യഹോവ നല്ലവനെന്ന് രുചിച്ചറിയാം

റവ.ജോർജ് മാത്യു പുതുപ്പള്ളി
ജനുവരി മാസത്തെ ഒരു രാത്രിയിൽ മിനസോട്ടയിലുള്ള മിനിയാപ്പൊലിസ് എന്ന സ്ഥലത്ത് അധികഠിനമായ ശൈത്യം ഉണ്ടായി. നിലമെല്ലാം ഹിമത്താൽ മൂടപ്പെട്ടിരുന്നു. ലോവീസ് ജോൺസൺ എന്നു പേരുള്ള ഒരു യുവതി അവളുടെ കിടക്കയിൽ ചൂടുപറ്റി കിടക്കുകയായിരുന്നു. ഈ യുവതി തണുപ്പിന്റെ വിരസതയിൽ ഉന്മേഷരഹിതയായി കിടക്കയിൽത്തന്നെ കിടക്കുവാൻ ആഗ്രഹിച്ചില്ല. എന്തെന്നാൽ അവളുടെ ഹൃദയത്തിൽ ചൂടുപകരുന്ന വിശ്വാസമായിരുന്നു ഉണ്ടായിരുന്നത്. യേശുക്രിസ്തു അവളുടെ മനസിൽ പ്രകാശപൂരിതമായ ഒരു അവസ്ഥയായിരുന്നു ഉണ്ടാക്കിയിരുന്നത്. അതുകൊണ്ട് തണുപ്പോ, മഞ്ഞ് മൂടിയ അവസ്ഥയോ അവളുടെ മനസിനെ ബാധിച്ചിരുന്നില്ല. അവളുടെ മനസ് സൂര്യപ്രകാശത്തിന്റെ പ്രവാഹത്താൽ നിറഞ്ഞതായിരുന്നു.
യേശുക്രിസ്തു അവളുടെ ഉള്ളിലൂണർത്തിയ ഈ പ്രകാശധോരണിയിൽ അവളിൽനിന്ന് ഒരു ഗാനം പൊട്ടിപ്പുറപ്പെട്ടു. ഇംഗ്ളീഷിലുള്ള പ്രശസ്ത ഗാനത്തിന്റെ അർത്ഥം ഇപ്രകാരമാണ് : 'ഇത് എന്റെ ഹൃദയത്തിലെ ശരത്കാലമാണ്. ഇത് എന്റെ മനസിലെ ആഹ്ലാദകാലമാണ്. യേശുക്രിസ്തു എന്നെ രക്ഷിച്ചതു മുതൽ എനിക്കു പുതിയ ജീവിതം കൈവന്നു. തണുപ്പുകാലത്തുപോലും എന്റെയുള്ളിൽ ശരത്കാലമാണ്.'
കാലാവസ്ഥയുടെ മാറ്റം നമ്മുടെ ശരീരത്തെ ബാധിക്കുന്നതാണ്. ശരീരത്തെ ക്ഷീണിപ്പിക്കുകയും ഉന്മേഷമില്ലാതാക്കിത്തീർക്കുകയും ചെയ്യുന്ന ചില കാലാവസ്ഥകളുണ്ട്. കഠിനമായ ചൂടും തണുപ്പും ശരീരത്തെ തളർത്തുന്നതാണ്. ശരീരം തളർന്നാലും തളരാത്ത മനസ് നമുക്കുണ്ടെങ്കിൽ ശരീരത്തിന്റെ തളർച്ചയെ അതിജീവിക്കുവാൻ നമുക്കു കഴിയും. അപ്രകാരമൊരു മനസ് നമുക്കുണ്ടാകണമെങ്കിൽ അലൗകികമായ ഒരു ശക്തിയുടെ കിരണങ്ങൾ നമ്മുടെ മനസിനെ ഉന്മേഷമുള്ളതാക്കി തീർക്കേണ്ടതാണ്.
യഹോവ നല്ലവനെന്ന് തന്റെ അനുഭവത്തിലൂടെ മനസിലാക്കിയ ആസാഫിന്റെ ഉള്ളിലേക്ക് പുറമെയുള്ള ചില പ്രതികൂലാവസ്ഥകൾ കടന്നുകൂടി. തന്റെ മനസിൽ കുടികൊണ്ടിരുന്നു ദൈവത്തിന്റെ നന്മകളെ മറയ്ക്കുവാനും മറക്കുവാനും അതു കാരണമായിത്തീർന്നു. അതുകൊണ്ടാണ് ആസാഫിന് അഹങ്കാരികളോട് അസൂയ തോന്നിയത്. ഇത് തന്റെ മനസിനെ തളർത്തിക്കളയുന്ന ചിന്തയായിരുന്നു. ഇതിൽ നിന്ന് തന്റെ മനസിനെ വിമുക്തനാക്കുവാൻ ആസാഫ് ദൈവത്തെത്തന്നെ ശരണം പ്രാപിക്കുന്നതായി നാം വായിക്കുന്നു. 'ഒടുവിൽ ഞാൻ ദൈവത്തിന്റെ വിശുദ്ധ മന്ദിരത്തിൽ ചെന്നു' എന്നതാണ് ആസാഫിന്റെ മാനസിക തളർച്ച മാറ്റുന്നതിന് മുഖാന്തിരമായിത്തീർന്നത്.
ചിന്തക്ക് : 'സ്വർഗത്തിൽ എനിക്ക് ആരുള്ളൂ ? ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല. എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു. ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ പാറയും എന്റെ ഓഹരിയും ആകുന്നു. ഇതാ, നിന്നോട് അകന്നിരിക്കുന്നവർ നശിച്ചുപോകും. നിന്നെ വിട്ടു പരസംഗം ചെയ്യുന്ന എല്ലാവരെയും നീ സംഹരിക്കും. എന്നാൽ ദൈവത്തോട് അടുത്തിരിക്കുന്നത് എനിക്കു നല്ലത്. നിന്റെ സകല പ്രവൃത്തികളെയും വർണിക്കേണ്ടതിനു ഞാൻ യഹോവയായ കർത്താവിനെ എന്റെ സങ്കേതമാക്കിയിരിക്കുന്നു (സങ്കീർത്തനങ്ങൾ 73 : 25--28).