അലൻ പള്ളിവടക്കൻ
കൊട്ടാരക്കര: ഇന്ത്യയിലെ പ്രഥമ സിവിൽ സർവീസ് മോഡൽ പരീക്ഷയായ റേസ് ടു ഐഎ എസ് ദേശീയതല രണ്ടാം റാങ്ക് കരസ്ഥമാക്കി പെന്തക്കൊസ്ത് സമൂഹത്തിനു അഭിമാനമായിരിക്കുകയാണ് ഐപിസി വിലങ്ങറ അടൂർമുക്ക് രഹബോത്ത് സഭാംഗം സ്നേഹ എസ് സജി എന്ന പത്താം ക്ലാസ് വിദ്യാർഥിനി.
മുൻ ചീഫ് സെക്രട്ടറി ശ്രീ. സി പി നായർ, മുൻ ഡിജിപി ഡോ.അലക്സാണ്ടർ ജേക്കബ്, മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി ലിഡ ജേക്കബ് എന്നിവർ ചേർന്ന് അവാർഡും ക്യാഷ് ചെക്കും സമ്മാനിച്ചു. ഇതോടു കൂടെ പ്രഗത്ഭരായ റിട്ട. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെയും പരിശീലകരുടെയും മാർഗ്ഗോ പദേശത്തിൽ സൗജന്യ സിവിൽ സർവീസ് പരിശീലനത്തിനുള്ള അവസരവും നേടിയിരിക്കുകയാണ് സ്നേഹ. സാധാരണ സിവിൽ സർവീസ് പരീക്ഷ പോലെ തന്നെ പ്രിലിംസ്, മെയിൻസ്, പേഴ്സനാലിറ്റി ടെസ്റ്റ്, ഇന്റർവ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി നടന്ന പരീക്ഷയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 6500 വിദ്യാർഥികൾ പങ്കെടുത്തിരുന്നു.
സണ്ടേസ്കൂൾ, പിവൈപിഎ തലങ്ങളിൽ നിറസാന്നിധ്യമായ സ്നേഹ ആത്മീയമായി മുൻപന്തിയിൽ തന്നെ നിൽക്കുന്നുവെന്നു സഭാ ശുശ്രൂഷകൻ പാസ്റ്റർ ടൈറ്റസ് മാത്യു സാക്ഷ്യപ്പെടുത്തുന്നു. പിസിഎം പരീക്ഷയിലും ഏസ്സ് ജനറൽ നോളജ് പരീക്ഷയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. കൊട്ടാരക്കര നെല്ലിക്കുന്നം കാർമൽ റെസിഡൻഷ്യൽ സ്കൂൾ വിദ്യാർഥിനി ആയ സ്നേഹ വിലങ്ങറ പാലവിള വടക്കേതിൽ സജി ജോർജിന്റെയും സോഫിയുടെയും മകളാണ്. ഷെറിൻ എസ് സജി ഏക സഹോദരിയാണ്.
ഐപിസി പിടവൂർ സഭാംഗം ആശിഷ് ചെറിയാൻ സിവിൽ സർവീസ് റാങ്ക് നേടിയതിന്റെ തൊട്ടു പിന്നാലെയാണ് പെന്തക്കൊസ്തു സമൂഹത്തിനു പുതിയ പ്രതീക്ഷ നൽകുന്ന സ്നേഹയുടെ നേട്ടം. മാർ ബസേലിയോസ് കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.വിശ്വനാഥ് റാവു, ബഥനി കോളജ് ഡയറക്ടർ ഫാ.തോമസ് ജോർജ്, തിരുവനന്തപുരം മോഡൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ടെൽസി ജോസഫ്, ഡോ. അരുൺ ശശി എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു അവാർഡ് ദാനം.