ആകുലതയെ ആട്ടിയോടിക്കാം

ആകുലതയെ ആട്ടിയോടിക്കാം

ന്നിനെക്കുറിച്ചും വിചാരപ്പെടാതെയും ആകുലചിന്തയില്ലാതെയും ജീവിക്കുവാൻ സാധിക്കുക എന്നതാണ് ആത്മനിറവിലുള്ള ജീവിതത്തിന്റെ ശ്രദ്ധേയമായ സവിശേഷത. നമ്മുടെ ഭാരങ്ങളെ ഇടുവാൻ നമുക്ക് ഒരു സംരക്ഷകൻ ഉണ്ട് എന്നതിനാലാണ് നമുക്ക് ചിന്താകുലത്തിന്റെ ആവശ്യമില്ലാത്തത്. ദൈവത്തിൽ പരിപൂർണ്ണമായി വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന ഭക്തർക്കു മാത്രമേ പൂർണ്ണ സമാധാനത്തിൽ വസിക്കുവാൻ സാധിക്കുകയുള്ളൂ. 'സ്ഥിരമാനസൻ നിന്നിൽ ആശ്രയം വച്ചിരിക്കകൊണ്ട് നീ അവനെ പൂർണ്ണ സമാധാനത്തിൽ കാക്കുന്നു. യഹോവയാം യാഹിൽ ശാശ്വതമായ ഒരു പാറയുള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിപ്പിൻ' (യെശയ്യാവ്‌ 26 : 3 & 4).

മനുഷ്യൻ പ്രധാനമായും വിചാരപ്പെടുന്നത് മൂന്നു കാര്യങ്ങളെക്കുറിച്ച് ഓർത്തിട്ടാണ് -- ആഹാരം, വസ്ത്രം, പാർപ്പിടം. എന്നാൽ ഇവയെക്കുറിച്ചോർത്ത് ഭയപ്പെടേണ്ട എന്നാണ് യേശുകർത്താവ് പറയുന്നത്. നമ്മുടെ സ്വർഗസ്ഥപിതാവായ ദൈവം തന്റെ കേവലസൃഷ്ടികളായ പക്ഷിമൃഗജാലങ്ങളെപ്പോലും അത്ഭുതകരമായി പരിപാലിക്കുന്നുവെങ്കിൽ സൃഷ്ടിയിലെ മണിമകുടമായ മനുഷ്യരെ പോറ്റിപ്പുലർത്താതിരിക്കുമോ ? മറ്റൊരു വിധത്തിൽ പറഞ്ഞാൽ ദൈവം ഏതിന്റെ സ്വർഗസ്ഥപിതാവ് അല്ലാതിരിക്കുന്നുവോ അതിനെ പുലർത്തുന്നുവെങ്കിൽ താൻ ഏതിന്റെ സ്വർഗസ്ഥപിതാവാണോ അവയെ എത്രയധികം ശ്രേഷ്ഠമായി പുലർത്തും ! പറവജാതികൾക്ക് അൽപവും ചിന്താകുലത്തിന് ആവശ്യമില്ലാത്തതുപോലെ തന്നെ നമുക്കും ചിന്താകുലത്തിന്റെ ആവശ്യമില്ലെന്ന് യേശുകർത്താവ് പഠിപ്പിച്ചു.

ദൈവത്തെ അറിയാത്ത ജാതികളാണ് ജീവിതകാര്യങ്ങളെയോർത്ത് ആവശ്യമില്ലാതെ ചിന്താകുലപ്പെടുകയും ഉത്കണ്ഠപ്പെടുകയും ചെയ്യുന്നത്. നമുക്കായി കരുതുവാൻ സർവശക്തനായ ഒരു ദൈവമുള്ളതിനാൽ നാം വിചാരപ്പെടുവാൻ പാടില്ല. നമുക്കായി വിചാരപ്പെടുവാൻ ജീവനുള്ള ഒരു ദൈവമുണ്ട് എന്ന തിരിച്ചറിവാണ് വിചാരപ്പെടാതിരിക്കുവാൻ നമ്മെ സഹായിക്കുന്നത്. ഇത്ര വ്യക്തമായും തീർച്ചയായും കർത്താവ് ഈ കാര്യങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും നാം പലപ്പോഴും ആകുലചിന്ത പുലർത്തുന്നു എന്നതാണ് വിരോധാഭാസമായ വസ്തുത. നമ്മുടെ സ്വർഗസ്ഥപിതാവിൽ നമ്മുടെ പൂർണ്ണ വിശ്വാസം അർപ്പിക്കുകയും അവനിൽ ആശ്രയിക്കുകയും ചെയ്യുമ്പോൾ നമ്മുടെ ആകുലചിന്ത ഇല്ലാതെയാകുന്നു.

എത്ര നല്ല പിതാവായിട്ടാണ് യേശുകർത്താവ് സ്വർഗസ്ഥപിതാവായ ദൈവത്തെ നമുക്കു മുമ്പിൽ വെളിപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ പ്രശ്നങ്ങളെ പരിഹരിക്കുവാൻ എന്നും സർവശക്തനായ ഒരു ദൈവമുള്ളതിനാൽ ദൈവമക്കൾ ആകുലപ്പെടുവാൻ പാടില്ല. നമുക്ക് ദൈവത്തിൽ പൂർണ്ണമായും വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യാം. ആകയാൽ അവനിൽ നമുക്ക് പറ്റിച്ചേരാം. ഒന്നിനെക്കുറിച്ചും വിചാരപ്പെടാത്ത അനുഗ്രഹീതമായ ക്രിസ്തീയ ജീവിതത്തിന്റെ ഉടമകളാകാം. നമ്മുടെ സകല ഭാരങ്ങളും മഹാദൈവമായ യേശുകർത്താവിനെ ഭരമേൽപിക്കാം. നിത്യതയിലേക്കുള്ള നമ്മുടെ തീർത്ഥാടനത്തിൽ നമ്മുടെ ഏക അത്താണിയായി യേശുവുള്ളതിനാൽ ആഹ്ലാദിക്കാം.

ചിന്തക്ക് : 'കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ, സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു. നിങ്ങളുടെ സൗമ്യത സകല മനുഷ്യരും അറിയട്ടെ. കർത്താവ് വരുവാൻ അടുത്തിരിക്കുന്നു. ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്. എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടു കൂടെ ദൈവത്തോട് അറിയിക്കയത്രേ വേണ്ടത്. എന്നാൽ സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും' (ഫിലിപ്പിയർ 4 : 4...7).