അസ്ഥി ഉരുക്കുന്ന അസൂയ

അസ്ഥി ഉരുക്കുന്ന അസൂയ

റവ.ജോർജ് മാത്യു പുതുപ്പള്ളി

രെങ്കിലും ഉയർന്നു കാണുമ്പോൾ ചിലർക്ക് അതിൽ അസൂയ തോന്നുന്നു. നമുക്ക് ആ ഉയർച്ചകൊണ്ട് യാതൊരു ദോഷവും ഉണ്ടാകുന്നില്ലെങ്കിലും മനസിന് എന്തോ ഒരു വല്ലായ്മ. ആലോചിച്ചു നോക്കിയാൽ അത് നിരർത്ഥകമായ ഒരു തോന്നലാണെന്ന് മനസിലായാൽപ്പോലും ആ വ്യക്തിയോട് ഒരു പരുഷഭാവം. ചിലപ്പോൾ ആ പരുഷഭാവം കുറേക്കൂടി മൂത്ത് പകയായിത്തീരും. പിന്നെ ആ വ്യക്തിയെ എവിടെ തരംകിട്ടിയാലും ഒന്നു താഴ്ത്തിക്കെട്ടാൻ തക്കം നോക്കുകയായി. ഈ രോഗം ഉള്ളിൽ കിടന്നു നീറും. ഈ നീറ്റൽ മനസിനെ മഥിക്കുകയും ശരീരത്തെ ശോഷിപ്പിക്കുകയും ആത്മീയചിന്തയുടെ വേരറുക്കുകയും ചെയ്തു കഴിയുമ്പോൾ ആ വ്യക്തി ശത്രുതയുടെ മൂർത്തിഭാവമായി മാറും. ഒടുവിൽ ഇത് ബൂമറാങ് പോലെ തിരിച്ചടിച്ച് നമുക്കുതന്നെ ആപൽക്കരമായി ഭവിക്കുന്നു. മറ്റെ വ്യക്തി ദൈവകൃപയുള്ളവനാണെങ്കിൽ അദ്ദേഹത്തിന് ഒരു കുഴപ്പവും സംഭവിക്കുകയുമില്ല.

അന്യരുടെ ഉയർച്ചയിൽ സന്തോഷിക്കുന്നവർക്ക് സംതൃപ്തിയുണ്ട്, സന്തോഷമുണ്ട്, അതിനാൽ ദീർഘായുസുമുണ്ട്. നേരെ മറിച്ച് അസൂയാലുക്കളായവരുടെ സ്ഥിതിയോ ? തിരുവചനത്തിൽ ഇതിന് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. കയീനും ഹാബേലും, ദാവീദും ശൗലും, ആദമും ഹവ്വയും... അങ്ങനെ നീണ്ടുപോകുന്നു പട്ടിക.കയീന്റെ അസൂയ മൂർത്തീഭവിച്ച് അത് പൈശാചികമായപ്പോൾ ഹാബേൽ അതിക്രൂരമായി കൊല്ലപ്പെട്ടു. ആദമിന്റെയും ഹവ്വയുടെയും സന്തുഷ്ട ജീവിതത്തിൽ ഇടംകോലിടുവാൻ അസൂയാലുവായ സാത്താൻ ഉപായം പ്രയോഗിച്ചു. ഫലമോ ? സാത്താൻ കൂടുതൽ ശാപഗ്രസ്തനായി മാറ്റപ്പെട്ടു.

ദാവീദ് ഗൊല്യാത്തിനെ വധിച്ചതിൽ ശൗലിനു കടുത്ത അസൂയയുണ്ടായി. തനിക്കും തന്റെ പടനായകന്മാർക്കും ചെയ്യാൻ കഴിയാതിരുന്ന ഒരു കാര്യം ഇടയബാലനായ ദാവീദ് ചെയ്തത് ശൗനു സഹിക്കുവാൻ സാധിച്ചില്ല. യിസ്രായേൽ ജനം ദാവീദിനു ജയജയ കൂടി പാടിക്കേട്ടപ്പോൾ ശൗലിന്റെ അസൂയ ആളിക്കത്തി. തന്നെ ഫെലിസ്ത്യരുടെ കയ്യിൽനിന്നും രക്ഷിച്ച വീരശൂരപരാക്രമിയും സ്വന്തം മരുമകനുമായ ദാവീദ് ഇങ്ങനെ ശൗലിന്റെ പരമശത്രുവായി. തന്റെ മരുമകന്റെ ഉയർച്ചയിൽ സന്തോഷിക്കേണ്ട ശൗലിന്റെ ഹൃദയം അസൂയയിൽ പുകഞ്ഞു നീറി. പല രീതിയിലും ശൗൽ ദാവീദിനെ വക വരുത്തുവാൻ നോക്കി. ദൈവം ദാവീദിന്റെ കൂടെയുണ്ടായിരുന്നതിനാൽ അനർത്ഥമൊന്നും സംഭവിച്ചില്ല. ഒടുവിൽ അതൊക്കെയും ശൗലിന് മാനഹാനിക്കും സിംഹാസനനഷ്ടത്തിനും നിത്യനാശത്തിനും ക്രൂരമരണത്തിനും കാരണമായിത്തീർന്നു. ആകയാൽ ആരോടും അസൂയപ്പെടാതെ അപരന്റെ ഉയർച്ചയിൽ ആനന്ദിക്കുന്നവരായി നമുക്കും മാറാം.

ചിന്തക്ക് : 'ഞാൻ നിങ്ങളെക്കുറിച്ച് ദൈവത്തിന്റെ എരിവോടെ എരിയുന്നു. ഞാൻ ക്രിസ്തു എന്ന ഏക പുരുഷനു നിങ്ങളെ നിർമലകന്യകയായി ഏൽപിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. എന്നാൽ സർപ്പം ഹവ്വായെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ് ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു' (2 കൊരിന്ത്യർ 11 : 2 & 3).