ക്രിസ്തുവിൽ വെളിച്ചം കണ്ടെത്തുന്നവരാകാം

റവ. ജോർജ് മാത്യു പുതുപ്പള്ളി
മഴയ്ക്കു മുമ്പെ എങ്ങനെയെങ്കിലും വീട്ടിലെത്തണമെന്ന ആഗ്രഹത്തോടെ ഒരു സഞ്ചാരി ഇരുളിലൂടെ ദുർഘടം നിറഞ്ഞ വഴിയിലൂടെ വേഗത്തിൽ നടക്കുകയായിരുന്നു. പൊടുന്നനവെ ആരോ തന്നെ വിളിക്കുന്നതായി അയാൾക്കു തോന്നി. ശ്രദ്ധിച്ചു നോക്കിയപ്പോൾ വഴിയരികിൽ അല്പം ദൂരെയായി ഒരു രൂപം നിൽക്കുന്നത് അദ്ദേഹം അവ്യക്തമായി കണ്ടു. അടുത്തെത്തിയപ്പോൾ മാത്രമാണ് അതൊരു കൊച്ചുപെൺകുട്ടിയായിരുന്നുവെന്ന് അയാൾക്കു മനസിലായത്.
'നീ ആരാണു കുട്ടീ ? എന്നെ വിളിച്ചതെന്തിനാണ് ?' ആ യാത്രക്കാരൻ ചോദിച്ചപ്പോൾ ഒരു നിമിഷം ആ കുട്ടി ഒന്നും ശബ്ദിക്കാതെ അയാളുടെ മിഴികളിലേക്ക് നോക്കി നിന്നു. ഒടുവിൽ ഇങ്ങനെ ചോദിച്ചു : 'അങ്കിൾ, സ്വർഗത്തിലേക്കു പോകുന്ന വഴി എനിക്കൊന്നു പറഞ്ഞു തരാമോ ?' നിഷ്കളങ്കത നിറഞ്ഞ ആ ചോദ്യം സഞ്ചാരിയെ അത്ഭുതപ്പെടുത്തി. വിസ്മയത്തോടെ അയാൾ കുട്ടിയെ അൽപനേരം നോക്കി നിന്നു. 'കുഞ്ഞേ, നീ എവിടെ നിന്നാണ് വരുന്നത് ? എന്തിനാണ് സ്വർഗത്തിലേക്കുള്ള വഴി അന്വേഷിക്കുന്നത് ?' അയാൾ തിരക്കി.
വാത്സല്യപൂർണ്ണമായ അദ്ദേഹത്തിന്റെ ചോദ്യം കേട്ടപ്പോൾ ആ പെൺകുട്ടി തുറന്നു പറഞ്ഞു : 'അങ്കിൾ, ഞാൻ കുറച്ചകലെ നിന്നു വരുന്നു. ഒരു അപകടത്തിൽപ്പെട്ട് എന്റെ പപ്പയും മമ്മിയും കഴിഞ്ഞ ദിവസം മരിച്ചുപോയി. മരണക്കിടക്കയിൽ വച്ച് എന്റെ പപ്പ പറഞ്ഞു : 'മോളേ, പപ്പ സ്വർഗത്തിലേക്കു പോകുകയാണ്. നീയും സ്വർഗത്തിലേക്കുള്ള വഴിയെ യാത്ര ചെയ്യുകയാണെങ്കിൽ നിനക്ക് എന്നെ സ്വർഗത്തിൽ വച്ചുകാണാം.'
ആ സഞ്ചാരിയുടെ ഹൃദയം ആർദ്രതയാൽ നിറഞ്ഞു. അനാഥയായ ആ കൊച്ചുപെൺകുട്ടിയെ അയാൾ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. അവളോട് ലോകത്തിന്റെ വെളിച്ചമായ യേശുവിനെക്കുറിച്ചു പറഞ്ഞു. സത്യവെളിച്ചമായ യേശുകർത്താവിനെ കണ്ടെത്തിയ പെൺകുട്ടി യേശുവിന്റെ പാതയിൽ നടക്കുകയും സ്വഗത്തിലേക്കുള്ള വഴിയെ യാത്ര ആരംഭിക്കുകയും ചെയ്തു.
ഈ കൊച്ചുപെൺകുട്ടിയുടെ ചോദ്യം വെറും ബാലിശമെന്നു തോന്നിയാലും ഇന്നത്തെ സമൂഹത്തിൽ ഈ പെൺകുട്ടിയെപ്പോലെ വഴിയറിയാതെ ഇരുളിൽ തപ്പിത്തടയുന്ന ഒരു വലിയ വിഭാഗം ജനങ്ങളുണ്ട്. ജീവിതത്തിന്റെ കറുത്ത യാമങ്ങളിൽ നിരാശയുടെ നിശബ്ദവേളകളിൽ സാത്താൻ ഒരുക്കുന്ന ചില കൗശലകെണികളിലാണ് അവരിൽ പലരും ചെന്നെത്തുന്നത്. മാത്രമല്ല ഈ കാലഘട്ടത്തിൽ എഴുന്നേറ്റിട്ടുള്ള പല ആധുനിക ഗുരുക്കന്മാരും തത്വചിന്തകന്മാരും ജനങ്ങളെ പ്രകാശത്തിന്റെ പേരുപറഞ്ഞ് കൂരിരുട്ടിലൂടെ കൊടുംനാശത്തിൽ കൊണ്ടെത്തിക്കുന്നു. ഇവിടെയാണ് മഹാദൈവമായ യേശുക്രിസ്തു ഒരുക്കിയ സൗജന്യരക്ഷാപദ്ധതിയുടെ പ്രസക്തി സ്ഥിതി ചെയ്യുന്നത്.
ചിന്തക്ക് : 'നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്, ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ. എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ട്, ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലമൊരുക്കിയാൽ ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിനു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും' (യോഹന്നാൻ 14 : 1...3).