പരിഹാസം , അതു നിന്ദാവഹം

0
1114
 പരിഹാസം , അതു നിന്ദാവഹം
സി.വി.മാത്യു
റ്റുള്ളവരെ പരിഹസിക്കുക ചിലര്‍ക്കൊരു വിനോദമാണ്. ഇതിന്‍റെ തിക്തഫലങ്ങളെയോ, പ്രത്യാഘാതങ്ങളെയോ ഒന്നും ഓര്‍ക്കാതെ ചെറുതോ വലുതോ ആയ കാര്യങ്ങളില്‍ മറ്റുള്ളവരെ അപഹസിക്കുന്നതു പരിഹാസിയുടെ ലക്ഷണമാണ്. ചിലര്‍ വാക്കുകളില്‍ പരിഹസിക്കുമ്പോള്‍ മറ്റുചിലരാകട്ടെ ചേഷ്ടകളാല്‍ ഈ പ്രവൃത്തി ചെയ്യുന്നു. അതു മറ്റുള്ളവരില്‍ അറപ്പും വെറുപ്പും ഉളവാക്കാനേ ഉപകരിക്കൂ. തന്‍റെ വാക്കുകളും ചേഷ്ടകളും കണ്ടു ചിരിക്കയോ അതില്‍ പങ്കുചേരുകയോ ചെയ്യുന്ന ചിലര്‍ സമീപെ കണ്ടേക്കാം. എന്നാല്‍, ശരിയായ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുന്നതു പ്രോത്സാഹിപ്പിക്കുന്നവരല്ല, താന്‍തന്നെയാണെന്നു പലപ്പോഴും ഇക്കൂട്ടര്‍ മറന്നുപോകുന്നു.
ലൗകികമനുഷ്യര്‍ മാത്രമല്ല, ആത്മികരെന്ന് അഭിമാനിക്കുന്നവര്‍വരെ പലപ്പോഴും മറ്റുള്ളവരെ നിന്ദിക്കുന്നതിലും പരിഹസിക്കുന്നതിലും ആനന്ദം കണ്ടെത്തുന്നവരാണ്. വ്യക്തിപരമായി സംസാരിക്കുന്നതിനു പുറമെ പൊതുയോഗങ്ങളില്‍പോലും ചിലപ്പോള്‍ ചിലര്‍ മറ്റുള്ളവരെ പരിഹസിക്കുന്നതു കേള്‍ക്കാറുണ്ട്. എത്ര നിന്ദാവഹമാണിത്. നേരിട്ടുപറയാനുള്ള ധൈര്യവും തന്‍റേടവും ഇല്ലാത്ത ചിലര്‍ പൊതുസ്ഥലത്തുവെച്ചും മറ്റും പരോക്ഷമായി പരിഹസിച്ചു വൈരാഗ്യംതീര്‍ക്കുന്നതായി കാണാറുണ്ട്. ദൈവം ഇഷ്ടപ്പെടുന്ന ഒന്നല്ല ഈ സ്വഭാവം എന്ന സത്യം ദൈവജനം വിസ്മരിച്ചുകൂടാ.
ദൈവവചനത്തില്‍ പരിഹാസികളെക്കുറിച്ചു പരാമര്‍ശങ്ങളുണ്ട്. അവര്‍ ദൈവത്താല്‍ പരിഹസിക്കപ്പെടുകയും മനുഷ്യരാല്‍ വെറുക്കപ്പെടുകയും ചെയ്യുന്നു എന്നു സദൃശ്യവാക്യം മുന്നറിയിപ്പുനല്‍കുന്നു. ഇവര്‍ വിശുദ്ധന്മാരാല്‍ പരിത്യജിക്ക പ്പെടുകയും ശാസന സ്വീകരിക്കാതെ സ്വയം നാശത്തിനു വിധേയരായി ത്തീരുകയും ചെയ്യുന്നു. സ്വയം നിന്ദയും വെറുപ്പും സമ്പാദിക്കു ന്നതിനു പുറമെ മറ്റുള്ളവരെയും ആപത്തില്‍ ചാടിക്കാനേ ഇതിനു കഴിയൂ.
ദൈവമക്കള്‍ ഈ ദുഷ്ടസ്വഭാവത്തിനെതിരെ ജാഗ്രതപുലര്‍ത്തി, സ്വന്തജീവിതത്തില്‍ ഇതിന്‍റെ ഒരംശമെങ്കിലും ഉണ്ടോ എന്നു പരിശോധിച്ച് അവ ദുരീകരിക്കേ ണ്ടതാണ്. നമ്മുടെ വാക്കുകളും സമീപനവും കാണുന്ന ആരെങ്കിലും നമ്മെ പരിഹാസിയെന്നു പറയാനിടയാകുമോ? ചിന്തിക്കുക. നമ്മുടെ വാക്കുകള്‍ ഉപ്പിനാല്‍ രുചിവരുത്തപ്പെട്ടവയാകട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here