക്ഷിയുള്ളവനുമായ നിന്നെ എന്റെ സ്ഥാപനത്തിൽ മാനേജരായി നിയമിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു' എന്ന് അദ്ദേഹം യുവാവിനെ അറിയിച്ചു. യുവാവിനെ തന്റെ കാറിൽക്കയറ്റി അദ്ദേഹത്തിന്റെ ഓഫീസ് കാണിക്കുവാൻ കൂട്ടിക്കൊണ്ടുപോയി. അവിടുത്തെ അന്തരീക്ഷം ഇഷ്ടമായ യുവാവ് താമസിയാതെ ആ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
നമുക്ക് ദൈവത്തോടുള്ള വ്യക്തിപരമായ ബന്ധമാണ് മനുഷ്യരോടുള്ള ബന്ധത്തിനും സമൂഹത്തോടുള്ള ബന്ധത്തിനും നിദാനമായിരിക്കുന്നത്. ദൈവത്തോട് ബന്ധമുണ്ടെന്ന് പറയുകയും മനുഷ്യരോടും കുടുംബത്തോടും സമൂഹത്തോടും ബന്ധമില്ലാതെ വരികയും ചെയ്താൽ ദൈവത്തോടുള്ള ബന്ധം വെറും വാക്കുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നായിത്തീരും. നമ്മുടെ മന:സാക്ഷിയോടുള്ള ബന്ധം അഭംഗുരം തുടരുന്നതിന് ദൈവത്തോടുള്ള ആഴമേറിയ ബന്ധം അത്യന്താപേക്ഷിതമാണ്. അല്ലെങ്കിൽ മന:സാക്ഷിയോടുള്ള നമ്മുടെ ബന്ധം സുദൃഢയമായിത്തീരുകയില്ല. പ്രിയപ്പെട്ട സഹോദരങ്ങളെ നമുക്ക് ദൈവത്തോടും മനുഷ്യരോടും ദൈവത്തോടുമുള്ള ബന്ധം എപ്രകാരമെന്ന് സ്വയം ചിന്തിച്ചു വിലയിരുത്തുക.
ചിന്തക്ക് : 'ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു. നിന്നിലും ഉണ്ടെന്നു ഞാൻ ഉറച്ചിരിക്കുന്നു. അതുകൊണ്ട് എന്റെ കൈവയ്പിനാൽ നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം ജ്വലിപ്പിക്കേണം എന്നു നിന്നെ ഓർമപ്പെടുത്തുന്നു. ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നത്' (2 തിമൊഥെയൊസ് 1 : 5...7)
Advertisement
Advertisement