സകലവും നിവൃത്തിയായി
റവ. ജോർജ് മാത്യു പുതുപ്പള്ളി
ലോകചരിത്രത്തിൽ ഏറ്റവും വലിയ കറുത്ത ദിനമായി കരുതുന്നത് ഏതു ദിവസമാണെന്ന് ഒരുകൂട്ടം യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളോട് ഒരിക്കൽ ഡോ. ബില്ലി ഗ്രഹാം ചോദിച്ചു. 'കർത്താവായ യേശുക്രിസ്തുവിനെ കാൽവറിയിൽ ക്രൂശിച്ച ദിവസമാണെന്ന്' അവർ ഏകകണ്ഠമായി പറഞ്ഞു. അവരുടെ ഉത്തരത്തിന് മതിയായ കാരണങ്ങൾ ഉണ്ടായിരുന്നു. മാനവരാശിയുടെ മുഴുവൻ പാപങ്ങളും ഒന്നായിച്ചേർത്ത് പാപം അറിയാത്തവന്റെമേൽ വച്ചത് ആ ദിവസമാണ്. പർവതംപോലെ വലുതായിരുന്ന പാപത്തിന്റെ കൂമ്പാരം കത്തിജ്വലിച്ചുനിന്ന സൂര്യനെപ്പോലും മറച്ചുകളഞ്ഞു. സകല ലോകത്തെയും വിറപ്പിച്ചുകളഞ്ഞ ഈ പ്രപഞ്ചം ഒരു പുതിയ മഹത്തായ ദിവസത്തിന്റെ പ്രഭാതത്തിലായിരുന്നു എന്നതാണ് സത്യം.
കിടക്കമുറിയുടെ ജനാലയിലൂടെ സൂര്യോദയം വീക്ഷിക്കുന്ന പതിവ് ഡോ. ബില്ലി ഗ്രഹാമിന് ഉണ്ടായിരുന്നു. പടിഞ്ഞാറേ വടക്കൻ കരോലിനയുടെ നീല പർവതനിരകളുടെ മുകളിലൂടെയാണ് സൂര്യപ്രകാശം കടന്നുവന്നിരുന്നത്. അദ്ദേഹം അപ്പോഴെല്ലാം ശ്രദ്ധിച്ചിരുന്ന ഒരു കാര്യം പ്രഭാതത്തിനു തൊട്ടുമുമ്പുള്ള കൂരിരുട്ടാണ്. കാൽവറി മരണത്തിനും ഉയിർത്തെഴുന്നേൽപ്പിനും ഇടയിൽ ഒരു ദിവസം മാത്രമേയുള്ളൂ. 'സകലവും നിവൃത്തിയായി' എന്ന വിജയാഹ്ലാദത്തോടെയാണ് യേശുകർത്താവ് പ്രസ്താവിച്ചത്. പാപത്തിന്റെയും നിരാശയുടെയും കൂരിരുട്ടിലായിരുന്ന ലോകത്തിൽ പെട്ടെന്ന് പ്രത്യാശയുടെ സ്വർഗീയ പ്രകാശം പൊട്ടിവിടർന്നു. സർ ജോൺ ബൗറിങ് എഴുതിയ 'ഇൻ ദ് ക്രോസ് ഓഫ് ക്രൈസ്റ്റ് ഗ്ലോറി' ( In the Cross of Christ Glory) എന്ന വിശ്വപ്രസിദ്ധമായ ഇംഗ്ളീഷ് ഗാനം യേശുക്രിസ്തുവിന്റെ ക്രൂശിൽ പുകഴുന്നതിന്റെ സന്തോഷം വ്യക്തമാക്കുന്നുണ്ട്. അപ്പൊസ്തലനായ പൗലൊസിന്റെ പ്രസ്താവനയിലും ഈ ആശയത്തിന് പ്രചോദനം നൽകിയിട്ടുണ്ട്.
ക്രൂശിൽ എന്തു മഹത്വമാണ് ഉള്ളത് ? ക്രൂശ് പീഡനത്തിന്റെയും ആക്ഷേപത്തിന്റെയും ഉപകരണമായിരുന്നു.അത് കുറ്റവാളികൾക്കു വേണ്ടി ഉണ്ടാക്കിയതാണ്. ക്രൂശ് സഹനത്തിന്റെയും നിന്ദയുടെയും പ്രതീകമായിരുന്നു. എന്തുകൊണ്ടാണ് പൗലൊസ് അതിൽ പുകഴുന്നത് ? ചരിത്രത്തിൽ ഉടനീളം സകല മനുഷ്യരുടെയും പ്രത്യാശയും സ്വപ്നവും അതിനോട് ബന്ധപ്പെട്ടിരുക്കുന്നതിനാൽ അതിൽ പുകഴുന്നു. ദുഷ്ടതയും കലഹവും തിങ്ങിനിറഞ്ഞ ഈ ലോകത്തിൽ കരുണാസമ്പന്നനായ ദൈവത്തിന്റെ നിത്യസ്നേഹം ക്രിസ്തുവിന്റെ മരണത്തിലായതിനാൽ ക്രൂശിൽ പുകഴുന്നു. മനുഷ്യരോ ദൈവദൂതന്മാരോ ഇന്നുവരെ നിവർത്തിച്ചിട്ടുള്ളതിൽ വച്ചേറ്റവും സ്വാർത്ഥരഹിതമായ പ്രവൃത്തി അതിൽ സംഭവിച്ചതുകൊണ്ടാണ് ദൈവജനം ക്രൂശിൽ പുകഴുന്നത്. കർത്താവായ യേശുവിന്റെ ക്രൂശിലല്ലാതെ മറ്റൊന്നിലും ഞാൻ പ്രശംസിക്കുന്നില്ല എന്ന് സെന്റ് പോൾ പ്രസ്താവിക്കുന്നതും അതുകൊണ്ടാണ്. നമുക്കും യേശുവിന്റെ ക്രൂശിൽ പുകഴുന്നവരാകാം.
ചിന്തക്ക് : 'അതിന്റെശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ട് തിരിവെഴുത്ത് നിവൃത്തിയാകുംവണ്ണം എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു. അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞൊരു പാത്രം വച്ചിട്ടുണ്ടായിരുന്നു.അവർ ഒരു സ്പോങ്ങ് പുളിച്ച വീഞ്ഞു നിറച്ച് ഈസോപ്പുതണ്ടിന്മേൽ ആക്കി അവന്റെ വായോട് അടുപ്പിച്ചു. യേശു പുളിച്ച വീഞ്ഞു കുടിച്ചശേഷം 'നിവൃത്തിയായി' എന്നു പറഞ്ഞു തല ചായിച്ച് ആത്മാവിനെ ഏൽപിച്ചുകൊടുത്തു' (യോഹന്നാൻ 19 : 28...30).