യഥാർത്ഥ വിശ്രമം

0
667

ഇന്നത്തെ ചിന്തയ്ക്ക്:

യഥാർത്ഥ വിശ്രമം

സി.വി.മാത്യു 

പ്രവർത്തനനിരതരായ മനുഷ്യർക്കു വിശ്രമം അനിവാര്യമാണ്. എല്ലാ ജീവജാലങ്ങളും വിശ്രമം ആഗ്രഹിക്കുന്നു. വിശ്രമം മനുഷ്യരെയും മറ്റു ജീവികളെയും കൂടുതൽ ഊർജസ്വലമായ പ്രവർത്തനത്തിനു പ്രേരിപ്പിക്കുന്നു. വിശ്രമമില്ലാതെ തുടരെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒന്നും ദീർഘകാലം നിലനിൽക്കയില്ല. ശരിയായ വിശ്രമവും സംരക്ഷണവുമാണ് യന്ത്രസാമഗ്രികളെപ്പോലും ഉത്തമമായ പ്രവർത്തനത്തിനു സഹായിക്കുന്നത്.

പകൽ സമയം അധ്വാനിക്കുന്ന മനുഷ്യൻ രാത്രിയുടെ സ്വസ്ഥതയിൽ വിശ്രമിക്കുന്നു. മൃഗങ്ങളും പക്ഷികളുമെല്ലാം ബദ്ധപ്പാടിൽനിന്നും ഒഴിഞ്ഞ് ശാന്തമായി വിശ്രമിക്കുന്നതും കാണാം. ജീവനുള്ള ഏതു വസ്തുവിനും വിശ്രമം ആവശ്യമാണ്.

നാമെല്ലാം വിശ്രമിക്കുന്നവരാണ്. എന്നാൽ, നമ്മുടെ വിശ്രമം ഏതു തരത്തിലുള്ളതാണ്? മനസ്സിനും ശരീരത്തിനും ഒരു പോലെ വിശ്രമം നൽകാൻ നമുക്കു കഴിയുന്നുണ്ടോ? അതോ ശരീരം ഒരിടത്തു വിശ്രമിക്കുമ്പോഴും മനസ് ബസപ്പെട്ടുകൊണ്ടിരിക്കുകയാണോ? അങ്ങനെയെങ്കിൽ അതു ശരിയായ വിശ്രമമല്ല. അതു ആരോഗ്യകരവുമല്ല.

ദൈവമക്കൾക്കും വിശ്രമം അത്യാവശ്യമാണ്. വിശ്രമിക്കേണ്ട സമയത്തു നാം വിശ്രമിക്കണം. ചിലർ വിശ്രമത്തിനു അവസരമെടുക്കുന്നത് പ്രാർഥനാ സമയത്തും ആരാധനാവേളയിലുമൊക്കെയാണ്. അതു ശരിയല്ല. മനസ്സും ശരീരവും വിശ്രമിക്കേണ്ട അവസരമല്ല, ദൈവവുമായി കൂട്ടായ്മ അനുഭവിക്കേണ്ട ഇത്തരം സമയങ്ങൾ. ഇങ്ങനെയുള്ളവരാണു പലപ്പോഴും ആരാധനാവേളകളിൽ അലസരും ഉറക്കം തൂങ്ങുന്നവരുമായി കാണപ്പെടുന്നത്.

മറ്റു ചിലർ മനസ്സിന് ഒരിക്കലും വിശ്രമം കൊടുക്കാറില്ല. ശരീരം കട്ടിലിലോ, മനോഹരമായ കിടക്കയിലോ വിശ്രമിക്കുമ്പോഴും മനസ്സ് അസ്വസ്‌ഥമായിരിക്കും. ജീവിതഭാരങ്ങളാൽ അലയുന്ന സാധാരണ മനുഷ്യനു പലപ്പോഴും സ്വൈരമായ വിശ്രമത്തിന്നു കഴിഞ്ഞില്ലെന്നു വരാം. എന്നാൽ, കർത്താവിൽ ആശയിക്കയും അവനിൽ വസിക്കയും ചെയ്യുന്നവർക്കു മാത്രമേ ഇതിനു കഴിയൂ. വിശ്രമിക്കേണ്ട സമയത്ത് അസ്വസ്ഥമായ മനസ്സാണുള്ളതെങ്കിൽ അതിനുള്ള പരിഹാരം കർത്താവിൽ മാത്രമാണ്. നമ്മുടെ അനുഭവമെന്ത്‌?

LEAVE A REPLY

Please enter your comment!
Please enter your name here