പ്രതീക്ഷകൾ കൊടുത്ത ശേഷം പൂർത്തീകരിക്കാത്ത കൃപാവര ശുശ്രൂഷകൾ തിരിച്ചറിയുക

പ്രതീക്ഷകൾ കൊടുത്ത ശേഷം പൂർത്തീകരിക്കാത്ത കൃപാവര ശുശ്രൂഷകൾ തിരിച്ചറിയുക

ജോമോൻ ജേക്കബ്

പ്രിയപ്പെട്ട ആൾ മരിച്ചു ( അതും പെട്ടെന്നുള്ള മരണങ്ങൾ) എന്ന യാഥാർത്ഥ്യം ഏറെ പ്രിയപ്പെട്ടവർക്ക് ( ഭർത്താവിനോ / ഭാര്യക്കോ ) അംഗീകരിക്കാൻ ഒരു പക്ഷേ ദിവസങ്ങൾ എടുത്തേക്കാം. അത്തരത്തിൽ acceptance stage - ൽ പോലും എത്തിയിട്ടില്ലാത്ത പ്രിയപ്പെട്ടവരുടെ മനസ്സിലേക്ക് അപ്പോളത്തെ ആവേശത്തിൽ ഉയർത്തെഴുന്നേൽക്കും എന്ന പ്രതീക്ഷ നൽകി ശുശ്രൂഷകൾ നിർവഹിക്കുന്നത് അങ്ങേയറ്റം ഉണങ്ങാത്ത മുറിവുകളുമായി വേദന കടിച്ചമർത്തിയിരിക്കുന്ന ആ പ്രിയപ്പെട്ടവരോട് ചെയ്യുന്ന വഞ്ചന തന്നെയാണ്. പുതിയ നിയമസഭയ്ക്ക് കർത്താവായ യേശുക്രിസ്തുവും, അപ്പോസ്തോലന്മാരും കാണിച്ച മാതൃകയിൽ നിന്ന് ഇന്നും ഉയർപ്പ് സംഭവിക്കുമെന്ന് ഞാനും വിശ്വസിക്കുന്നു. എന്നാൽ കർത്താവ് കാണിച്ച മാതൃക ശ്രദ്ധിക്കുക : ലാസറിനെ ഉയർപ്പിക്കുവാൻ ബെഥാനിയിലെ അവരുടെ ഭവനത്തിലേക്കുള്ള യാത്രയിൽ തന്നെ 'ലാസർ ഉറങ്ങുക അത്ര, ഞാൻ അവനെ ഉണർത്തുവാൻ പോകുന്നു ' എന്ന ഉറപ്പ് കർത്താവ് നൽകിയിരുന്നു. ഉറപ്പു നൽകിയ കർത്താവ് ആ ഭവനത്തിലെ പ്രിയപ്പെട്ടവരെ പ്രതീക്ഷകളുടെ കൊടുമുടിയിൽ എത്തിച്ചശേഷം, ' പ്രവർത്തിക്കുമോ എന്ന് നോക്കട്ടെ, നമുക്കെല്ലാം പ്രാർത്ഥിക്കാം ഇപ്പോൾ ഉയർപ്പ് നടക്കുന്നുവെങ്കിൽ നടക്കട്ടെ' എന്നിത്യാദി ആവേശപ്പുറത്ത് കുറെ വാക്കുകൾ ഉരുവിട്ട ശേഷം ... കരഞ്ഞു തളർന്നു നിന്ന ലാസറിന്റെ പ്രിയപ്പെട്ടവരെ ഒറ്റ സുപ്രഭാതത്തിൽ കയ്യൊഴിഞ്ഞ് കർത്താവ് പോയില്ല. മറിച്ച് ഒരു ശുശ്രൂഷ ദൈവം മഹത്വത്തിനായി തന്നിലൂടെ പൂർണ്ണമായും, ഉറപ്പായും സംഭവിക്കും എന്ന പൂർണ്ണ ദൈവനിശ്ചയത്തിൽ ആണ് കർത്താവ് അവർക്ക് ഉറപ്പു കൊടുക്കുന്നത്.  

പ്രത്യേക സാഹചര്യങ്ങളിൽ ചില ശുശ്രൂഷകൾ നിർവഹിക്കുവാൻ കർത്താവ് ഉറപ്പ് നൽകിയെങ്കിൽ മാത്രം ജനത്തിന് പ്രതീക്ഷ കൊടുത്ത് ആ ശുശ്രൂഷ പൂർണ്ണമായും നിർവഹിക്കുക. ദൈവം ഏൽപ്പിക്കാത്ത ശുശ്രൂഷകൾ ചെയ്യുവാൻ നമ്മുടെ പരിശ്രമം നടത്തരുത് ( ദൈവം നിയോഗിക്കാതെ). സമൂവേൽ (Samuel) ചെയ്യേണ്ട ശുശ്രൂഷ ദൈവം നിയോഗിക്കാതെ ശൗൽ (Saul) നിർവഹിച്ചത് അനുസരണക്കേടായി ദൈവം കണ്ടു എന്നത് ദൃഷ്ടാന്തം.  (ഇത്തരത്തിൽ കുടുംബങ്ങളിൽ കയറി ചില പ്രവാചകന്മാർ കുറെ കെട്ടുകൾ നിങ്ങളെ കെട്ടിയിരിക്കുന്നു... ബന്ധനങ്ങളുടെയും കെട്ടുകളുടെ പേരുകൾ പറഞ്ഞിട്ട് അവരങ്ങ് പോകും, ജനം ഭീതിയിലും നിരാശയിലും ദിവസങ്ങൾ കഴിക്കും) ഇങ്ങനെയുള്ള പ്രവാചകൻമാരുടെ മുമ്പിൽ ഇരുന്നു കൊടുക്കുന്നവർ, ദയവായി കെട്ടുകൾ ഉണ്ടെന്നു പറഞ്ഞ പ്രവാചകനെ കൊണ്ട് അപ്പോൾ തന്നെ അഴിപ്പിച്ചിട്ടേ അവരെ മടക്കി അയക്കാവൂ.

കെട്ടുകൾ ഉണ്ടെന്ന് ദൈവം പറയിച്ചു എങ്കിൽ..... അതിനുള്ള പ്രതിവിധിയും പറഞ്ഞ ദൈവത്തിന് അയക്കപ്പെടുന്ന പ്രവാചകന്മാരെ കൊണ്ട് ചെയ്യിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. ആൾക്കൂട്ടങ്ങളെ തങ്കളുടെ തന്ത്രങ്ങൾ വിജയിക്കുവാനുള്ള പരീക്ഷണ വസ്തുക്കളായി കാണുന്ന കള്ള പ്രവാചകന്മാരെയും, പരിശുദ്ധാത്മാവിനെ ദുർവ്യാഖ്യാനം ചെയ്യുന്ന ദുരുപദേശ ശുശ്രൂഷക കൂട്ടത്തെയും ഇന്നിന്റെ സഭ വചനത്തിന്റെ കൃപയാൽ തിരിച്ചറിഞ്ഞ് അകറ്റി നിർത്തുവാൻ തയ്യാറാകണം. നിർഭാഗ്യവശാൽ ഇത്തരത്തിൽ ഉയർപ്പിന്റെ പ്രഹസനം നടത്തുന്നവരെയും, വ്യാജ ഉണർവിന്റെ പേരെടുക്കുന്നവരെയും .... അവരോടൊപ്പം കൂടുന്ന കുറേ ശുശ്രൂഷകരെയും മെയിൽ ലൈൻ പെന്തക്കോസ് സഭകൾ പോലും വീണ്ടും ഒരു ഇടവേളയ്ക്കുശേഷം ശുശ്രൂഷകൾക്കായി വാരിപ്പുണരുന്നു എന്നത് ഏറെ ദുഃഖകരമാണ്.