എന്റെ കുടുംബത്തിലെ അംഗങ്ങളെയാണ് എനിക്ക് നഷ്ടപ്പെട്ടത്; ആരെയും കൈവിടില്ല: എൻ ബി ടി സി കമ്പനി ഉടമ
കൊച്ചി: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളെ കൈവിടില്ലെന്നും അപകടത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും എൻബിടിസി ഡയറക്ടർ കെ.ജി എബ്രഹാം. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ വികാരഭരിതനായ അദ്ദേഹം ജീവനക്കാരുടെ കുടുംബത്തെ സംരക്ഷിക്കുമെന്നും വ്യക്തമാക്കി.
ഈ അപകടത്തെക്കുറിച്ച് അറിഞ്ഞപ്പോൾ മുതൽ ആകെ തകർന്ന അവസ്ഥയിലാണ് ഞാൻ. ഞങ്ങളുടെ ജീവനക്കാരെ ഞങ്ങൾ എങ്ങനെ നോക്കുകയും സംരക്ഷിക്കുകയും ചെയ്യും എന്ന് നിങ്ങളിൽ പലർക്കും അറിയാവുന്നതാണ്. സ്വന്തം കുടുംബം പോലെയാണ് ഞങ്ങളുടെ ജീവനക്കാരെ കണ്ടത്. അങ്ങനെയുള്ള എൻ്റെ കുടുംബത്തിലെ അൻപത് പേരാണ് ഇല്ലാതായത്. എനിക്ക് താങ്ങാൻ പറ്റുന്നതല്ല ഈ ദുരന്തം. എൻ്റെ സഹോദരങ്ങളേയും മക്കളേയും എനിക്ക് നഷ്ടമായി.
എൻ്റെ സ്വന്തം കുടുംബമാണിത്. എൻബിടിസി കുടുംബം എന്നാണ് ഞങ്ങൾ പറയാറുള്ളത് പോലും. നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. സമയോചിതമായ സഹകരണവും നടപടികളുമാണ് ഇക്കാര്യത്തിൽ കുവൈത്ത് ഭരണകൂടത്തിലുണ്ടായത്. കുവൈത്ത് പൊലീസും അഗ്നിരക്ഷാസേനയും ഇക്കാര്യത്തിൽ വലിയ പിന്തുണ നൽകി. 49 വർഷമായി കുവൈറ്റിലുള്ളയാളാണ് ഞാൻ. ആ രാജ്യത്തേയും അവിടുത്തെ മനുഷ്യരേയും അത്രയ്ക്ക് ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്.
നിയമവിരുദ്ധമായി ഒന്നും ഞാൻ ചെയ്തില്ല. എവിടെയും ഞാൻ ഒളിച്ചോടില്ല. ഞാനാണ് കമ്പനിയുടെ ഉടമ. ഞാൻ തന്നെ കുവൈത്തിലേക്ക് പോകും. ഏതോ ഒരു മീഡിയ വാർത്ത കൊടുത്തത് കണ്ടു ഞാൻ ഏതോ ആശുപത്രിയിൽ ഒളിവിൽ പോയിരിക്കുകയാണെന്ന്. അപകടം വിവരമറിഞ്ഞിട്ട് തല പെരുത്തുകയറിയ അവസ്ഥയിലായിരുന്നു ഞാൻ. ആരോഗ്യനില മോശമായത് കൊണ്ടാണ് ആശുപത്രിയിൽ പോയത്. അതിന് അടുത്താണ് വീട്. എനിക്ക് ഇതിൽ എന്ത് നഷ്ടപ്പെടാനാണ്. എൻ്റെ ഒപ്പമുണ്ടായിരുന്നവരെ എനിക്ക് നഷ്ടപ്പെട്ടു. അതിലും വലുതല്ല ഒന്നും.