ബന്ധിതർക്ക് ആശ്വാസമേകാം

ബന്ധിതർക്ക് ആശ്വാസമേകാം

സാധനങ്ങൾ വാങ്ങുവാൻ ദൂരെയുള്ള പട്ടണത്തിലേക്കു പോയ ഒരു വ്യാപാരി ഒരു സത്രത്തിൽ വച്ച് മറ്റൊരു യാത്രക്കാരനുമായി പരിചയപ്പെട്ടു. ഇരുവരും അന്ന് ഒരു മുറിയിലാണ് താമസിച്ചത്. നേരം വെളുത്തപ്പോൾ ഒപ്പം താമസിച്ചയാളെ കാണാനില്ല മാത്രമല്ല സത്രത്തിലെ മറ്റൊരാൾ കൊല്ലപ്പെടുകയും ചെയ്തു. പൊലീസ്, വ്യാപാരിയുടെ ബാഗിൽനിന്ന് ചോര പുരണ്ട കത്തി കണ്ടെടുക്കുകയും വ്യാപാരിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തെളിവുകൾ അയാൾക്ക് എതിരായിരുന്നതിനാൽ നിരപരാധിയായിരുന്നിട്ടും 25 വർഷത്തെ തടവ് ശിക്ഷക്ക് കോടതി വിധിച്ചു. ഈ കാലയളവിനിടയിൽ ഭാര്യയുൾപ്പെടെ പലരും മരിച്ചതായി വ്യാപാരി അറിഞ്ഞു. മോചിക്കപ്പെടുവാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് മറ്റൊരു കുറ്റവാളി തടവുകാരനായി ആ ജയിലിൽ എത്തുന്നത്. വർഷങ്ങൾക്കുമുമ്പ് ആ സത്രത്തിൽ ഒരു മുറിയിൽ താമസിച്ച പഴയ യാത്രക്കാരനായിരുന്നു അയാൾ.

അയാളായിരുന്നു അന്ന് ഒരാളെ കൊന്നിട്ട് രക്ഷപെടുവാൻ കത്തി വ്യാപാരിയുടെ ബാഗിൽ ഒളിപ്പിച്ചു വച്ചത്. നിരപരാധിയായ വ്യാപാരിയെ രക്ഷിക്കുവാനായി അയാൾ കുറ്റം ജയിൽ അധി:കൃതരോട് ഏറ്റു പറഞ്ഞു. വ്യാപാരിയെ വിട്ടയക്കുവാനുള്ള ഉത്തരവുമായി അധികാരികൾ എത്തിയപ്പോഴേക്കും വ്യാപാരി മരിച്ചു കഴിഞ്ഞിരുന്നു. സത്യം പുറത്തു വന്നപ്പോഴേക്കും വ്യാപാരിയുടെ ജീവിതം അവസാനിച്ചിരുന്നു. 'God Sees the Truth But Waits' എന്ന പേരിൽ വിശ്വപ്രസിദ്ധ സാഹിത്യകാരനായ ലിയോ ടോൾസ്റ്റോയ് രചിച്ച പ്രശസ്തമായ കഥയുടെ സാരാംശമാണിത്. മറ്റുള്ളവർക്കുവേണ്ടി കുറ്റം സ്വയം ഏറ്റെടുത്ത് ക്രൂശിൽ മരിച്ചവനായ കർത്താവായ യേശുക്രിസ്തുവിന്റെ ഒരു പ്രതീകമായിട്ടാണ് ടോൾസ്റ്റോയ്, 'ഐവാൻ' എന്ന കഥാപാത്രത്തെ ഈ കഥയിൽ ചിത്രീകരിച്ചിരിക്കുന്നത്.

യേശുകർത്താവിന്റെ ഇഹലോകജീവിതത്തിന്റെ ലക്ഷ്യം എന്തായിരുന്നുവെന്ന് യെശയ്യാപ്രവാചകൻ മുൻകൂട്ടി പ്രവചിച്ചിരിക്കുന്നത് ഇപ്രകാരമാണ് : 'എളിയവരോടു സദ്വർത്തമാനം ഘോഷിപ്പാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കർത്താവിന്റെ ആത്മാവ് എന്റെമേൽ ഇരിക്കുന്നു. ഹൃദയം തകർന്നവരെ മുറികെട്ടുവാനും തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിപ്പാനും യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദു:ഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും സീയോനിലെ ദു:ഖിതന്മാർക്കു വെണ്ണീറിനു പകരം അലങ്കാരമാലയും ദുഃഖത്തിനു പകരം ആനന്ദതൈലവും വിഷണ്ണമനസിനു പകരം സ്തുതി എന്ന മേലാടയും കൊടുപ്പാനും അവൻ എന്നെ അയച്ചിരിക്കുന്നു. അവൻ മഹത്വീകരിക്കപ്പെടേണ്ടതിന് അവർക്കു നീതിവൃക്ഷങ്ങൾ എന്നും യഹോവയുടെ നടുതല എന്നും പേരാകും' (യെശയ്യാവ്‌ 61 : 1...3).

ജയിലിൽ കിടക്കുന്നവരെ സ്മരിക്കുന്നവരും അവർ അനുഭവിക്കുന്ന ദുരിതങ്ങളിൽ സഹതപിക്കുന്നവരും സമൂഹത്തിൽ ഏറെയില്ല. സമൂഹ മന:സാക്ഷിയിൽ വിസ്മരിക്കപ്പെട്ടവരാണ് അവർ. പഴകിപ്പൊളിഞ്ഞ കെട്ടിടങ്ങളിൽ മനുഷ്യാവകാശങ്ങൾ പോലും നൽകപ്പെടാതെ സർക്കാരും സമൂഹവും ക്രൂരമായ നിസംഗത അവരോടു പ്രദർശിപ്പിക്കുന്നു. ജയിലിൽ കിടക്കുന്നവരെല്ലാം കള്ളന്മാരും ദുർവൃത്തരുമാണെന്ന് നാം കരുതുന്നു. കോടതികൾ സത്യം നോക്കിയല്ല, തെളിവുകൾ നോക്കിയാണ് വിധി പ്രസ്താവിക്കുന്നത്. സാക്ഷിമൊഴികളും സാഹചര്യത്തെളിവുക ളും പ്രതിക്കു പ്രതികൂലമാണെങ്കിൽ നിരപരാധിയും ശിക്ഷിക്കപ്പെടും. ഇത്തരം ആൾക്കാരുടെ പ്രശ്നങ്ങളിൽ അൽപമെങ്കിലും ശ്രദ്ധിച്ചിട്ടുള്ളത് ക്രൈസ്തവസഭകളാണ്. സാധുജനസംരക്ഷണം ശ്രേഷ്ഠമായ ഒരു സുവിശേഷപ്രവർത്തനം തന്നെയാണെന്ന് നാം മനസിലാക്കുന്നത് നല്ലത്.

ചിന്തക്ക് : 'തടവിൽ ഇരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എന്റെ മകനായ ഒനേസിമൊസിനു വേണ്ടി ആകുന്നു നിന്നോട് അപേക്ഷിക്കുന്നത്. അവൻ മുമ്പേ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു. ഇപ്പോൾ നിനക്കും എനിക്കും നല്ല പ്രയോജനമുള്ളവൻ തന്നെ. എനിക്കു പ്രാണപ്രിയനായ അവനെ ഞാൻ മടക്കി അയച്ചിരിക്കുന്നു'.(ഫിലേമൊൻ 11 & 12).