കോവിഡ് കാലത്തെ അതിജീവനം: വേണ്ടത് ആസൂത്രണവും സഹായവും
കോട്ടയം: കോവിഡ് കാലം ഇനിയും നീളുമെന്ന വാർത്തകളാണ് മാധ്യമങ്ങളിൽ നിറയുന്നത്. സ്വയം നിയന്ത്രണവും അകലം പാലിക്കലും എന്നിവയാണ് ഒരളവോളം കൊറോണ വൈറസിൽ നിന്നുള്ള പ്രതിരോധം. എന്നാൽ കോവിഡ് കാലത്തെ ആത്മീയ പരിപോഷണവും അതിജീവനവും എങ്ങനെയെന്നറിയാതെ ഏറെ പേരും വഴിമുട്ടി നില്ക്കുകയാണ്.സാമ്പത്തിക ബുദ്ധിമുട്ടും മാനസിക സമ്മർദ്ദവും അനുഭവിക്കുന്നവർ ഏറെയുണ്ടെന്നാണ് പലരും ഞങ്ങളെ അറിയിക്കുന്നത്. സഹോദരി സഹോദരന്മാർ പോലും വീടുകളിൽ പ്രവേശനത്തെ മനസുകൊണ്ട് വെറുക്കുമ്പോൾ പാവപ്പെട്ട വിശ്വാസികളും ശുശ്രൂഷകന്മാരും പകച്ചു നിൽക്കയാണ്. ഒറ്റപ്പെടുത്തലും അകറ്റി നിർത്തലും രോഗഭയപ്പാടും ജീവിതക്രമത്തെ താളം തെറ്റിയ്ക്കുമ്പോൾ പരസഹായത്തിനായുള്ള അന്വേഷണങ്ങൾ കൂടിക്കൊണ്ടിരിക്കുന്നു.
Advertisement
ആത്മീയ ആരാധനയ്ക്കും കൂട്ടായ്മയ്ക്കും പോകാനാവാതെ വീടുകളിലിരിയ്ക്കുന്ന വിശ്വാസികൾക്ക് ഓൺലൈൻ ആരാധനകൾ ഒരളവോളം ആശ്വാസമാവുന്നുണ്ടെങ്കിലും ചെറിയ സഭകളിലെ ശുശ്രൂഷകന്മാരെയും സ്ഥിരം വരുമാനമില്ലാത്ത വിശ്വാസികളെയും തളർത്തുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകളാണ്.
ചെറിയ ഫെയ്ത്തു ഹോമുകളിൽ പ്രായമേറിയ മാതാപിതാക്കളോടൊപ്പം കൊച്ചുകുഞ്ഞുങ്ങളുമായി കഴിയുന്ന സഭാ ശുശ്രൂഷകമാരുടെ ജീവിതം ഏറെ ദുഷ്കരമാവുകയാണ്.
വലിയ സഭകളുടെ ശുശ്രൂഷകന്മാർക്ക് കോവിഡ് കാലത്ത് സംരക്ഷണം ലഭിയ്ക്കുന്നുണ്ടെങ്കിലും ചെറിയ സഭകളുടെ സ്ഥിതികളറിയാൻ പോലും നേതൃത്വങ്ങൾ മെനക്കെടുന്നില്ലെന്നാണ് അറിവ്.
നാട്ടിലെത്തിയ പ്രവാസികളായ വിശ്വാസികളുടെയും നിർദ്ധനരായ വിശ്വാസികളുടെയും ആശ്വാസത്തിനായി സാമ്പത്തിക ശേഷിയുള്ള സഭകളും സഭാനേതൃത്വങ്ങളും മുന്നിട്ടിറങ്ങണം. അതാണ് ഈ ദുരന്ത കാലത്തു കരണീയമായിട്ടുള്ളത്. അല്ലാതെ വാതിൽ കൊട്ടിയടച്ചു ഫോണിലൂടെ ബന്ധപ്പെടാവുന്നവരെ മാത്രം വിളിച്ചു കുറെ ഭയപ്പാട് പറഞ്ഞിട്ട് കാര്യമില്ല. എന്തെങ്കിലും ചെയ്യാൻ സാവകാശമുണ്ടെങ്കിൽ ഇപ്പോഴാണ് അത് ചെയ്യേണ്ടത്. കഴിഞ്ഞ രണ്ടു വെള്ളപ്പൊക്കത്തിലും സഹായഹസ്തങ്ങൾ നീട്ടിയ നിരവധി വിശ്വാസികളുണ്ട്. എന്നാൽ കൊറോണ അതിനെയെല്ലാം കവച്ചുവയ്ക്കുന്നതാണ്. ദേശഭേദമില്ലാതെ വലിപ്പച്ചെറുപ്പമില്ലാതെ ജനങ്ങൾ കഷ്ടപ്പെടുകയാണ്. ഇവിടെ നമുക്ക് എന്തുചെയ്യാൻ കഴിയുമെന്നതാണ് ചിന്തിക്കേണ്ടത്. ഇതിനായി ശരിയായ ആസൂത്രണവും സഹായവും അനിവാര്യമാണ്. ആത്മീയ പരിപോഷണത്തോടൊപ്പം അതിജീവനവും ആഗ്രഹിക്കുന്നതാണ് ഏറെയും.
Advertisement
കുട്ടികളുടെ പഠനം ഓൺലൈൻ ആയതോടെ വീടുകളിൽ അതിനുള്ള സൗകര്യമൊരുക്കലും മറ്റും ഏറെ കുടുംബങ്ങളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അവിടെയും ഉപകരണങ്ങളും മൊബൈലും ടി.വി യും നൽകി സഹായിച്ചവരുണ്ട്. അവരെ കൃതജ്ഞതയോടെ അനുമോദിക്കുന്നു.
പൊതു ലോകത്തോടൊപ്പം വിശ്വാസികളും ശുശ്രൂഷകരും നേരിടുന്ന ഈ പ്രതിസന്ധിയിൽ ആശ്വാസമേകാൻ സഭകളും നേതൃത്വങ്ങളും മുന്നിട്ടിറങ്ങുന്നതിനായി കാത്തിരിയ്ക്കുന്നവരാണ് ഏറെയും. ദൈവം നൽകിയ സുന്ദര ഭവനങ്ങളിലും വിദേശത്തുമിരുന്നു തൻകാര്യം മാത്രം നോക്കുന്ന ചിലരെപ്പോലെയല്ല വിശ്വാസസമൂഹമെന്നത് ലോകത്തിനു പ്രദർശിപ്പിക്കാനുള്ള അവസരം കൂടിയാകട്ടെ നമുക്ക് ഈ കൊറോണക്കാലം.