സമയത്തു ചെയ്യുക, നാളെ നമുക്കുള്ളതല്ല

0
1474

സമയത്തു ചെയ്യുക, നാളെ നമുക്കുള്ളതല്ല

സി. വി മാത്യു

നാളെ എന്നു നീട്ടി വയ്ക്കുന്ന പലതും നടക്കാതെ പോകുക സ്വാഭാവികമാണ്. അന്നന്നു ചെയ്യേണ്ട കാര്യങ്ങൾ അന്നന്നു തന്നേ ചെയ്തു തീർക്കാൻ നാം പരിചയിക്കേണ്ടതാണ്. എന്തെങ്കിലും സൗകര്യം പ്രതീക്ഷിച്ചായിരിക്കാം ഇന്ന കാര്യം നാളെ ചെയ്തു തീർക്കാം എന്നു നാം ചിന്തിക്കുന്നത്. എന്നാൽ എന്തെങ്കിലും ചെയ്യാൻ കർത്താവ് ഹൃദയത്തിൽ ഇന്നു പ്രേരണ നൽകുന്നെങ്കിൽ ഇന്നു തന്നെ ചെയ്തു തീർക്കുകയാണുത്തമം.

നാളത്തെ ദിവസം നമുക്കുള്ളതല്ല, ‘ഇപ്പോഴാകുന്നു രക്ഷാ ദിവസം, ഇപ്പോഴാകുന്നു സുപ്രസാദകാലം’ എന്നു നാം സാധാരണ പ്രസംഗിക്കാറുണ്ട്. മാനസാന്തരപ്പെടാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാറുണ്ട്. എന്നാൽ, ഇന്നു ചെയ്യേണ്ടത് ഇന്നു തന്നെ ചെയ്തു തീർക്കണം. നാളെ ഒരു പക്ഷേ അവസരം കിട്ടിയില്ലെന്നോ വൈകിപ്പോയെന്നോ വന്നേക്കാമെന്നു നാം പലപ്പോഴും വിസ്മരിച്ചു പോകുന്നു. സുവിശേഷം പറയാൻ അവസരം ലഭിച്ചിട്ടു പിന്നെയാകാം എന്നു കരുതി മാറ്റി വെച്ചിട്ട് പിന്നെ ഒരിക്കലും അവസരമില്ലാത്ത രീതിയിൽ ആ വ്യക്തി ലോകത്തിൽനിന്നു നീക്കപ്പെട്ടതിനെയോർത്തു വിഷമിക്കുന്ന പലരുടെയും അനുഭവങ്ങൾ നാം വായിച്ചിട്ടുണ്ട്. തക്ക സമയത്തു നൽകിയ ലഘുലേഖ ഒരു മനുഷ്യന്റെ വിലയേറിയ ജീവനെ മരണക്കെണിയിൽ നിന്നും നിത്യ നാശത്തിൽ നിന്നും വിടുവിച്ച അനുഭവങ്ങളും കേട്ടിട്ടുണ്ട്. ഇന്നു ചെയ്യേണ്ടത് ഇന്നും, ഇപ്പോൾ ചെയ്യേണ്ടത് ഇപ്പോൾ തന്നെയും ചെയ്യാൻ നാം പരിശീലിക്കേണ്ടതാവശ്യമാണ്‌.

ഗുഡ്ന്യൂസിൽ നിന്നും തത്സമയ വാർത്തകൾ ലഭിക്കാൻ വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:  http://bit.ly/2Q0oAUy

മറിയമാരുടെ ചരിത്രം ഇവിടെ സ്മരണീയമാണ്. ബേഥാന്യയിലെത്തിയ യേശുവിന്റെ പാദത്തിൽ വിലയേറിയ തൈലം പൂശി കർത്താവിന്റെ പ്രശംസ പിടിച്ചുപറ്റിയ മറിയയുടെ ചരിത്രം നമുക്കറിയാം. മെച്ചമായ അവസരത്തിനു വേണ്ടി കാത്തു നിൽക്കാതെ, നാളെയാകട്ടെ എന്നുകരുതി മാറ്റി വയ്ക്കാതെ അവൾക്കു ലഭിച്ച സമയത്ത് – അവൾ ആഗ്രഹിച്ചതു ചെയ്തു. യൂദാ ശക്തിയായി വിമർശിച്ചെങ്കിലും കർത്താവ് അവളെ പ്രശംസിച്ചു.

എന്നാൽ, മഗ്ദലക്കാരി മറിയയും യാക്കോബിന്റെ അമ്മ മറിയയും സുഗന്ധവർഗം വാങ്ങി ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ അതികാലത്തു തന്നെ കർത്താവിന്റെ കല്ലറയ്ക്കലെത്തി. പക്ഷേ, അവർ വാങ്ങി, ചുമന്നുകൊണ്ടുവന്ന സുഗന്ധവർഗം പൂശാൻ അവൾക്കു കഴിഞ്ഞില്ല. യേശുവിനോടു വളരെയേറെ അടുപ്പമുണ്ടായിരുന്ന മാന്യ വനിതകളായിരുന്നു ഇവർ. യേശു കൂടെയുണ്ടായിരുന്നപ്പോൾ വേണ്ടതു ചെയ്യാൻ അവർക്കു കഴിഞ്ഞില്ല. ഒടുവിൽ അവരുടെ ഒരുക്കം വ്യർഥമാകയും ചെയ്തു. എന്നാൽ, വളരെ ഒരുങ്ങാതിരുന്ന മറ്റെ മറിയയാകട്ടെ നിരാശയ്ക്കിട വരാതെ അവളുടെ കർത്തവ്യം നിറവേറ്റി.

ചെയ്യേണ്ടതു സമയത്തു ചെയ്യാതെ പിന്നീടു ദു:ഖിച്ചതുകൊണ്ടു ഫലമില്ലെന്നു ഈ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. കാര്യങ്ങൾ സമയത്തു ചെയ്യാൻ നാം ശ്രമിക്കാറുണ്ടോ? മാറ്റിവയ്ക്കലിനു പല കാരണങ്ങൾ പറയാനുണ്ടാകും. ജോലിത്തിരക്ക്, സമയക്കുറവ് ഇങ്ങനെ പലതും. ആർക്കും ദിവസത്തിൽ 24 മണിക്കൂറിൽ കൂടുതലില്ല. മാറ്റി വയ്ക്കുന്നതു അടുത്ത ദിവസത്തെ തിരക്കു വർധിപ്പിക്കാനേ ഉപകരിക്കൂ. ഇന്ന്, ഇന്ന് – ഇന്നാണു നമുക്കുള്ളത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here