സ്വന്തകുറ്റം കണ്ടെത്താതെ ദൈവത്തെ പഴിപറയുന്നവര്‍

0
1383
സ്വന്തകുറ്റം കണ്ടെത്താതെ ദൈവത്തെ പഴിപറയുന്നവർ
സി.വി.മാത്യു
ദൈവജനം എപ്പോഴും ദൈവത്തോട് അടുത്തിരിക്കയും ദൈവഹിതപ്രകാരം ജീവിക്കയും വേണം. ദൈവിക അനുഗ്രഹങ്ങളും നന്മകളും നാം എപ്പോഴും പ്രതീക്ഷിക്കുന്നു. എന്തെങ്കിലും രോഗമോ, കഷ്ടതയോ, പ്രയാസമോ വന്നാല്‍ ദൈവം എന്തുകൊണ്ട് എന്നോട് ഇപ്രകാരം ചെയ്തു എന്നു നാം ചോദിച്ചുപോകാറുണ്ട്. പലപ്പോഴും പരസ്യമായി ചോദിച്ചില്ലെങ്കില്‍ തന്നെ ഹൃദയത്തില്‍ ഈ ചിന്ത ഉയരുന്നത് സ്വാഭാവികമാണ്. എന്നാല്‍, ദൈവം നമ്മില്‍നിന്ന് അകലാന്‍ കാരണം നാം തന്നെയാണെന്നു മനസിലാക്കാന്‍ നമുക്കു പലപ്പോഴും കഴിയാറില്ല. ദൈവത്തെ കുറ്റംപറയുമ്പോഴും ദൈവത്തില്‍നിന്നു വളരെ അകന്നുനില്‍ക്കുന്നവരായിരിക്കും നാം. ആ സത്യം സമ്മതിക്കാതെ ദൈവത്തെ പഴിചാരുന്ന പ്രകൃതി നമ്മില്‍ പലര്‍ക്കുമുണ്ട്.
നാം ദൈവത്തോട് അടുക്കുക – ദൈവം നമ്മോടും അടുക്കും. പ്രശ്നങ്ങളെ ഓര്‍ത്തു പിറുപിറുക്കുകയല്ല, പ്രശ്നങ്ങള്‍ക്കു കാരണമായ കാര്യങ്ങള്‍ കണ്ടെത്തി അവയ്ക്ക് പരിഹാരം വരുത്തുകയാണ് നാം ആദ്യമായി ചെയ്യേണ്ടത്.
യിസ്രായേല്‍ ജനതയുടെ ചരിത്രം നമുക്കൊരു താക്കീതായി നിലകൊള്ളുന്നു. അവര്‍ ദൈവത്തില്‍നിന്ന് അകന്നപ്പോഴൊക്കെ ദൈവികസാമിപ്യം അവരില്‍നിന്ന് അകലുകയും അവരെ പരിശോധനയിലൂടെ കടത്തിവിടുകയും ചെയ്തു. അവര്‍ അനുതപിച്ചപ്പോള്‍ ദൈവം അവരെ സന്ദര്‍ശിക്കുകയും പരിഹാരം വരുത്തിക്കൊടുക്കുകയും ചെയ്തു.
ന്യായാധിപന്മാരുട പുസ്തകം ആറാം അധ്യായത്തില്‍ ദൈവം തിരഞ്ഞെടുത്ത ഗിദെയോനെ നാം കാണുന്നു. ‘പരാക്രമശാലിയേ’ എന്നു വിളിച്ചുകൊണ്ട് ദൈവദൂതന്‍  തന്നെ സമീപിച്ചു. ‘യഹോവ നമ്മോടുകൂടെയുണ്ട്’ എന്നുപറഞ്ഞ് ദൂതന്‍ അവനെ ധൈര്യപ്പെടുത്തുന്നു. ‘യഹോവ നമ്മോടുകൂടെയുണ്ടെങ്കില്‍ നമുക്ക് ഇതൊക്കെയും ഭവിക്കുന്നതെന്ത്?’ എന്നാണ് ഗിദെയോന്‍റെ മറുചോദ്യം. ‘യഹോവ നമ്മെ ഉപേക്ഷിച്ചു മിദ്യാന്‍റെ കൈയില്‍ ഏല്പിച്ചിരിക്കുന്നു’ എന്നാണ് ഗിദെയോന്‍ പറയുന്നത്. കുറ്റം യഹോവയുടെതാണത്രേ. ആറാം അധ്യായം ഒന്നാംവാക്യത്തിലെ യിസ്രായേലിന്‍റെ നില മനസിലാക്കാന്‍ ഗിദെയോനു കഴിയുന്നില്ല. ജനം പിന്നെയും യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തതാണ് ഈ സാഹചര്യത്തിനു കാരണം എന്ന സത്യം ഗിദെയോന്‍ മനസിലാക്കേണ്ടതായിരുന്നു.
സത്യം മനസിലാക്കാതെ നമ്മുടെ പിന്മാറ്റത്തെയും ദൈവനിയോഗത്തെയും പാപത്തെയുംകുറിച്ച് ബോധവാന്മാരാകാതെ എല്ലാറ്റിനും ദൈവത്തെ പഴിപറയുന്ന സ്വഭാവമാണോ നമുക്കുള്ളത്? പല പ്രശ്നങ്ങള്‍ക്കും കാരണം നാം തന്നെയായിരിക്കും. നാം നമ്മുടെ ഭാഗം ശരിയാക്കുക. ദൈവം അവിടുത്തെ ഭാഗവും ക്രമപ്പെടുത്തും. നമുക്കു നമ്മെത്തന്നെ കണ്ടെത്താം അതാണ് ആദ്യമായി ചെയ്യേണ്ടത്. 
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here