അതിരാഗം ആപത്തിന്

അതിരാഗം ആപത്തിന്

റവ. ജോർജ് മാത്യു പുതുപ്പള്ളി

ധ്രുവപ്രദേശത്ത് ഒരു പ്രത്യേകതരം വെള്ളക്കരടിയുണ്ട്. ഇവയുടെ തോലിന് വലിയ വിലയാണ്. ഇതിനെ വെടിവെച്ചു കൊന്ന് അതിന്റെ തോൽ എടുക്കുവാൻ ആരും ആഗ്രഹിക്കാറില്ല. കാരണം വെടിയുണ്ടയേറ്റ് തോലിൽ ദ്വാരം വീണാൽ തോലിന്റെ മേന്മ നഷ്ടപ്പെടുകയും തോലിന് വിലയില്ലാതായിത്തീരുകയും ചെയ്യും. അതിനാൽ ഈ കരടികളെ വക വരുത്തി അതിന്റെ തോലെടുക്കുന്നതിന് വേറൊരു മാർഗമാണ് ആളുകൾ സ്വീകരിച്ചിരുന്നത്.

അത് ഇപ്രകാരമാണ്. ഈ കരടികൾക്ക് രക്തത്തോട് വലിയ അഭിനിവേശമാണുള്ളത്. ഈ അതിരാഗമാണ് ഇതിനെ തളർത്തുന്നതിനുള്ള മുഖാന്തരവും. രക്തം പുരട്ടിയ കത്തികൾ ഈ കരടികൾ ഉള്ള സ്ഥലങ്ങളിൽ വയ്ക്കുന്നു. കത്തിയിൽ ഉണങ്ങി പറ്റിപ്പിടിച്ചിരിക്കുന്ന രക്തം നക്കിയെടുക്കുവാൻ ഈ കരടികൾക്ക് വലിയ ഉത്സാഹമാണ്. കത്തി നക്കി നക്കി കത്തിയുടെ മൂർച്ചയിൽ അതിന്റെ നാക്ക് മുറിയുന്നതു വരെയും അത് ആർത്തിയോടെ നക്കുന്നു. അവയുടെ നാക്ക് മുറിഞ്ഞു പോകുന്ന കാര്യം രക്തത്തോടുള്ള അത്യാർത്തിയിൽ വെള്ളക്കരടികൾ കണക്കാക്കുന്നില്ല. മുറിഞ്ഞ നാക്കിൽ നിന്ന് അവയുടെ രക്തം പുറത്തേക്കു പോകുന്നതു നിമിത്തം കരടികൾ തളർന്നു വീഴുന്നു. ഈ അവസരത്തിൽ കരടികളെ പിടിച്ചുകൊന്ന് അവയുടെ തോൽ എടുക്കുന്നു.

പാപത്തോടുള്ള നമ്മുടെ ചായ്‌വ് പാപം ചെയ്യുവാനുള്ള തീവ്രമായ ആഗ്രഹം നമ്മിൽ വളർന്നു വരുന്നതിനു കാരണമാകും. പാപത്തോടുള്ള അത്യാസക്തി നമ്മെ ഒടുവിൽ ആത്മീയ മരണത്തിൽ കൊണ്ടെത്തിക്കും. ആത്മീയ മരണം എന്നതിന്റെ ശരിയായ അർത്ഥം നമ്മുടെ ആത്മാവിന് അനുഭവിക്കുവാൻ സാധിക്കുന്ന എല്ലാവിധ സന്തോഷവും സമാധാനവും ശക്തിയും ആത്മാവിന് പൂർണ്ണമായി നഷ്ടപ്പെടുക എന്നുള്ളതാണ്. സന്തോഷവും സമാധാനവും അനുഭവിക്കുന്ന ആത്മാക്കളെ കാണുമ്പോൾ അവയില്ലാത്ത ആത്മാക്കൾക്ക് കൂടുതൽ ദു:ഖവും കരച്ചിലും മുറവിളിയും പല്ലുകടിയുമൊക്കെ ഉണ്ടാകും. അതുതന്നെ ആത്മാവിന്റെ മരണത്തിനു തുല്യമായ ഒരു അനുഭവമാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

മനശ്ശെയുടെ മകനായ ആമോൻ രണ്ടു വർഷം മാത്രമേ യെഹൂദ്യ ഭരിച്ചിരുന്നുള്ളൂ. തന്റെ അപ്പനായ മനശ്ശെ ചെയ്തതുപോലെ അകൃത്യമായതൊക്കെയും ആമോനും ചെയ്തു. എന്നാൽ മനശ്ശെ ഒടുവിൽ തന്നെത്താൻ താഴ്ത്തിയതുപോലെ ആമോൻ വിനയമുള്ളവനായി മാറിയില്ല. മേൽക്കുമേൽ പാപം ചെയ്യുന്ന കാര്യത്തിൽ ആമോൻ ഒന്നിനൊന്നു വളർന്നുവന്നു. അതുകൊണ്ട് അവന്റെ സേവകർ തന്നെ ആമോനു നേരെ കൂട്ടുകെട്ടുണ്ടാക്കി അരമനയിൽവച്ച് അവനെ കൊല്ലുകയുണ്ടായി (2 ദിനവൃത്താന്തം 33 : 21...25). അകൃത്യങ്ങളിൽ നിന്ന് പിന്തിരിയുവാൻ ആമോന് കഴിയാതെ പോയത് പാപത്തിന്റെ ആകർഷണത്താലായിരുന്നു. അതിരാഗത്തിൽ നിന്നും ആത്മശക്തിയാൽ നമുക്കും പൂർണ്ണമായി ഒഴിഞ്ഞിരിക്കാം.

ചിന്തക്ക് : 'ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല. ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല. ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക. ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൗഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്ക് അധീനരായിത്തീർന്നിരിക്കുന്നു' (1 തിമൊഥെയൊസ് 5 : 7...10)

Advertisement 

Advertisement