ക്രൈസ്‌തവ സമുദായങ്ങളുമായുള്ള ബന്ധം അരക്കിട്ടുറപ്പിക്കാൻ ബിജെപി

തിരുവനന്തപുരം: ക്രൈസ്‌തവ സമുദായങ്ങളുമായുള്ള ബന്ധം അരക്കിട്ടുറപ്പിക്കാൻ ബിജെപി. ഇത്തവണയും സ്നേഹയാത്ര നടത്തുമെന്ന് മാതൃഭൂമി റിപ്പോർട്ട്. ക്രിസ്മസ് അവധിക്കാലത്ത്  കേക്കും ആശംസയുമായി നേതാക്കളും പ്രവർത്തകരും ക്രൈസ്തവരുടെ വീടുകളിലെത്തും. 'സ്നേഹയാത്ര'യെന്ന പേരിലുള്ള ഭവനസന്ദർശനം കഴിഞ്ഞകൊല്ലവും നടത്തിയിരുന്നു.

ക്രിസ്മസ് അവധിക്കാലംമുതൽ പുതുവർഷംവരെയാണ് ഇത്തവണത്തേയും സ്നേഹയാത്ര. പുനസ്സംഘടനയിൽ ബി.ജെ.പി.യുടെ ഭാരവാഹിപ്പട്ടികയിലേക്ക് ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ടവർക്ക് കൂടുതൽ പ്രാതിനിധ്യം നൽകുന്നതും പരിഗണനയിലാണ്.

തൃശ്ശൂർ ലോക്സഭാ സീറ്റിൽ സുരേഷ്ഗോപിയുടെ വിജയത്തിനുപിന്നിൽ ക്രിസ്ത്യൻ സഭകളുടെയും അകമഴിഞ്ഞ പിന്തുണ ഉണ്ടായിട്ടുണ്ടെന്നാണ് ബി.ജെ.പി.യുടെ വിലയിരുത്തൽ.

അതുകൊണ്ടുതന്നെ തൃശ്ശൂരിൽ സ്നേഹയാത്രയ്ക്ക് കൂടുതൽ ശ്രദ്ധയുണ്ടാകും.

അടുത്ത തിരഞ്ഞെടുപ്പുകളിൽ തൃശ്ശൂർ കോർപ്പറേഷനും തൃശ്ശൂർ നിയമസഭാ മണ്ഡലവുമൊക്കെ ലക്ഷ്യമിട്ട് ഇതിനകംതന്നെ ബി.ജെ.പി. പ്രവർത്തനം ശക്തമാക്കിയിട്ടുമുണ്ട്. സംസ്ഥാനത്താകെ മികച്ച വോട്ടുവിഹിതമുള്ള അറുപതോളം നിയമസഭാ മണ്ഡലങ്ങളിൽ കണ്ണുംനട്ടാണ് തന്ത്രങ്ങളൊരുക്കുന്നതും.

ജനറൽ സെക്രട്ടറിയായിരുന്ന ജോർജ് കുര്യനെ കേന്ദ്രമന്ത്രിയാക്കിയതിന്റെ ഗുണം വരുംതിരഞ്ഞെടുപ്പുകളിൽ ഉണ്ടാകുമെന്ന് നേതൃത്വം വിലയിരുത്തുന്നു.