കർത്താവിനോടുകൂടെ നടക്കുന്നവരാകാം
റവ. ജോർജ് മാത്യു പുതുപ്പള്ളി
ഭയം മനുഷ്യനെ പല രീതിയിൽ ബാധിക്കുന്നു. മനുഷ്യനെ പീഡിപ്പിക്കുന്ന പല തരത്തിലുള്ള ഭയങ്ങളുണ്ട്. ഭാവിയെക്കുറിച്ചുള്ള ഭയം, മരണത്തെക്കുറിച്ചുള്ള ഭയം, ജോലിയെക്കുറിച്ചുള്ള ഭയം, തോൽവിയെക്കുറിച്ചുള്ള ഭയം എന്നൊക്കെ പറയുന്നത് യാഥാർത്ഥ്യമെന്നു തോന്നുന്ന ചില തെറ്റായ സംഗതികളാണ്. മിക്ക ഭയങ്ങളും വെറും സങ്കൽപ്പങ്ങൾ മാത്രമാണ്. ഭയത്തിന് ദണ്ഡനം ഉള്ളതിനാൽ അതു നമ്മുടെ സന്തോഷവും സമാധാനവും കെടുത്തുന്നു. തെറ്റായ തീരുമാനം എടുക്കുന്നതിന് നമ്മെ പ്രേരിപ്പിക്കുകയും പൂർണമായ കഴിവിൽ എത്തുന്നതിന് തടസം നിൽക്കുകയും ചെയ്യുന്നു.
ഭയത്തെ നമ്മിൽനിന്ന് അകറ്റാത്തിടത്തോളം കാലം അതിന്റെ ഭയാനകത നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. നമുക്ക് എന്തു ചെയ്യുവാൻ സാധിക്കും, എന്തു സാധിക്കുകയില്ല ഇതൊക്കെ നിയന്ത്രിക്കുന്നത് ഭയാശങ്കകൾ ആയിരിക്കും. വിശ്വാസം ഉളവാകുന്നത് ദൈവശബ്ദത്തിന്റെ അടിസ്ഥാനത്തിലാണ്. ആയതിനാൽ വിശ്വാസത്താൽ ഭീരുത്വത്തിന്റെ ആത്മാവിൽനിന്നു നാം ഓടിയകലണം. ശത്രുവിന്റെ തോൽവിയടഞ്ഞ നിയന്ത്രണങ്ങൾ നമ്മിൽ അടിച്ചേല്പിക്കുമ്പോഴാണ് നാം പരാജയപ്പെടുന്നത്. പിശാചിന് ഒരു ദൈവപൈതലിനെ ഒരിക്കലും പരാജയപ്പെടുത്തുവാൻ സാധിക്കുകയില്ല.
ഉത്തരവാദിത്വത്തിൽ നിന്നു നമ്മെ പിന്തിരിപ്പിക്കുവാനുള്ള സാത്താന്റെ കാഹളശബ്ദമത്രേ ഭയം. സാത്താൻ ഈ കാഹളം ഊതുമ്പോൾ ഒരുവൻ തന്റെ ഉത്തരവാദിത്വത്തിൽ നിന്നും ധൈര്യഹീനനായി പലായനം ചെയ്യുന്നു. കൂടുതലും യുവതീയുവാക്കൾ ഈ ഭീരുത്വത്തിന് അടിമകളായിരിക്കുന്നു. ഭയത്തിന്റെ കാഹളം കേൾക്കുന്നവരെല്ലാം പരാജയഭീതിയിൽ നിസംഗരായി കഴിയുന്നു. നമ്മെക്കാൾ ശക്തനായ ഒരുവന്റെ സാന്നിദ്ധ്യം ജീവിതയാത്രയിൽ നമ്മെ ഭയരഹിതരാക്കിത്തീർക്കും. ദൈവസാന്നിദ്ധ്യ സന്ദേശം ഭയം നമ്മിൽനിന്നും ഓടിയകലുവാൻ വളരെയധികം സഹായിക്കുന്നു.
ഭയത്തിനും വിശ്വാസത്തിനും ഒരുമിച്ചു വാഴാൻ സാധിക്കുകയില്ല. ഭയത്തെ അതിജീവിക്കുവാൻ നാം വിശ്വാസത്താൽ ഹൃദയത്തെ നിറയ്ക്കണം. നമ്മോടുകൂടെ വലിയവനായ ദൈവം ഉള്ളപ്പോൾ ഭയത്തെ നാം എന്തിനു പേടിക്കണം ? ഓടിയൊളിക്കുന്നവരായിട്ടല്ല, ഭയത്തിനു മുമ്പിൽ ഉറച്ചു നിൽക്കുന്നവരായിരിക്കണം ദൈവമക്കൾ. ഇന്നലെകളുടെ നിരാശയിലും നാളെകളുടെ ഭീതിയിലുമാണ് അനേക വിശ്വാസികളും ജീവിക്കുന്നത്. 'ഓരോ ദിവസവും കർത്താവിനോടു കൂടെ നടക്കുക' എന്നതായിരിക്കട്ടെ നമ്മുടെ ജീവിതപ്രമാണം. യേശുകർത്താവിന്റെ തിരുമുഖത്തേക്ക് സദാനേരവും കണ്ണുനട്ടിരുന്നാൽ നമ്മുടെ ജീവിതയാത്ര ലക്ഷ്യം തെറ്റാതെ ശുഭതുറമുഖതീരമണയുക തന്നെ ചെയ്യും.
ചിന്തക്ക് : 'യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽ നിന്നുള്ളതല്ല. അത് എതിർക്രിസ്തുവിന്റെ ആത്മാവ് തന്നെ. അതു വരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. അത് ഇപ്പോൾ തന്നെ ലോകത്തിൽ ഉണ്ട്. കുഞ്ഞുങ്ങളേ, നിങ്ങൾ ദൈവത്തിൽ നിന്നുള്ളവർ ആകുന്നു. അവരെ ജയിച്ചുമിരിക്കുന്നു. നിങ്ങളിലുള്ളവൻ ലോകത്തിൽ ഉള്ളവനെക്കാൾ വലിയവനല്ലോ' (1 യോഹന്നാൻ 4 : 3 & 4).