പ്രതികൂലത്തിൽ സുരക്ഷിതത്വം

പ്രതികൂലത്തിൽ സുരക്ഷിതത്വം

റവ. ജോർജ് മാത്യു പുതുപ്പള്ളി

ണ്ടാം ലോക മഹായുദ്ധകാലത്ത് യഹൂദന്മാരെയെല്ലാം കൊന്നുമുടിക്കുന്നതിലായിരുന്നു അഡോൾഫ് ഹിറ്റ്ലറിന്റെ ശ്രദ്ധ. ഈ അവസരത്തിൽ പോളണ്ടിലേക്കുള്ള തിരക്കു പിടിച്ച ഒരു തെരുവിൽ 'പാപാ' എന്നു പേരുള്ള ഒരു മനുഷ്യൻ പത്തു രഹസ്യതാവളങ്ങളുണ്ടാക്കി യഹൂദന്മാരെ സംരക്ഷിച്ചുപോന്നു. വീതി കുറഞ്ഞതും നീളത്തിലുള്ളതുമായ സ്ഥലമായിരുന്നു ഇതിന് ഉപയോഗിച്ചിരുന്നത്. പാപായുടെ മരുമകളായ 'കോറി' രഹസ്യപൊലീസ് വകുപ്പിൽ ജോലി ചെയ്തിരുന്നതിനാൽ അവിടെ ആരും അന്വേഷണത്തിനു എത്തിയിരുന്നില്ല.

ഇതിനിടയിൽ പാപാ യഹൂദന്മാരെ അനുകൂലിക്കുന്നെന്ന് പൊലീസിൽ ആരോ അറിവ് കൊടുത്തു. അങ്ങനെ പൊലിസ് പാപായെയും മരുമകളെയും പീഡനക്യാമ്പിലേക്ക്‌ അയക്കുകയും അവർ അവിടെവച്ച് മരിക്കുകയും ചെയ്തു. എന്നാൽ എട്ട് യഹൂദന്മാർ പാപാ ഉണ്ടാക്കിയ ഒളിവിടത്തിൽ കയറി മരിക്കാതെയിരുന്നു. ഈ സംഭവത്തിനുശേഷം അൻപതു വർഷം കഴിഞ്ഞിട്ടും ഈ സ്ഥലം കാണുവാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നും ധാരാളം പേർ അവിടെ വന്നുകൊണ്ടിരുന്നു.

ഏതു തരത്തിലുള്ള പ്രതികൂലങ്ങളുടെയും മദ്ധ്യത്തിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ് എക്കാലവും സുരക്ഷിതത്വം നൽകുവാൻ കഴിവുള്ളവനാണ്. ഏതു തരത്തിലുള്ള ഉപദ്രവങ്ങൾ ഉണ്ടായാലും ദൈവം അതിൽനിന്നു നമ്മെ വിടുവിക്കുന്നുവെങ്കിൽ ഈ ലോകശക്തികൾക്ക് നമ്മെ യാതൊന്നും ചെയ്യുവാൻ സാധിക്കുകയില്ല. ദൈവത്തിന്റെ ബലമുള്ള കരങ്ങളിൽനിന്നും യാതൊരു ശത്രുവിനും നമ്മെ പിടിച്ചുമാറ്റാനാകില്ല.

തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനം സുരക്ഷിതത്വത്തിന്റെ സങ്കീർത്തനമാണ്. അതുകൊണ്ട് അനേകർ സുരക്ഷിതത്വത്തിനായി ഈ സങ്കീർത്തനം വായിക്കാറുണ്ട്. എങ്കിലും ഈ സങ്കീർത്തനത്തിൽ അടങ്ങിയിരിക്കുന്ന ആത്മീയസന്ദേശത്തെ അവർ പൂർണ്ണമായി അനുഭവിക്കുന്നുവോ എന്നുള്ള കാര്യം സംശയമാണ്. ദൈവത്തിന്റെ കരുതലിൽ ആയിരിക്കുന്ന ദൈവജനത്തിന്റെ അനുഭവസാക്ഷ്യമാണ് ഒന്നാം വാക്യത്തിൽ കൊടുത്തിരിക്കുന്നത്. അങ്ങനെയുള്ളവർക്കാണ് ദൈവത്തെപ്പറ്റി ഈ സങ്കീർത്തനത്തിൽ പറയുന്നതു പോലെയുള്ള കാര്യങ്ങൾ പറയുവാൻ സാധിക്കുന്നത്.

അപ്രകാരള്ളവർക്കു മാത്രമേ ദൈവം എന്റെ സങ്കേതമെന്നും എന്റെ കോട്ടയെന്നും ഞാൻ ആശ്രയിക്കുന്ന ദൈവമെന്നും ആത്മാർത്ഥമായി പറയുവാനും അനുഭവിക്കുവാനും കഴിയുകയുള്ളൂ എന്നതാണ് പരമാർത്ഥം. ദൈവം ചെയ്യുന്ന വിടുതലിനെപ്പറ്റിയുള്ള ബോധം നഷ്ടമായിരിക്കുന്നവർക്ക് അപ്രകാരം പറയുവാനൊട്ടു സാധിക്കുകയുമില്ല. ആകയാൽ ദൈവം നമ്മെ സംരക്ഷിച്ച് നടത്തുന്ന വിധങ്ങൾ ഓർത്ത് ദൈവത്തെ സ്തുതിക്കാം. കഴിഞ്ഞകാല ജീവിതത്തിൽ അവിടുന്ന് നമുക്കായി ചെയ്ത നന്മകൾ ഓർത്ത് ദൈവത്തെ വാഴ്ത്താം.

ചിന്തക്ക് : 'അത്യുന്നതന്റെ മറവിൽ വസിക്കയും സർവശക്തന്റെ നിഴലിൻകീഴിൽ പാർക്കയും ചെയ്യുന്നവൻ യഹോവയെക്കുറിച്ച്‌ : അവൻ എന്റെ സാങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു. അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽനിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും. തന്റെ തൂവലുകൾകൊണ്ട് അവൻ നിന്നെ മറയ്ക്കും. അവന്റെ ചിറകിൻകീഴിൽ നീ ശരണം പ്രാപിക്കും. അവന്റെ വിശ്വസ്തത നിനക്ക് പരിചയും പലകയും ആകുന്നു' (സങ്കീർത്തനങ്ങൾ 91 : 1..4)

Advertisement