പുതുവർഷത്തിൽ യേശുവിന്റെ കൂടെ
റവ. ജോർജ് മാത്യു പുതുപ്പള്ളി
2025 ലേക്ക് പ്രവേശിച്ചിരിക്കുന്ന 'ഓൺലൈൻ ഗുഡ്ന്യൂസിന്റെ' എല്ലാ അനുവാചകർക്കും ക്രിസ്തുയേശുവിൽ സ്നേഹവന്ദനം. ഈ വർഷം ആദിയോടന്തം എല്ലാവർക്കും സന്തോഷവും സമാധാനവും നൽകി സർവശക്തനായ ദൈവം അനുഗ്രഹിക്കട്ടെ.
പ്രശസ്ത വേദശാസ്ത്രജ്ഞനായിരുന്ന ആൽബർട്ട് പീറ്റേഴ്സ് ഒരു സഭയിലെ പാസ്റ്റർ കൂടിയായിരുന്നു. അദ്ദേഹത്തിന്റെ സഭയിലെ ഭക്തനായ വിശ്വാസിയായിരുന്നു ഓൾഡ് പെറ്റെ. ഒരു സാധാരണക്കാരനായിരുന്നു പെറ്റെ. തന്റെ വിശ്വാസിയായ പെറ്റെക്കുറിച്ച് പാസ്റ്റർ ആൽബർട്ട് ഒരിക്കൽ പറഞ്ഞ സാക്ഷ്യം ഇപ്രകാരമാണ് :
'ഈ മനുഷ്യന് വലിയ വേദപുസ്തകജ്ഞാനമോ, പാണ്ഡിത്യമോ ഒന്നും ഉണ്ടായിരുന്നില്ല.എങ്കിലും യേശുക്രിസ്തുവിലുള്ള ഇദ്ദേഹത്തിന്റെ വിശ്വാസം അടിയുറച്ചതായിരുന്നു. ഒരിക്കൽ ഇദ്ദേഹത്തെ സന്ദർശിക്കുവാൻ ഞാൻ ഇദ്ദേഹത്തിന്റെ വീട്ടിലെത്തി. അപ്പോൾ ഇദ്ദേഹം എന്നോട് ഇങ്ങനെ പറഞ്ഞു : 'എന്നെ പിതാവായ ദൈവം നരകത്തിന്റെ വാതിൽക്കൽ കൊണ്ടുചെന്നിട്ട് അതിലേക്കു പ്രവേശിക്കുക എന്നു കല്പിച്ചാൽ ഞാൻ അതിലേക്കു കടക്കും. എന്നാൽ അപ്പോൾ ഞാൻ ദൈവത്തോടു പറയും : കർത്താവേ, അങ്ങയുടെ ഏകജാതനായ പുത്രനെക്കൂടി അവിടേക്ക് വിടേണമേ. കാരണം ഞാൻ അവനിലാണ് ജീവിക്കുന്നത്. അവനെക്കൂടാതൊരു ജീവിതം എനിക്കില്ല. യേശു എന്റെ കൂടെയുണ്ടെങ്കിൽ നരകം സ്വർഗമാകും.'
ദൈവം എവിടെയായിരിക്കുന്നുവോ അവിടമാണ് സ്വർഗം. ദൈവത്തോടു കൂടെയുള്ള വാസമാണ് 'നിത്യത' (Eternity) എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്.ദൈവത്തിലായിത്തീരുക എന്നാൽ ദൈവത്തിൽ ലയിച്ചു ചേരുക എന്ന ആശയമാണെന്നു വിശ്വസിക്കുന്നവരുണ്ട്. ഈ ആശയം ക്രിസ്തീയമല്ല. കാരണം ഈ ആശയത്തിൽ മനുഷ്യാത്മാക്കളുടെ വ്യക്തിത്വത്തിന് സ്ഥാനമൊന്നുമില്ല. ദൈവത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ സൃഷ്ടി മനുഷ്യനാണെന്ന് വിശുദ്ധ ബൈബിൾ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ഓരോ മനുഷ്യനും ദൈവത്തിന് ഏറെ പ്രിയപ്പെട്ടവനാണ്. ദൈവത്തോടു ചേർന്നുള്ള നിത്യവാസമാണ് മനുഷ്യജീവിതത്തിന്റെ പരമപ്രധാനമായ ലക്ഷ്യം തന്നെ. പിതാവായ ദൈവം ഉള്ളിടത്ത് പുത്രനും പരിശുദ്ധാത്മാവും ഉണ്ടായിരിക്കും. ആ കാര്യത്തിൽ ഒരു സംശയവുമില്ല.
യേശുകർത്താവിന്റെ ക്രൂശുമരണത്തോട് അനുബന്ധിച്ചുള്ള ഒരു ദിവസം യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞ വാക്കുകൾ യോഹന്നാൻ തന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു (യോഹന്നാൻ 14 : 1...11). യേശുക്രിസ്തു പറഞ്ഞത് തന്റെ കാതുകളിൽ കേട്ടതും മനസിൽ പതിഞ്ഞതുമായ സ്വർഗീയമർമ്മങ്ങളാണ്. കർത്താവിന്റെ ക്രൂശുമരണം തന്റെ ശിഷ്യന്മാരുടെ ഹൃദയത്തെ തകർക്കുമെന്ന് കർത്താവ് അറിഞ്ഞിരുന്നു. അതുകൊണ്ട് അവരെ ധൈര്യപ്പെടുത്തുന്നതിനുള്ള ഉൾപ്രേരണകൾ കർത്താവിന്റെ വാക്കുകളിൽ ഉണ്ടായിരുന്നു. മരണത്തിനു ശേഷവും നിത്യമായ ഒരു ജീവിതം നമുക്കുണ്ടെന്ന് കർത്താവ് അസന്നിഗ്ദമായി പ്രഖ്യാപിച്ചു. സ്വർഗത്തെ ദൈവത്തിന്റെ വാസസ്ഥലമായി കർത്താവ് വിശേഷിപ്പിച്ചു. നമുക്കുവേണ്ടി സ്വർഗത്തിൽ വാസസ്ഥലങ്ങൾ ഒരുക്കുവാൻ വേണ്ടിയാണ് താൻ പോകുന്നതെന്ന് കർത്താവ് ശിഷ്യന്മാരെ അറിയിച്ചു. വലിയ പ്രത്യാശ തിങ്ങിനിറഞ്ഞ വാക്കുകളാണ് കർത്താവ് അവർക്കു നൽകിയത്. ഭൂമിയിൽ പ്രത്യാശ നിറഞ്ഞ ഒരു വിശുദ്ധ ജീവിതം നയിക്കുവാൻ മഹാദൈവമായ യേശുകർത്താവിന്റെ വാക്കുകൾ നമ്മെയും ശക്തീകരിക്കട്ടെ.
ചിന്തക്ക് : 'നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്. ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ. എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ട്. ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിനു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും' യോഹന്നാൻ 14 : 1...3).