ഇസ്രായേലിൽ നെതന്യാഹുവിനു തിരിച്ചടി ; തെരഞ്ഞെടുപ്പിൽ ത്രിശങ്കുസഭ

0
802

ബോണി ജോർജ് സിഡ്നി

ഇസ്രയേൽ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനു വൻ തിരിച്ചടി. പാർലമെന്റായ നെസറ്റിലേക്ക്‌ നടന്ന പുനർ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ല. പതിറ്റാണ്ടുകളായി ഇസ്രയേലി രാഷ്‌ട്രീയത്തിൽ അതികായനായ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ പതനത്തിന്റെ തുടക്കമായേക്കാം ഫലമെന്നാണ്‌ സൂചന. 69.4 ശതമാനം പേരാണ്‌ വോട്ട്‌ ചെയ്‌തത്‌.

ഇത്തവണത്തെത് ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പായിരുന്നതിനാൽ തെരഞ്ഞെടുപ്പിൽ 90 ശതമാനം വോട്ട്‌ എണ്ണിക്കഴിഞ്ഞപ്പോൾ 120 അംഗ നെസറ്റിൽ നെതന്യാഹുവിന്റെ ലിക്കുഡ്‌ പാർടിക്ക്‌ 31 സീറ്റ്‌ മാത്രമാണുള്ളത്‌. മുഖ്യപ്രതിയോഗിയായ മുൻ സേനാ തലവൻ ബെന്നി ഗാന്റ്‌സിന്റെ ബ്ലൂ ആൻഡ്‌ വൈറ്റ്‌ പാർടിക്ക്‌ 32 സീറ്റുണ്ട്‌. വലതുപക്ഷ, യാഥാസ്ഥിതിക കക്ഷികൾ ചേർന്ന ലിക്കുഡിന്റെ സഖ്യത്തിന്‌ 55 സീറ്റും മധ്യപക്ഷ ബ്ലൂ ആൻഡ്‌ വൈറ്റ്‌ സഖ്യത്തിന്‌ 56 സീറ്റുമുണ്ട്‌. ഭൂരിപക്ഷത്തിന്‌ 61 സീറ്റ്‌ വേണമെന്നിരിക്കെ അവിഗ്‌ദോർ ലീബർമാന്റെ ഇസ്രയേൽ ബൈയ്‌തനു പാർടി നിർണായകമാകും. ഒമ്പത്‌ സീറ്റ്‌ ഇവർക്കുണ്ട്‌.

മതേതര ലിബറൽ ഐക്യ സർക്കാർ രൂപീകരിക്കണമെന്ന ലീബർമാന്റെ ആവശ്യം നെതന്യാഹുവിനെ തടയാൻ ലക്ഷ്യമിട്ടുള്ളതായാണ്‌ വിലയിരുത്തപ്പെടുന്നത്‌. പതിറ്റാണ്ടുകളോളം നെതന്യാഹുവിന്റെ ഉറ്റ മിത്രമായിരുന്ന ലീബർമാൻ അധികകാലമായിട്ടില്ല എതിർപക്ഷത്തായിട്ട്‌. കഴിഞ്ഞ ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിനുശേഷം ലീബർമാൻ ലിക്കുഡ്‌ സഖ്യ സർക്കാരിൽ ചേരാൻ വിസമ്മതിച്ചതോടെയാണ്‌ ഭൂരിപക്ഷമില്ലാതെ പാർലമെന്റ്‌ പിരിച്ചുവിട്ട്‌ വീണ്ടും തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കാൻ നെതന്യാഹു നിർബന്ധിതനായത്‌.

അറബ്‌ പാർടികളുടെ ജോയിന്റ്‌ ലിസ്റ്റിന്‌ 13 സീറ്റ്‌ ലഭിച്ചിട്ടുണ്ട്‌. ഐക്യ സർക്കാർ രൂപീകരിക്കപ്പെട്ടാൽ അതിന്റെ നേതാവ്‌ അയ്‌മാൻ ഒദെ ക്യാബിനറ്റ്‌ പദവിക്ക്‌ തുല്യമായ പ്രതിപക്ഷ നേതാവാകാൻ സാധ്യതയുണ്ട്‌. ആദ്യമായിട്ടായിരിക്കും ഒരു അറബ്‌ നേതാവ്‌ ഇസ്രയേൽ പ്രതിപക്ഷ നേതാവാകുന്നത്‌. മുമ്പ്‌ 84ലാണ്‌ സഖ്യ സർക്കാർ ഉണ്ടായത്‌. നെതന്യാഹുവിനെ അംഗീകരിക്കില്ലെന്ന്‌ മറ്റ്‌ പ്രധാന കക്ഷികളുടെ നേതാക്കൾ വ്യക്തമാക്കിയതിനാൽ ഐക്യ സർക്കാരിനുവേണ്ടി ലിക്കുഡിൽനിന്ന്‌ മറ്റാരെങ്കിലും നെതന്യാഹുവിനെതിരെ രംഗത്ത്‌ വന്നേക്കാം.

പ്രസിഡന്റ്‌ റ്യൂവെൻ റിവ്‌ലിൻ ചർച്ചകൾക്കുശേഷം സർക്കാർ രൂപീകരണത്തിന്‌ ആരെ വിളിക്കും എന്നറിയാൻ കാത്തിരിക്കുകയാണ്‌ ലോകം. പരാജയം വ്യക്തമായിട്ടും അത്‌ നെതന്യാഹു സമ്മതിച്ചില്ല. സർക്കാരുണ്ടാക്കാൻ കഴിയുമെന്നാണ്‌ അദ്ദേഹത്തിന്റെ പ്രതീക്ഷ. അമേരിക്ക ഇടപെട്ടാൽമാത്രമേ അതിന്‌ സാധ്യതയുള്ളൂ എന്നാണ്‌ സൂചന.

(കടപ്പാട്)

Advertisement

pp

 

LEAVE A REPLY

Please enter your comment!
Please enter your name here