മണിപ്പുരിൽ സമാധാനമായില്ല, മുൻഗണനയോടെ പരിഗണിക്കണം -ആർ.എസ്.എസ്. മേധാവി

മണിപ്പുരിൽ സമാധാനമായില്ല, മുൻഗണനയോടെ പരിഗണിക്കണം -ആർ.എസ്.എസ്. മേധാവി

ചാക്കോ കെ. തോമസ് ബാംഗ്ലൂർ

നാഗ്പുർ: വംശീയകലാപമുണ്ടായ മണിപ്പുരിൽ ഒരുവർഷത്തിനുശേഷവും സമാധാനം പുനഃസ്ഥാപിക്കാനാവാത്തതിൽ ആശങ്ക പ്രകടിപ്പിച്ച് ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത്. 

സംഘർഷഭരിതമായ സംസ്ഥാനത്തെ സ്ഥിതിഗതികൾ മുൻഗണനയോടെ പരിഗണിക്കണമെന്നും ഭാഗവത് ആവശ്യപ്പെട്ടു. 

രേഷിംബാഗിലെ ഡോ. ഹെഡ്‌ഗേവാർ സ്മൃതിഭവനിൽ സംഘടിപ്പിച്ച ആർ.എസ്.എസ്. പരിശീലനപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധമേഖലകളിലും സമൂഹത്തിലും സംഘർഷമുണ്ടാവുന്നതും അത് ശമിക്കാത്തതും നല്ലതിനല്ല. തിരഞ്ഞെടുപ്പ് വാചകക്കസർത്തുകൾ അവസാനിപ്പിച്ച് രാജ്യംനേരിടുന്ന പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ഒരുവർഷമായി മണിപ്പുർ സമാധാനത്തിനായി കാത്തിരിക്കുകയാണ്. പത്തുവർഷം മുമ്പ് ആ നാട്ടിൽ ശാന്തി വിളയാടിയിരുന്നു. തോക്കുസംസ്കാരം അവസാനിച്ചെന്നും തോന്നി. പക്ഷേ, പെട്ടെന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത് -ഭാഗവത് പറഞ്ഞു.

കഴിഞ്ഞവർഷം മേയിൽ തുടങ്ങിയ വംശീയകലാപത്തിൽ ഇതുവരെ ഇരുനൂറിലേറെപ്പേരാണ് കൊല്ലപ്പെട്ടത്. പതിനായിരങ്ങൾ അഭയാർഥികളായി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ജിരിബാമിൽനിന്ന് പുതിയ അക്രമങ്ങൾ റിപ്പോർട്ടുചെയ്യുന്നുണ്ട്.