അമ്മ എന്ന അത്ഭുതം

0
1564

അമ്മ എന്ന അത്ഭുതം

ടി.എം.മാത്യു

ന്ന് പതിവിലും നേരത്തെ അവന്‍ ഉണര്‍ന്നു. തിടുക്കത്തില്‍ ദിനചര്യയെല്ലാം പൂര്‍ത്തിയാക്കി. പഴയ ആ വീട്ടിനുള്ളില്‍ അവനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു നേരത്തെ ആഹാരത്തിനുപോലും അവര്‍ക്കു ബുദ്ധിമുട്ടേണ്ടതായി വന്നിട്ടുണ്ട്. അടുത്ത വീട്ടിലെ കുട്ടികളൊക്കെ സമൃദ്ധിയായി ഭക്ഷിച്ച് മിച്ചം വയ്ക്കുന്നത് അവന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. അതൊക്കെ അവനെ സംബന്ധിച്ച് അധികപ്പറ്റാണ്. കാരണം, നിര്‍ദ്ധനായ ഒരു വിധവയുടെ മകന് കൂടുതല്‍ ആശിക്കുവാന്‍ വകയൊന്നുമില്ലല്ലോ. അമ്മയെക്കുറിച്ചോര്‍ക്കുമ്പോഴെല്ലാം അവന്‍റെ കണ്ണു നിറയാറുണ്ട്. സ്നേഹം എന്ന പദത്തിന്‍റെ മനുഷ്യരൂപമാണ് അമ്മ എന്ന് പലപ്പോഴും അവനു തോന്നിയിട്ടുണ്ട്. പിതാവ് നഷ്ടപ്പെട്ട തന്നെ എത്രയോ കഷ്ടപ്പെട്ടാണ് അമ്മ വളര്‍ത്തിക്കൊണ്ടുവരുന്നത് എന്ന് അവന് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അമ്മ പറയുന്നത് അനുസരിക്കുവാന്‍ അവന്‍ തയ്യാറായിരുന്നു. ദൈവഭക്തിയിലും അനുസരണത്തിലും മാതാവ് അവനെ വളര്‍ത്തി. തങ്ങളുടെ പിതാക്കന്മാരെ മരുഭൂമിയില്‍ ദൈവം നടത്തിയ അത്ഭുത കഥകള്‍ മാതാവില്‍ നിന്നും കേട്ടപ്പോഴൊക്കെ അവന്‍ കോരിത്തരിച്ചുപോയിട്ടുണ്ട്. ദൈവത്തിന് ഇത്രമാത്രം കരുതലോ? അവന്‍ ചിന്തിച്ചുപോയി. ഒരിക്കല്‍ മാതാവ് അവനോടു പറഞ്ഞു: അശരണരുടെയും അഗതികളുടെയും അത്താണിയാണ് ദൈവം. ഈ ഭൂമണ്ഡലത്തെയും അതിലെ സകല ചരാചരങ്ങളെയും സൃഷ്ടിച്ച ദൈവം തന്‍റെ കൈകൊണ്ട് മനുഷ്യനെ മെനഞ്ഞുണ്ടാക്കി എന്ന് അമ്മ പറഞ്ഞത് അവന് ആശ്ചര്യമായിരുന്നു. ഞാനും ദൈവത്തിന്‍റെ കൈപ്പണിയാണല്ലോ, എന്ന് അവന്‍ ചിന്തിച്ചു. അങ്ങനെ ബാല്യം മുതല്‍ തികഞ്ഞ ദൈവാശ്രയ ബോധത്തില്‍ വളരുവാന്‍ അമ്മ അവനെ സഹായിച്ചു. പത്ത് കല്പനകള്‍ പഠിക്കുന്നതിലും അവ പാലിക്കുന്നതിലും അവന്‍ ശ്രദ്ധാലുവായിരുന്നു. തനിക്കുള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കുവാന്‍ മാതാവ് പറഞ്ഞുകൊടുത്ത കഥകളിലൂടെ അവന്‍ പഠിച്ചിരുന്നു.

കഴിഞ്ഞ രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിന് തൊട്ടുമുമ്പാണ് അമ്മ പറഞ്ഞത് നസറേത്തിലെ ഗുരു നാളെ തങ്ങളുടെ സമീപത്തുള്ള ഗ്രാമത്തില്‍ വരുന്നുണ്ടെന്ന്. ഗുരുവിനെ കാണുവാന്‍ അടക്കാനാകാത്ത ആഗ്രഹം അവന്‍റെ ഉള്ളില്‍ നുരഞ്ഞുപൊങ്ങി. ഗുരുവിനെക്കുറിച്ച് പലതും അവ ന്‍ കേട്ടിട്ടുണ്ടെങ്കിലും ഗുരുവിനെ ഒരിക്കലും നേരില്‍ കാണുവാന്‍ അവന് കഴിഞ്ഞിട്ടില്ല. അങ്ങനെയിരിക്കെയാണ് ഈ വാര്‍ത്ത അവ ന്‍ അറിയുവാന്‍ ഇടയായത്. അവന്‍ അമ്മയോട് പറഞ്ഞു: “അമ്മേ, എനിക്കും പോയി ഗുരുവിനെ ഒന്നു കാണണം.” സന്തോഷത്തോടെ അമ്മ അവന് അനുവാദം കൊടുത്തു.

തനിക്കുള്ളതില്‍ ഏറ്റവും നല്ല ഉടുപ്പുമണിഞ്ഞ് ഗുരുവിനെ കാണുന്നതിനും പ്രസംഗം കേള്‍ക്കുന്നതിനുമായി അവന്‍ ഒരുങ്ങിയിറങ്ങി. വാതില്‍ക്കലെത്തിയപ്പോള്‍ അമ്മ അകത്തു നിന്നും വിളിച്ചു പറഞ്ഞത് അവന്‍ കേട്ടു “മോനേ, ഒരു നിമിഷം നില്‍ക്കണേ” പുറത്തേയ്ക്കു വന്ന അമ്മയുടെ കയ്യില്‍ ഒരു പൊതി ഉണ്ടായിരുന്നു. അത് അവന്‍റെ കയ്യില്‍ ഏല്പിച്ചു കൊണ്ട് അമ്മ പറഞ്ഞു: “ഇത് കയ്യിലിരിക്കട്ടെ, ഒരു പക്ഷേ വരാന്‍ താമസിച്ചെങ്കില്‍ വിശക്കുമ്പോള്‍ നിനക്കു കഴിക്കാമല്ലോ” ആ ഭക്ഷണപ്പൊതിക്കുള്ളില്‍ എന്താണെന്ന് അവനറിയാമായിരുന്നു. വില കുറഞ്ഞ ബാര്‍ളികൊണ്ടുള്ള അപ്പവും ദരിദ്രര്‍ മാത്രം വാങ്ങുന്ന ഏതാനും ചെറുമീന്‍ പൊരിച്ചതും. ഗോതമ്പോ മറ്റേതെങ്കിലും ധ്യാന്യമോ വാങ്ങുവാന്‍ നിവൃത്തിയില്ലാത്തവരാണ് വില കുറഞ്ഞ ബാര്‍ലി വാങ്ങി അപ്പമുണ്ടാക്കുക. ദരിദ്രനാണെങ്കിലും വയറു വിശക്കില്ലേ? ആ വിശപ്പ് തീര്‍ക്കാന്‍ ദാരിദ്രത്തിന്‍റെ ഈ അപ്പക്കഷണങ്ങള്‍ക്ക് കഴിയുമായിരിക്കാം.

 

ഗുരുവിന്‍റെ പ്രസംഗം വളരെ നീണ്ടുപോയി. സന്ധ്യയാകുന്നു. ഇത്ര വലിയ പുരുഷാരത്തെ ഇതിനുമുമ്പ് അവന്‍ കണ്ടിട്ടില്ല. ആ വലിയ ജനസമൂഹത്തെയും അതിലുപരി അവരോട് ഹൃദ്യമായി സംസാരിക്കുന്ന ഗുരുവിനെ കണ്ടും അദ്ദേഹത്തിന്‍റെ അനുഗ്രഹീത വചനങ്ങള്‍ കേട്ടും സമയം പോയത് അവനറിഞ്ഞില്ല. വിശക്കുന്നുണ്ട് എന്നാല്‍ തന്‍റെ ഭക്ഷണപ്പൊതി തുറക്കുവാനോ കഴിക്കുവാനോ അവന്‍ താത്പര്യം കാണിച്ചില്ല. അടുത്തിരിക്കുന്നവരെയെല്ലാം അവന്‍ നോക്കി. ആരുടെയും കൈകളില്‍ ഒന്നും കാണുന്നില്ല. തന്നെക്കാള്‍ പ്രായം കുറഞ്ഞ ചില കുഞ്ഞുങ്ങള്‍ അമ്മമാരുടെ അടുത്തിരുന്ന് കരയാന്‍ തുടങ്ങുന്നത് അവന്‍ കണ്ടു.

വിശപ്പുകൊണ്ടാണ് അവര്‍ കരയുന്നതെന്ന് അവനറിയാം. ചെറുപ്പത്തില്‍ അമ്മ അവന്‍റെ കാതുകളില്‍ മന്ത്രിച്ച പാഠങ്ങള്‍ അവനോര്‍ത്തു. വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണം കൊടുക്കുവാന്‍ കഴിഞ്ഞാല്‍ അത് അനുഗ്രഹമാണ് മോനെ. വിശന്ന് വലഞ്ഞ് നടന്നുപോയ ഏലിയാവ് എന്ന പ്രവാചകന് സരെഫാത്തിലെ വിധവ അപ്പം നല്കിയ കഥ അവനോട് അമ്മ പറഞ്ഞിട്ടുണ്ട്. വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ ആഹാരം നല്കിയാല്‍ പട്ടിണിക്കാലത്ത് എല്ലാ ദിവസവും ദൈവം പുലര്‍ത്തും എന്നത് ആ കഥ ഓര്‍ക്കുമ്പോഴൊക്കെ അവന്‍ ചിന്തിക്കാറുണ്ട്. പെട്ടെന്ന് ആരോ ഒരാള്‍ ചോദിക്കുന്നത് അവള്‍ കേട്ടു “നിങ്ങളില്‍ ആരുടെയെങ്കിലും കയ്യില്‍ എന്തെങ്കിലും ഭക്ഷണമുണ്ടോ?” ആരും ഉത്തരം ഒന്നും പറഞ്ഞുകേട്ടില്ല. അമ്മ തന്നുവിട്ട ചെറിയ ഭക്ഷണപ്പൊതി തന്‍റെ കൈവശമുണ്ട്. ഇത് ആര്‍ക്കുകൊടുക്കാനായിരിക്കും ചോദിക്കുന്നത്. ഒരു പക്ഷേ ഗുരുവിനുവേണ്ടിയായിരിക്കുമോ? അവന്‍ ചിന്തിച്ചു. പിന്നെ മടിച്ചില്ല തന്‍റെ കയ്യിലെ പൊതി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അവന്‍ ഉറക്കെ വിളിച്ചു പറഞ്ഞു: “എന്‍റെ കയ്യിലുണ്ട്.”

അപരിചിതരായ ആളുകളെല്ലാം അവനെ സൂക്ഷിച്ചു നോക്കി. ഒരാള്‍ അടുത്തു വന്ന് അവനെ വിളിച്ചു. “വരൂ… നിന്‍റെ കയ്യിലുള്ളതുമായി ഗുരുവിന്‍റെ അടുത്തേയ്ക്കു വരൂ”. അത് യേശുവിന്‍റെ ശിക്ഷ്യനായ അന്ത്രയാസ് ആണെന്ന് അവനറിയില്ലായിരുന്നു. അന്ത്രയാസ് അവനെ യേശുവിന്‍റെ അടുക്കലേയ്ക്ക് കൊണ്ടുവന്നു. വിറയ്ക്കുന്ന കൈകളോടെ അവന്‍ തന്‍റേത് മാത്രമായിരുന്ന ആ ഭക്ഷണപ്പൊതി യേശുവിന്‍റെ നേരെ നീട്ടി.   അവനെ ചേര്‍ത്തു നിര്‍ത്തി ആലിംഗനം ചെയ്ത് കവിളിലൊരു മുത്തവും നല്കി യേശു അവന്‍റെ കയ്യില്‍ നിന്നും അതു വാങ്ങി. അപ്പോൾ അവൻ തന്റെ അമ്മയെ ഓർത്തു. ‘അമ്മ സ്നേഹത്തോടെ എന്റെ കൈയിൽ ഈ ഭക്ഷണപ്പൊതി ഏൽപ്പിച്ചില്ലായിരുന്നുവെങ്കിൽ യേശുവിന്റെ അടുത്ത് നിൽക്കാനോ ഈ സ്നേഹസ്പർശം അനുഭവിക്കാനോ കഴിയില്ലായിരുന്നല്ലോ. ആ മഹാസമ്മേളനത്തിലെ എല്ലാ കണ്ണുകളും യേശുവിനോടൊപ്പം തന്നെയും നോക്കുന്നുണ്ടല്ലോ എന്നത് അവനെ കൂടുതൽ വിനയാന്വിതനാക്കി.

“പുരുഷാരത്തെ പന്തിപന്തിയായി ഇരുത്തുവിന്‍” യേശു കല്പിച്ചു. പിന്നീട് സ്വര്‍ഗ്ഗത്തിലേയ്ക്കു നോക്കി. പ്രാര്‍ത്ഥിച്ച് അത് നുറുക്കുവാന്‍ തുടങ്ങി. അത്ഭുതം കൊണ്ട് അവന്‍റെ കണ്ണുകള്‍ വിടര്‍ന്നു. ഒന്ന്, രണ്ട്, മൂന്ന്…. കുട്ടകള്‍ നിറയുകയാണ്. ശിക്ഷ്യന്മാര്‍ നിറയുന്ന കുട്ടകളുമായി ജനങ്ങളുടെ ഇടയിലേയ്ക്കിറങ്ങി. സമൃദ്ധിയായ വിരുന്ന്. തന്‍റെ കൈവശമുണ്ടായിരുന്നത് തന്‍റേതു മാത്രമായി ഒതുക്കിവച്ചിരുന്നെങ്കിലോ? എന്നല്‍ ഒരിക്കലും തന്നിലൂടെ ഈ അത്ഭുതം നടക്കില്ലായിരുന്നു എന്ന് അവനോര്‍ത്തു. നമ്മുടെ കൈയിലുള്ളത് അത് എത്രമാത്രം നിസ്സാരമാകട്ടെ ഗുരുവിന്‍റെ കരങ്ങളിലേക്കു സന്മനസ്സോടെ, സ്വാര്‍ത്ഥത ലേശവുമില്ലാതെ, സമര്‍പ്പിക്കുവാന്‍ തയ്യാറായാല്‍ അവിടെ ഗുരുവിന്‍റെ അത്ഭുതം നടക്കുമെന്നത് തീര്‍ച്ചയാണ്. നിര്‍ജ്ജീവമായ ധ്യാന്യമണികള്‍ ചേര്‍ത്തുണ്ടാക്കിയ അപ്പമായാലും ജീവനില്ലാത്ത മത്സ്യങ്ങളായാലും ഗുരുവിന്‍റെ സ്പര്‍ശനമാത്രയില്‍ അവ ജീവനുള്ളതുപോലെ പെരുകുവാനാരംഭിക്കും. അങ്ങനെ ഒരത്ഭുതം പ്രവര്‍ത്തിക്കുവാന്‍ ജീവദാതാവിന്‍റെ കരസ്പര്‍ശനത്തിനു മാത്രമേ കഴിയൂ.നമുക്കും നമ്മുടെ കയ്യിലുള്ളതെല്ലാം ഗുരുവിനെ ഏല്പിക്കാം; ഒന്നും നമുക്കായി മാറ്റിവയ്ക്കാതെ. അങ്ങനെയെങ്കില്‍ അത്ഭുതം തീര്‍ച്ചയാണ്. (മത്തായി14:15-21, മര്‍ക്കൊസ് 6:35-44, ലൂക്കൊസ് 9:12-17, യോഹന്നാന്‍ 6:5-14) അതുപോലെ മക്കളുടെ അനുഗ്രഹങ്ങൾക്കു പിന്നിലെ അത്ഭുത ശക്തി പ്രാർഥിക്കുന്ന അവരുടെ മാതാവായിരിക്കും. ഈ മാതൃദിനത്തിൽ എല്ലാ അമ്മമാർക്കായും നമ്മൾ മക്കൾക്കു പ്രാർഥിക്കാം.

Advertisement

 

 

LEAVE A REPLY

Please enter your comment!
Please enter your name here