അന്ധതമസ്സിൽ വെളിച്ചമായ പി.എം.സാമുവൽ

0
1324

അന്ധതമസ്സിൽ വെളിച്ചമായ പി.എം.സാമുവൽ

ഇവാ.മാത്യു എബനേസർ

വൈദിക പഠനത്തിനായി 2001-ൽ ഡെഹ്റാഡൂണിലെ ന്യൂ തിയോളജിക്കൽ കോളെജിൽ എത്തിയപ്പോഴാണ് പി.എം. സാമുവൽ അങ്കിളിനെ ആദ്യമായി പരിചയപ്പെടുന്നത്. പ്രായോഗിക പരിശീലനത്തിനായുള്ള ഗ്രൂപ്പുകൾ തയ്യാറായപ്പോൾ ഷാർപ്പ് മെമ്മോറിയൽ സ്കൂളിലേയ്ക്കായിരുന്നു ഞാൻ നിയോഗിക്കപ്പെട്ടത്. എല്ലാ ഞായറാഴ്ചയും ഞങ്ങൾ പന്ത്രണ്ട് വിദ്യാർത്ഥികളും ഒരു അദ്ധാപകനുമടങ്ങുന്ന ടീം ഷാർപ്പ് മെമ്മോറിയൽ സ്കൂൾ സന്ദർശിച്ച് അവിടുത്തെ അന്തേവാസികളോടൊപ്പം അല്പം സമയം ചെലവഴിക്കുകയും, അവർക്കായി ഒരു കൂട്ടായ്മ നടത്തുകയും വേണം.
ഷാർപ്പിലേക്കുള്ള ആദ്യ സന്ദർശനം ഇപ്പോഴും എന്റെ മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല. ഞങ്ങളുടെ വാഹനത്തിന്റെ ശബ്ദം കേട്ട് ഓടിക്കൂടിയ ഒരു കൂട്ടം പെൺകുട്ടികൾ. കാഴ്ചയില്ലാത്തവരാണെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാം. എന്നാൽ എല്ലാവരുടെയും മുഖത്ത് ആയിരം വാട്ടിന്റെ ബൾബ് കത്തിച്ചിട്ട പ്രകാശമാണ്. ഞങ്ങളുടെ മെന്റർ സാം സാറും, ലീഡർ വന്ദനയും ചേർന്നു ടീമിലെ പുതുമുഖങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്താൻ തുടങ്ങി. അവർക്ക് ഞങ്ങളെ കാണാനാവില്ലാത്തതുകൊണ്ട് ഞങ്ങൾ സ്വന്തം പേര് ഉറക്കെ പറയണം. ശബ്ദത്തിലൂടെ യാണ് അവർ ഞങ്ങളെ തിരിച്ചറിയുന്നത്. “മേരാ നാം മാത്യു ഹൈ” എന്ന് പല പ്രാവശ്യം പറഞ്ഞ് പരിശീലിച്ചിട്ടാണ് പോയതെങ്കിലും എനിക്ക് ഒരു വാക്കുപോലും ഉച്ചരിക്കാനായില്ല. കാഴ്ചയില്ലാത്ത ഇത്രയധികംപേരെ ആദ്യമായി ഒന്നിച്ചു കണ്ടതിന്റെ ഞെട്ടലിൽ നിന്ന് മുക്തി നേടാൻ എനിക്ക് മണിക്കൂറുകൾ തന്നെ വേണ്ടി വന്നു.

ആദ്യ സന്ദർശനത്തിൽ തന്നെ എനിക്ക് ഒരു കാര്യം വ്യക്തമായിരുന്നു, ഏറ്റവും ഉത്കൃഷ്ടമയ പരിശീലനമാണ് ഇവർക്ക് ലഭിക്കുന്നത്. ഒരു വയസ്സുള്ള കുഞ്ഞു മുതൽ എൺപതു കഴിഞ്ഞ മുത്തശ്ശി വരെ എത്ര ആത്മവിശ്വാസത്തോടെയാണ് പെരുമാറുന്നത്!! അവരുടെ അച്ചടക്കവും, പെരുമാറ്റത്തിലെ കുലീനതയും ഒക്കെക്കണ്ടാൽ ഇവർ കാഴ്ചയില്ലാത്തവരാണെന്ന് വിശ്വസിക്കാനാവില്ല. നാലു മണിക്ക് പ്രാർത്ഥനക്കായുള്ള മണി മുഴങ്ങിയപ്പോൾ വരിവരിയായി അവർ ചാപ്പലിലേക്ക് നടന്നു. പ്രായമായവരെയും നടക്കാൻ ബുദ്ധിമുട്ടുള്ളവരെയും ചെറുപ്പക്കാരായ മറ്റുള്ളവർ സഹായിക്കുന്നു. അവരെ വഴി തെറ്റാതെ പോകാൻ ഞങ്ങളും കൂടെ സഹായിക്കണമോ എന്ന എന്റെ ആശങ്ക മനസ്സിലാക്കിയ വന്ദന എന്നെ ആശ്വസിപ്പിച്ചു “വേണ്ട ഭയ്യാ, നമ്മൾ സഹായിക്കുന്നതാണ് അവർക്ക് ബുദ്ധിമുട്ട്. ഒരു കല്ലിലും തട്ടാതെ അവർ ചാപ്പലിൽ എത്തിക്കോളും,” വന്ദനയുടെ മാതാവും ഷാർപ്പിലെ അദ്ധ്യാപകരിൽ ഒരാളായിരുന്നു.

ചാപ്പലിലെ ആരാധന എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഹാർമോണിയവും, ചിഞ്ചിലും, ഡോളക്കുമൊക്കെ കൊട്ടി എത്ര സന്തോഷത്തോടെയാണ് അവർ ദൈവത്തെ ആരാധിക്കുന്നത്. ദൈവവചനത്തിലെ നല്ലൊരു ഭാഗം മിക്കവർക്കും മന:പാഠമാണ്. ആരാധനയ്ക്ക് ഇടയിൽ സാമുവൽ അങ്കിൾ കടന്നുവന്നു. അദ്ദേഹം ഞങ്ങളെ ഹാർദ്ദമായി സ്വാഗതം ചെയ്യുകയും ഞങ്ങൾക്കായി പ്രാർത്ഥിക്കുവാൻ ഷാർപ്പിലെ പ്രിയപ്പെട്ടവരോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ആരാധനയ്ക്ക് ശേഷമാണ് ഞങ്ങൾ വിശദമായി പരിചയപ്പെട്ടത്.

ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്നതിനായാണ് സാമുവൽ – സുമന ദമ്പതികൾ മസൂറിയിലെത്തിയത്. ചില വർഷങ്ങൾ ആ മേഖലയിൽ കർത്താവിനെ സേവിച്ചു കൊണ്ടിരിക്കെയാണ് ഷാർപ്പ് മെമ്മോറിയൽ സ്ക്കൂളിൽ നിന്നുള്ള ‘മക്കദോന്യ വിളി’ സാമുവൽ – സുമന ദമ്പതികളെത്തേടിയെത്തിയത്. 1887-ൽ ആനി ഷാർപ്പ് എന്ന മിഷനറി വനിതയാൽ സ്ഥാപിതമായ, ഇന്ത്യയിലെ തന്നെ ആദ്യ അന്ധ വിദ്യാലയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷാർപ്പിന്റെ ചുമതല ഏറ്റെടുക്കുമ്പോൾ ‘വിളിച്ച ദൈവം വിശ്വസ്തൻ’ എന്ന വിശ്വാസം മാത്രമായിരുന്നു തങ്ങളുടെ കൈമുതൽ. എന്നാൽ പിന്നീടിങ്ങോട്ടുള്ള മുപ്പത്തിയാറ് വർഷങ്ങൾ ഷാർപ്പിനെ സംബന്ധിച്ചടത്തോളം ‘സുവർണ്ണ കാലഘട്ടം” എന്നേ വിശേഷിപ്പിക്കാനാവൂ. സാമുവൽ എന്ന ദീർഖദർശിയുടെ നേത്രുത്വ പാടവവും, സമർപ്പണ മനോഭാവവും വീടിന്റെ ഇരുളടഞ്ഞ മൂലയിൽ അവസാനിക്കേണ്ടിയിരുന്ന അനേക ജീവിതങ്ങളെ ജീവിതത്തിന്റെ ഉന്നത തലങ്ങളിലേയ്ക്ക് കൈപിടിച്ചുയർത്തി എന്നത് തെല്ലും അതിശയോക്തിയല്ല.

നൂറ്റിപ്പത്തോളം അന്ധരായ അന്തേവാസികളുള്ള ഒരു സ്ഥാപനം നടത്തിക്കൊണ്ടു പോവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചിലർ നന്നേ പ്രായമുള്ളവരാകയാൽ രോഗബാധിതരാവുക എന്നത് ഒരു പതിവുകാര്യമാണ്. പാതിരാത്രിയിൽ കണ്ണുകാണാനാവാത്ത രോഗികളുമായി ആശുപത്രിയിലേക്കോടുന്നതിന് അങ്കിളിന് യാതൊരു മടിയുമില്ലായിരുന്നു.

ഷാർപ്പിൽ ഞാൻ ചിലവിട്ട ഞായറാഴ്ചകൾ ഓരോന്നും അവിസ്മരണീയമായിരുന്നു. ഒരു ഞായറാഴ്ച കുട്ടികളുടെ ആവശ്യം അവരോടൊപ്പം ക്രിക്കറ്റ് കളിക്കണം എന്നതായിരുന്നു. കണ്ണു കാണാത്തവർക്ക് ക്രിക്കറ്റ് കളിക്കാനാവുമോ എന്ന എന്റെ സംശയത്തിന് നിമിഷങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ഉരുളുമ്പോൾ ശബ്ദമുണ്ടാക്കുന്ന പന്തു വച്ച് ഞങ്ങൾ മനോഹരമായി ക്രിക്കറ്റ് കളിച്ചു. കണ്ണു കാണാൻ സാധിക്കാത്തവർക്ക് കായികാഭ്യാസത്തിനുള്ള അവസരം നിഷേധിച്ചു കൂടാ എന്ന സാമുവൽ അങ്കിളിന്റെ നിശ്ചയദാർഡ്യമാണ് ക്രിക്കറ്റ് ഉൾപ്പെടെയുള്ള കായിക വിനോദങ്ങളിൽ അവർക്ക് ലഭിച്ച പരിശീലനം വെളിവാക്കുന്നത്.

പേരിന്റെ ഇനിഷ്യൽ പി.എം. എന്നായതിനാൽ തന്റെ അടുത്ത സുഹൃത്തുക്കൾ അങ്കിളിനെ ‘പ്രൈം മിനിസ്റ്റർ’ എന്ന് സ്നേഹപൂർവ്വം വിളിക്കുമായിരുന്നു. ചോക്കളേറ്റുകളും തേനും ഇഷ്ടപ്പെട്ട, എപ്പോഴും പുഞ്ചിരിക്കുന്ന മുഖത്തോടെ കഷ്ടപ്പെടുന്നവരുടെ വിഷമതകൾ ശ്രദ്ധയോടെ കേട്ടിരുന്ന സാമുവൽ അങ്കിൾ, ഡെറാഡൂണിലെ ക്രൈസ്തവ കൂട്ടായ്മകളിലെ സ്ഥിരസാന്നിധ്യമായിരുന്നു. ഡെറാഡൂണിലെ ഗിദയോൻസിന്റെ പ്രധാന കേന്ദ്രം ഷാർപ്പ് മെമ്മോറിയൽ ആയിരുന്നു. പല ഭാഷകളിലുള്ള വേദപുസ്തകങ്ങൾ സംഭരിച്ചുവയ്ക്കുന്നതിനായി താൻ ഷാർപ്പിന്റെ കവാടങ്ങൾ തുറന്നിട്ടു. ഒരിയ്ക്കൽ കുറച്ച് ഹിന്ദി വേദപുസ്തകങ്ങൾക്കായി ഞാൻ ചെന്നപ്പോൾ രാത്രി അല്പം വൈകിപ്പോയിരുന്നു, എന്നാൽ ഒരു മടിയും കൂടാതെ ഗോഡൗൺ തുറന്നു തരികയും, ഭാരമേറിയ കെട്ടുകൾ ഉയർത്താൻ എന്നെ സഹായിക്കാൻ തുനിയുകയും ചെയ്തു.

സുവിശേഷം പ്രഘോഷിക്കുവാനുള്ള അവസരങ്ങൾ അങ്കിൾ ശരിയ്ക്കും മുതലാക്കിയിരുന്നു. എല്ലാവർഷവും ഷാർപ്പിലെ ക്രിസ്തുമസ് സർവ്വീസ് വളരെ വിപുലമായാണ് നടത്തിയിരുന്നത്. മുഖ്യമന്ത്രി, ഗവർണർ തുടങ്ങിയ സമൂഹത്തിലെ ഉന്നതർ അതിഥികളായെത്താറുള്ള ക്രിസ്തുമസ് സർവ്വീസുകളിൽ ഷാർപ്പിലെ അന്തേവാസികൾ പാട്ടിലൂടെയും ലഘുനാടകങ്ങളിലൂടെയും യേശുവിന്റെ സ്നേഹത്തെ വർണ്ണിക്കുമ്പോൾ കേൾവിക്കാരുടെ കണ്ണുകൾ ഈറനണിയുന്നത് പതിവു കാഴ്ചയാണ്. അത്തരമൊരവസരത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന  വിജയ് ബഹുഗുണ വികാരാധീനനാവുകയും, സാമുവൽ അങ്കിൾ നൂറു രൂപ വിലയിട്ട സുവനീറിന് അഞ്ചു ലക്ഷം രൂപ സമ്മാനമായി നൽകുകയും ചെയ്തതിനു ഞാനും ദൃക്സാക്ഷിയാണ്. തന്റെ സമൂഹത്തിനു വേണ്ടിയുള്ള നിസ്തുല സേവനങ്ങളെ മാനിച്ച് ഉത്തരാഖണ്ഡ് സർക്കാർ അങ്കിളിനെ ‘ഉത്തരാഖണ്ഡ് രത്ന’ നൽകി മാനിക്കുവാനിടയായി.

അന്ധതയോടൊപ്പം കേൾവിശക്തിയും ഇല്ലാത്തവർക്കായുള്ള പരിശീലനത്തെപ്പറ്റി കേട്ട സാമുവൽ അങ്കിളിന് പിന്നെ അടങ്ങിയിരിക്കാനായില്ല. ഷാർപ്പിലെ അദ്ധ്യാപകർക്ക് അതിനാവശ്യമായ പരിശീലനം ലഭ്യമാക്കിയതിനു ശേഷമേ തനിക്ക് ആശ്വാസമായുള്ളൂ.

മൂന്ന് മാസങ്ങൾക്ക് മുൻപാണ് അങ്കിളിനെ അവസാനമായി കണ്ടത്. ഫെബ്രുവരി 14 – ന് ഷാർപ്പിലെ ആരാധനയിൽ വചന ശുശ്രൂഷയ്ക്കായ് കടന്നുപോയപ്പോൾ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള ആരാധനയ്ക്കുശേഷം കുശലാന്വേഷണങ്ങൾക്കായി അടുത്തുവന്ന അങ്കിൾ മറ്റൊന്നുമോർക്കാതെ പതിവുപോലെ ഹസ്തദാനത്തിനായി കൈ നീട്ടാനൊരുങ്ങിയപ്പോൾ ഞാൻ സേനഹപൂർവ്വം വിലക്കി. ഞങ്ങളുടെ കുഞ്ഞുങ്ങളോടും സ്നേഹാന്വേഷണം നടത്തിയ ശേഷം “Ok, take care, God bless” എന്ന് പറഞ്ഞ് നടന്നു നീങ്ങിയ സാമുവൽ അങ്കിൾ നിത്യഭവനത്തിൽ എത്തിച്ചേർന്നു എന്നത് വിശ്വസിക്കാനാവുന്നില്ല. ഡെഹ്റാഡൂൺ നഗരമധ്യത്തിലുള്ള ഇംഗ്ലീഷ് സെമിട്രിയിൽ, ആനി ഷാർപ്പിന്റെ കല്ലറയോട് ചേർന്ന്, അങ്കിളിന്റെ ഭൗതിക ശരീരം ഇപ്പോൾ വിശ്രമിക്കുന്നു.

അതെന്തായാലും അടുത്ത തവണ സാമുവൽ അങ്കിളിനെ കാണുമ്പോൾ അദ്ധേഹത്തിന്റെ അടുത്തെത്താൻ എനിയ്ക്കൽപ്പം കാത്തു നിൽക്കേണ്ടിവരും, ഷാർപ്പിലെ പ്രിയപ്പെട്ടവർ കാഴ്ച പ്രാപിച്ചു കഴിയുമ്പോൾ ഒന്നാമത് കർത്താവിനെ കണ്ട ശേഷം അങ്കിളിനെ കൺകുളിർക്കെ കാണാനായി ഓടിയെത്തുമല്ലോ, അവർ മതിയാവോളം കണ്ടതിനു ശേഷമല്ലേ എനിയ്ക്ക് അവസരം ലഭിക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here