നൊടിനേരത്തേക്കുള്ള ലഘുസങ്കടം

നൊടിനേരത്തേക്കുള്ള ലഘുസങ്കടം

റവ.ജോർജ് മാത്യു പുതുപ്പള്ളി

സാമുവൽ മോറിസ് ആഫ്രിക്കയിൽ നിന്ന് കപ്പൽ കയറി അഞ്ചു മാസങ്ങൾക്കു ശേഷമാണ് ന്യൂയോർക്കിൽ എത്തിച്ചേർന്നത്. ഇതിനിടയിൽ പല വിധത്തിലുള്ള ദു:ഖങ്ങളും പ്രതികൂലങ്ങളും മോറിസിന് അനുഭവിക്കേണ്ടിതായി വന്നു. തന്നോടുകൂടെ യാത്ര ചെയ്തിരുന്ന പലരും കൊലചെയ്യപ്പെട്ടു. അവരുടെ മൃതശരീരങ്ങൾ കടലിലേക്കു വലിച്ചെറിയുന്നതു കണ്ടപ്പോൾ സാമുവൽ കണ്ണീരൊഴുക്കി. അടിപിടിയും ലഹളകളും ഇതിനിടയിൽ പല തവണ നടന്നു. മോറിസിനെ കൊല്ലുവാൻ ശ്രമിച്ചവരും ഉണ്ടായിരുന്നു. ഭക്ഷണം കിട്ടാത്ത സന്ദർഭങ്ങളും നിരവധിയായിരുന്നു.

ന്യൂയോർക്ക് തുറമുഖം മോറിസിന്റെ ദൃഷ്ടിയിൽ പെട്ടപ്പോൾ അദ്ദേഹം അത്യധികം സന്തോഷിച്ചു. തനിക്കു നേരിട്ട കഠിനാദ്ധ്വാനവും കഷ്ടപ്പാടുകളും പാടെ മറന്നു. കപ്പലിൽ ഉണ്ടായിരുന്നവർ തനിക്ക് നല്ലൊരു യാത്രയയപ്പാണ് നൽകിയത്. മോറിസിന് ഷൂസും സ്യൂട്ടും അവർ വാങ്ങിക്കൊടുത്തു. മോറിസിനെ കൊല്ലുവാൻ ശ്രമിച്ച ആഫ്രിക്കക്കാരനും അദ്ദേഹത്തോട് ക്ഷമ ചോദിച്ചു.

സമൃദ്ധമായ ഒരു ജീവിതത്തെ ലക്ഷ്യമാക്കി മുന്നോട്ടുപോകുന്നവർക്ക് അവരുടെ ജീവിതത്തിന്റെ ഇടവേളകളിൽ പട്ടിണി കിടക്കേണ്ടി വന്നാൽ അതൊരിക്കലും അവരിൽ നിരാശയുളവാക്കുകയില്ല. സന്തോഷത്തിന്റെ തീരത്തേക്കു യാത്ര ചെയ്യുന്നവർക്ക് അവരുടെ യാത്രക്കിടയിൽ വന്നു ചേരുന്ന ദുഖത്തിന്റെ അവസ്ഥകൾ അവരെ ഒരിക്കലും താളടിയാക്കുകയില്ല. പ്രതികൂലങ്ങൾ ഇല്ലാത്ത ഒരു അവസ്ഥയെ പ്രത്യാശയോടെ നോക്കി കാലടികൾ വയ്ക്കുന്നവർക്ക് പ്രതികൂലങ്ങൾ ഉണ്ടാകുമ്പോൾ അത് അവരെ പിന്തിരിപ്പിക്കുകയില്ല.

അവർ എത്തിച്ചേരുവാൻ പോകുന്ന തീരത്ത് സന്തോഷവും സമൃദ്ധിയും അനുകൂലസാഹചര്യങ്ങളും അവരെ നോക്കി മാടിവിളിക്കുന്നു എന്നതാണ് അവരിൽ പ്രത്യാശയുളവാക്കിത്തീ ർക്കുന്ന മുഖ്യ ഘടകം. നിത്യകാലം അനുഭവിക്കുവാൻ പോകുന്ന ആനന്ദത്തിന്റെ അവസ്ഥയിൽ താൽക്കാലികമായി ഉണ്ടാകുന്ന ദുർഘടഘട്ടങ്ങൾ വളരെ ലഘുവായി തോന്നാൻ അവരെ പ്രേരിപ്പിക്കും.

പൗലൊസ് അപ്പൊസ്തലൻ താൻ ശരീരത്തിലിരിക്കുമ്പോൾ 'ഭാരപ്പെട്ട് ഞരങ്ങുന്നു' എന്നു പറഞ്ഞിരിക്കുന്നതിന്റെ അർത്ഥം ക്രിസ്തീയ ജീവിതത്തിൽ താൻ അനുഭവിക്കേണ്ടി വന്ന കഷ്ടങ്ങളും പ്രതികൂലങ്ങളും കണക്കിലെടുത്തു കൊണ്ടാണ്. ഇത്രമാത്രം കഷ്ടങ്ങൾ സഹിക്കേണ്ടതായി വന്നത് സ്വർഗീയമായ ഒരു കൂടാരത്തെ മുന്നിൽ കണ്ടതു കൊണ്ടായിരുന്നു. ആകയാൽ തനിക്കു നേരിട്ട എല്ലാ പീഡകളെയും പൗലൊസ് കണ്ടത് നൊടിനേരത്തേക്കുള്ള ലഘുവായ കഷ്ടങ്ങളായി മാത്രമാണ്. നമ്മുടെയും മനോഭാവം അപ്രകാരമായിരിക്കട്ടെ.

ചിന്തക്ക് : 'എന്നാൽ നിങ്ങൾ പ്രകാശനം ലഭിച്ചശേഷം നിന്ദകളാലും പീഡകളാലും കൂത്തുകാഴ്ചയായി ഭവിച്ചും ആ വക അനുഭവിക്കുന്നവർക്ക് കൂട്ടാളികളായിത്തീർന്നും ഇങ്ങനെ കഷ്ടങ്ങളാൽ വളരെ പോരാട്ടം കഴിച്ച പൂർവകാലം ഓർത്തുകൊൾവിൻ. തടവുകാരോടു നിങ്ങൾ സഹതാപം കാണിച്ചതല്ലാതെ സ്വർഗത്തിൽ നിലനിൽക്കുന്ന ഉത്തമസമ്പത്ത് നിങ്ങൾക്ക് ഉണ്ട് എന്നറിഞ്ഞു സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചുവല്ലോ. അതുകൊണ്ടു മഹാ പ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുത്' (എബ്രായർ 11 : 32...35).