പത്ത് വര്‍ഷത്തിനുള്ളില്‍ ചന്ദ്രനില്‍ ഇന്ത്യ ഫാക്ടറി നിര്‍മിക്കും, ഹീലിയം-3 ഭൂമിയിലേക്കെത്തിക്കും

0
1090

ന്യൂഡൽഹി: വരുന്ന പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയ്ക്ക് ചന്ദ്രോപരിതലത്തിൽ ആസ്ഥാനം നിർമിക്കാൻ സാധിക്കുമെന്നും ഹീലിയം-3 വേർതിരിച്ചെടുത്ത് ഭൂമിയിലേക്കയക്കുമെന്നും മുൻ ഡിആർഡിഓ ശാസ്ത്രജ്ഞൻ എ.ശിവതാണു പിള്ള. ദൂർദർശൻ ന്യൂസിന്റെ ‘വാർ ആന്റ് പീസ്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹിരാകാശ സാങ്കേതിക വിദ്യയിൽ മേൽക്കൈ സ്വന്തമാക്കിയ നാല് രാജ്യങ്ങളിൽ ഒന്നാണ് ഇപ്പോൾ ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ഡിആർഡിഓയുടെ ബ്രഹ്മോസ് മിസൈൽ പദ്ധതിയ്ക്ക് നേതൃത്വം നൽകിയത് ശിവതാണുപിള്ളയായിരുന്നു.

അമൂല്യമായ അസംസ്കൃത വസ്തുക്കളും ഹീലിയം-3യും വേർതിരിച്ചെടുത്ത് ഭൂമിയിലേക്കെത്തിക്കാൻ ചന്ദ്രനിൽ ഒരു ഫാക്ടറി കെട്ടിപ്പടുക്കാനും ഇന്ത്യക്ക് സാധിക്കും.

ഭാവിയിൽ ഊർജോൽപാദനത്തിനായി ഉപയോഗിക്കാനാവുന്ന പുതിയ വസ്തുവായിരിക്കും ഹീലിയം-3 എന്നും അദ്ദേഹം പറഞ്ഞു. യുറേനിയത്തേക്കാൾ നൂറിരട്ടി അധികം ഊർജം ഉൽപാദിപ്പിക്കാൻ കഴിവുള്ള നോൺ റേഡിയോ ആക്റ്റീവ് വസ്തുവാണ് ഹീലിയം-3.

സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളിലേക്കുള്ള വിക്ഷേപണങ്ങൾ നിയന്ത്രിക്കുന്ന കേന്ദ്രമായും ചന്ദ്രനിലെ ഇന്ത്യയുടെ ആസ്ഥാനം മാറുമെന്നും അദ്ദേഹം പറയുന്നു. അമേരിക്കയും, റഷ്യയും, ചൈനയും ചന്ദ്രനിൽ ആസ്ഥാനം നിർമിക്കാൻ താൽപര്യപ്പെടുന്നുണ്ട് സ്വാഭാവികമായും ഇന്ത്യയും പിന്നാലെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here