അധരപ്രധാനമോ ഹൃദയപ്രധാനമോ ?

റവ. ജോർജ് മാത്യു പുതുപ്പള്ളി
നമ്മുടെ കർത്താവിന്റെ പ്രേക്ഷിതയാത്രയിൽ തന്റെ വചനം കേൾക്കുവാൻ ഒത്തുകൂടുന്നവരോടൊപ്പം പരീശന്മാരെയും ശാസ്ത്രിമാരെയും പലയിടങ്ങളിലും കാണാം. യേശുവിൽ എങ്ങനെയെങ്കിലും കുറ്റം കണ്ടെത്തി കെണിയിൽ ചാടിക്കുക എന്നതായിരുന്നു ദുഷ്ടഹൃദയത്തിന് ഉടമകളായിരുന്ന അവരുടെ മുഖ്യലക്ഷ്യം. എന്നാൽ ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടികൾ നൽകി കർത്താവ് അവരെ എപ്പോഴും ലജ്ജിപ്പിക്കുകയും അവരുടെ വായ് അടപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.
പാരമ്പര്യങ്ങളെയും പൂർവാചാരങ്ങളെയും മുറുകെ പിടിച്ചിരുന്നവരായിരുന്നു പരീശന്മാരും ശാസ്ത്രിമാരും. യേശുവിന്റെ ശിഷ്യന്മാരിൽ ചിലർ പൂർവികരുടെ സമ്പ്രദായത്തിനു വിപരീതമായി കഴുകാത്ത കൈകൊണ്ട് ഭക്ഷണം കഴിച്ചു എന്നതായിരുന്നു ശിഷ്യന്മാരുടെ നേരെയുള്ള അവരുടെ മുഖ്യ ആരോപണം. ദൈവസന്നിധിയിൽ വിശുദ്ധിയോടെ ജീവിക്കുന്നവർക്കു നേരെ ആചാരപ്രധാനമായ മതത്തിന്റെ പ്രചാരകർ വിരൽ ചൂണ്ടുകയായിരുന്നു. ദൈവകല്പനയോടൊപ്പം മനുഷ്യർ കെട്ടിയുണ്ടാക്കിയ നിയമങ്ങൾക്ക് പ്രാധാന്യം നൽകിയിരുന്ന ഇക്കൂട്ടരുടെ ഹൃദയം മനുഷ്യനിർമിത മതാചാരങ്ങൾ നടപ്പിൽ വരുത്തുവാനുള്ള വ്യഗ്രതയിൽ ദൈവത്തിൽനിന്നും അകന്നു പോയിരുന്നു.
എന്നാൽ ഹൃദയങ്ങളെ പരിശോധിക്കുന്ന കർത്താവ് അവരുടെ അന്ത:രംഗം മനസിലാക്കുകയും അവരെ ന്യായം വിധിക്കുകയും ചെയ്യുന്നു. അകത്ത് ഇല്ലാത്തതു പുറമെ കാണിക്കുവാൻ ബദ്ധപ്പെടുന്ന അവരെ കർത്താവ് പ്രവാചകവാക്യങ്ങൾ ഓർമിപ്പിക്കുന്നു. 'ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു എങ്കിലും അവരുടെ ഹൃദയം എങ്കൽ നിന്നും ദൂരത്തകന്നിരിക്കുന്നു. മാനുഷിക കല്പനകളായ ഉപദേശങ്ങളെ അവർ ഉപദേശിക്കുന്നതുകൊണ്ട് എന്നെ വ്യർത്ഥമായി ഭജിക്കുന്നു.'
നമ്മുടെ ആരാധന അധരപ്രധാനമോ ഹൃദയപ്രധാനമോ ? അനുതാപമില്ലാത്ത ആരാധന, സ്നേഹമില്ലാത്ത കൂദാശാനുഭവം, ഹൃദയപരിവർത്തനം ഇല്ലാത്ത കാരുണ്യപ്രവൃത്തികൾ എന്നിവയായിരുന്നു യഹൂദമതത്തിന്റെ അപചയത്തിനു പ്രധാനമായും കാരണമായിത്തീർന്ന ഘടകങ്ങൾ. നമ്മുടെ സഭകളും അവയിൽ നിന്നു വ്യത്യസ്തമോ ? ഹൃദയംകൊണ്ട് ദൈവസന്നിധിയിൽനിന്നും അകന്നിരിക്കുമ്പോൾത്തന്നെ സ്തുതിയും സ്തോത്രവും ഹാലേലൂയ്യയും അന്യഭാഷയുമൊക്കെ പറയുവാൻ നമുക്കു സാധിക്കുന്നില്ലേ ? നമ്മുടെ ജീവിതത്തിലും ഉപദേശങ്ങളിലും മാറ്റമില്ലാത്ത ദൈവവചനങ്ങൾക്കാണോ അതോ ആചാരങ്ങൾക്കും സമ്പ്രദായങ്ങൾക്കുമാണോ നാം മുൻതൂക്കം കൊടുക്കുന്നത് ?
ചിന്തക്ക് : 'കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ, കഷ്ടം. നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ടു : ഞങ്ങൾ പിതാക്കന്മാരുടെ കാലത്ത് ഉണ്ടായിരുന്നു എങ്കിൽ പ്രവാചകന്മാരെ കൊല്ലുന്നതിൽ കൂട്ടാളികൾ ആകയില്ലായിരുന്നു എന്നു പറയുന്നു. അങ്ങനെ നിങ്ങൾ പ്രവാചകന്മാരെ കൊന്നവരുടെ മക്കൾ എന്നു നിങ്ങൾതന്നെ സാക്ഷ്യം പറയുന്നുവല്ലോ. പിതാക്കന്മാരുടെ അളവ് നിങ്ങൾ പൂരിച്ചുകൊൾവിൻ. പാമ്പുകളേ, സർപ്പസന്തതികളേ, നിങ്ങൾ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും ?' (മത്തായി : 23 : 29...33).