പരിജ്ഞാനവരം വാഞ്ചിക്കാം

പരിജ്ഞാനവരം വാഞ്ചിക്കാം

റവ.ജോർജ് മാത്യു പുതുപ്പള്ളി

ഒരു മാതാവ് തന്റെ രണ്ട് ആൺകുഞ്ഞുങ്ങളുമായി ഒരു ഭവനത്തിൽ പാർക്കുകയായിരുന്നു. ഒരവധി ദിവസം ഉച്ചകഴിഞ്ഞ് മാതാവ് വിശ്രമിക്കുന്നതിനായി തന്റെ മുറിയിലേക്കു പോയി. ഇളയ മകൻ വീട്ടുവാതിൽക്കൽ നിന്ന് വെളിയിലേക്കു നോക്കി പലതും ആസ്വദിച്ചുകൊണ്ട് നിന്നിരുന്നു. ഈ സമയം അകത്തേക്കു നോക്കിയപ്പോൾ തന്റെ മൂത്ത സഹോദരൻ പാഠപുസ്തകങ്ങളും വസ്ത്രങ്ങളും ഒരു സഞ്ചിയിൽ പെറുക്കിയിട്ട് ശബ്ദം ഉണ്ടാക്കാതെ കാലിന്റെ പെരുവിരലിന്മേൽ നടന്ന് മുൻവശത്തെ വാതിലിലൂടെ വെളിയിലേക്ക് ഓടിമറയുന്നതു കണ്ടു. അനുജന് ഈ കാഴ്ച കണ്ടപ്പോൾ ഏറെ ദു:ഖമുണ്ടായി.

അവൻ ഇങ്ങനെ ചിന്തിച്ചു : 'എങ്കിലും ചേട്ടൻ മമ്മിയോട്‌ ഇങ്ങനെ ചെയ്തല്ലോ ? മമ്മി ഇതറിഞ്ഞാൽ എങ്ങനെ സഹിക്കും ? വീടുവിട്ട് ഒളിച്ചോടിപ്പോകുവാൻ തക്കവണ്ണം ഞാനും മമ്മിയും ചേട്ടനോട് എന്തു തെറ്റാണു ചെയ്തത് ? ദൈവമേ, എന്റെ ചേട്ടനെ തിരികെ വരുത്തണമേ.' ആ പിഞ്ചുഹൃദയം നൊമ്പരപ്പെടുവാൻ തുടങ്ങി. കണ്ണിൽനിന്നും കണ്ണീർക്കണങ്ങൾ ധാരധാരയായി ഒലിച്ചിറങ്ങി. മമ്മി എന്തിയേ എന്നു നോക്കുവാനായി അവൻ അമ്മയുടെ മുറിയിലേക്കു കയറി. മകന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീർക്കണങ്ങൾ കണ്ട് അമ്മ ആകാംക്ഷാഭരിതയായി. അവർ കാര്യം അന്വേഷിച്ചപ്പോൾ അവൻ നടന്നതൊക്കെ വിസ്തരിച്ചു പറഞ്ഞു.

അമ്മ അവനെ അടുത്തുചേർത്തു പിടിച്ച് ഇപ്രകാരം പറഞ്ഞു : പൊന്നുമോനേ, നിന്റെ ചേട്ടൻ എന്നോട് അനുവാദം ചോദിച്ചിട്ട് കൂട്ടുകാരന്റെ വീട്ടിൽ പഠിക്കുവാൻ പോയതാണ്. എന്റെ ഉറക്കം ശല്യപ്പെടുത്താതിരിക്കുവാനാണ് അവൻ ശബ്ദം ഉണ്ടാക്കാതെ പെരുവിരലിൽ നടന്നു നീങ്ങിയത്. നീ നോക്കിയപ്പോൾ അതെല്ലാം മറ്റൊരു ചിത്രമായിട്ടാണ് കണ്ടത്.' ഇതുപോലെയാണ് നാമും പലപ്പോഴും മറ്റുള്ളവരുടെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നത്

ദൈവത്തോടു ചേർന്നു നടന്നാൽ കാര്യങ്ങൾ വ്യക്തമായി കാണുവാൻ നമുക്കു കഴിയും. പിശാച് മറയിട്ടുകൊണ്ടാണ് നമ്മെക്കൊണ്ട് കാര്യങ്ങൾ വീക്ഷിപ്പിക്കുന്നത്. യേശുകർത്താവിനെ ഭക്ഷണത്തിനു ക്ഷണിച്ച പരീശൻ പട്ടണത്തിലെ പാപിനിയായ സ്ത്രീയെ അവജ്ഞയോടെ വീക്ഷിക്കുകയും യേശുവിനെ ഉള്ളിൽ നിശിതമായി വിമർശിക്കുകയും ചെയ്തു. കർത്താവ് അവരുടെ ഹൃദയവിചാരങ്ങളെ വ്യക്തമായി ഗ്രഹിക്കുകയും സന്ദർഭം പാഴാക്കാതെ ചില ആത്മീയ മർമങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു (ലൂക്കൊസ് 7 : 36...50). ദൈവത്തിന്റെ മനോഭാവം അവരെ അറിയിച്ചു. നമുക്കും ദൈവത്തോടു ചേർന്നു നടന്ന് കാര്യങ്ങൾ ഗ്രഹിക്കേണ്ടതു പോലെ ഗ്രഹിക്കുന്നവരാകാം.

ചിന്തക്ക് : 'ഹാനോക്കിന്റെ ആയുഷ്കാലം ആകെ മുന്നൂറ്ററുപത്തഞ്ചു സംവത്സരമായിരുന്നു. ഹാനോക് ദൈവത്തോടു കൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി' (ഉൽപത്തി 5 : 23 & 24).