സംശയചിന്തകൾ ദൂരെയെറിയാം

സംശയചിന്തകൾ ദൂരെയെറിയാം

റവ.ജോർജ് മാത്യു പുതുപ്പള്ളി

ഭയം മനുഷ്യനെ ബാധിച്ചിരിക്കുന്ന ഒരു വ്യാധിയാണ്. ഭയം മനുഷ്യന്റെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത്. ഭയത്തിന് പുറത്തു വരാനുള്ള അവസരം ഉണ്ടാകുമ്പോൾ അത് പുറമേ പ്രകടമാകുന്നു എന്നു മാത്രം. എന്നാൽ അതിന്റെ ഒളിവിടം മനുഷ്യന്റെ മനസാണ്. ഭയത്തിന് പല ശാഖകളുണ്ട്. ചിന്താകുലം അതിലൊന്നാണ്.

രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കൻ നേവിയിലെ എല്ലാ ഉദ്യോഗസ്ഥരും നീന്തൽ പഠിച്ചിരിക്കണമെന്നത് നിർബന്ധമായിരുന്നു. ഏതെങ്കിലും കാരണത്താൽ വെള്ളത്തിൽ അകപ്പെട്ടാൽ നീന്തി രക്ഷപ്പെടുന്നതിന് അതു മുഖാന്തിരമായിത്തീരും. അതുകൊണ്ട് നീന്തൽ പഠിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വളരെ ആഴമില്ലാത്ത ഒരു തടാകത്തിലാണ് നീന്തൽ പരിശീലിപ്പിച്ചിരുന്നത്.

അതിൽ വീണാൽ ആർക്കും അപായമൊന്നും ഉണ്ടാകാതെ കരയ്ക്കു കയറുവാനും സാധിക്കുമായിരുന്നു. എന്നിട്ടും വെള്ളത്തിലേക്ക് ഇറങ്ങുവാൻ പലരും ഭയപ്പെട്ടിരുന്നു. ചിലർ വെള്ളത്തിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. അപ്രകാരം വീണവർപോലും നീന്തൽ പഠിച്ചു. വളരെ ഭയത്തോടെയാണവർ വെള്ളത്തിൽ വീണതെങ്കിലും വീണു കഴിഞ്ഞ് അവർ നീന്തുവാൻ തുടങ്ങി.

വെള്ളത്തെ ഭയപ്പെട്ടു കരയിൽ നിൽക്കുന്ന ആർക്കും നീന്തൽ പഠിക്കുവാൻ കഴിയുകയില്ല. ഈ ഭയം മാറണമെങ്കിൽ വെള്ളത്തിൽ ചാടുകതന്നെ വേണം. വെള്ളത്തിൽ മുങ്ങിച്ചാകുമെന്ന് ഭയപ്പെടുന്നവർക്ക് നീന്തൽ പഠിക്കുവാൻ സാധ്യമല്ല. വെള്ളത്തെ ഭയപ്പെടുന്നവർക്ക് വെള്ളത്തെ കീഴടക്കുവാൻ സാധിക്കുന്നതല്ല. നാം ഭയപ്പെടുന്നതിനെ അതിജീവിക്കണമെങ്കിൽ അതുമായി നാം ബന്ധപ്പെടേണ്ടതുണ്ട്.

വെള്ളത്തിൽ മുങ്ങിച്ചാകുമെന്ന ഭയത്താൽ നാം വെള്ളത്തിൽ ഇറങ്ങാതെയിരുന്നാൽ ഈ ഭയം എന്നും നമ്മെ ഭയപ്പെടുത്തിക്കൊണ്ടിരിക്കും. എന്നാൽ വെള്ളത്തിൽ നാം ഇറങ്ങുകയും വെള്ളത്തിൽ മുങ്ങിപ്പോകാതെ നീന്തുവാൻ അഭ്യസിക്കുകയും ചെയ്‌താൽ വെള്ളത്തിൽ മുങ്ങിച്ചാകുമെന്ന ഭയം നമ്മിൽ നിന്ന് അകന്നു മാറുകയും ചെയ്യും.

ഭയം ഉള്ളിടത്ത് സംശയവും ഉണ്ടായിരിക്കും. തനിക്കു വെള്ളത്തിന്മീതെ നടക്കുവാൻ സാധിക്കുമോ എന്ന് പത്രൊസ് സംശയിച്ചിരിക്കും. ഭയവും സംശയവും ഉള്ളിൽ വച്ചുകൊണ്ട് യേശുകർത്താവിന്റെ വാക്കു പാലിക്കുവാൻ സാധിക്കുന്നതല്ല എന്ന് പത്രൊസിന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നു. ആരാണ് വെള്ളത്തിന്മീതെ നടക്കുവാൻ നമ്മോടു പറഞ്ഞതെന്ന വിശ്വാസം നമ്മുടെ ഭയത്തെയും സംശയത്തെയും തീർച്ചയായും അകറ്റുകതന്നെ ചെയ്യും.

ചിന്തക്ക് : 'രാത്രിയിലെ നാലാം യാമത്തിൽ യേശു കടലിന്മേൽ നടന്ന് അവരുടെ അടുക്കൽ വന്നു. അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ശിഷ്യന്മാർ ഭ്രമിച്ചു. അത് ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു. ഉടനെ യേശു അവരോട് : ധൈര്യപ്പെടുവിൻ, ഞാൻ ആകുന്നു, പേടിക്കേണ്ടാ എന്നു പറഞ്ഞു' (മത്തായി 14 : 25...28).