പുല്ലാട് ദമ്പതിമാർ മരിച്ച അപകടം; കാരണം KSRTC-യുടെ അമിതവേഗവും യാത്രക്കാരുമായുണ്ടായ തർക്കവും
പുല്ലാട്: കാറിൽ കെ.എസ്.ആർ.ടി.സി. ഫാസ്റ്റ് പാസഞ്ചർ ഇടിച്ച് ദമ്പതിമാർ മരിക്കാൻ ഇടയാക്കിയ അപകടത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. തിരുവനന്തപുരം വിതുര തൊളിക്കോട് താന്നിമൂട് തടത്തരിയേത്ത് നിജിലാൽരാജിനെ (40) ആണ് കോയിപ്രം പോലീസ് വീട്ടിൽനിന്നു അറസ്റ്റുചെയ്‌തത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്. ഇയാളെ ശനിയാഴ്‌ച കോടതിയിൽ ഹാജരാക്കും. അപകടം നടന്ന ഉടൻ സ്ഥലത്തുനിന്ന് ഡ്രൈവറും കണ്ടക്ടറും കടന്നുകളഞ്ഞതായി ആരോപണമുണ്ടായിരുന്നുുവെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
ടി.കെ.റോഡിൽ പുല്ലാട് ജങ്ഷന് സമീപം കനാൽ പാലത്തിനടുത്തുവെച്ച് വ്യാഴാഴ്‌ച രാത്രി 9.20-ന് ആയിരുന്നു അപകടം. ബസിൻ്റെ അമിതവേഗവും ഡ്രൈവറും യാത്രക്കാരുമായി ഉണ്ടായ തർക്കവും അപകടത്തിന് കാരണമായെന്നാണ് പോലീസ് പറയുന്നത്.
വേഗത്തിൽ വരുകയായിരുന്ന ബസിൽ തർക്കം ഉണ്ടായതോടെ ഡ്രൈവറുടെ ശ്രദ്ധനഷ്ടപ്പെട്ടു. കനാൽപാലത്തിൽ ബസ് ഇടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റുമ്പോഴേക്കും നിയന്ത്രണംതെറ്റി എതിരേ കുമ്പനാട് ഭാഗത്തേക്കുപോയ കാറിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ബസ് 30 മീറ്ററോളം പിന്നിലേക്ക് കാർ നിരക്കിക്കൊണ്ടുപോയി. സമീപത്തെ വർക്ക് ഷോപ്പിന്റെ മതിലിനോട് ചേർന്ന നിലയിലായിരുന്ന കാർ നിശ്ശേഷം തകർന്നു.
കുമ്പനാട് നെല്ലിമല വെട്ടുമണ്ണിൽ വി.ജി.രാജൻ(56) സംഭവസ്ഥലത്തും ഭാര്യ റീന (53) രാത്രി ആശുപത്രിയിലും മരിച്ചിരുന്നു. പരിക്കേറ്റ ഇവരുടെ മകൾ ഷേബ (30) മകൾ ജോവാന (4) എന്നിവരുടെ നില ഗുരുതരമായി തുടരുകയാണ്.
ചെങ്ങന്നൂർ ഗവ.ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം കുമ്പനാട് ഫെലോഷിപ്പ് മോർച്ചറി ഹാളിൽ പൊതുദർശനത്തിനുവെച്ച രാജന്റെയും റീനയുടെയും മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റി. സംസ്കാരം വിദേശത്തുള്ള മരുമകൻ ലിജു സണ്ണി വന്നതിനുശേഷം നടക്കും.
വാഹനാപകടം: വെട്ടുമണ്ണിൽ രാജു ജോർജും ഭാര്യ റീനാ രാജുവും മരണമടഞ്ഞു https://onlinegoodnews.com/accident_tvla_dec_27_2024
കുമ്പനാട്: ശാരോൻ ഫെലോഷിപ്പ് ചർച്ച് മാനേജിംഗ് കൗൺസിൽ അംഗവും മുട്ടുമൺ സഭാംഗവുമായ ബ്രദർ വി.ജി. രാജുവും (68) പത്നി റീനാ ജോർജും(56) വാഹനാപകടത്തെ തുടർന്ന് നിത്യതയിൽ പ്രവേശിച്ചു.
മുട്ടുമൺ ശാരോൻ സഭയുടെ ആഭിമുഖ്യത്തിൽ രാത്രിയിൽ നടന്ന കോട്ടേജ് പ്രയർ കഴിഞ്ഞ് മടങ്ങുമ്പോൾ എതിർ ദിശയിൽ വന്ന വാഹനം ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിച്ച് തൽക്ഷണം ഇരുവരുടെയും മരണം സംഭവിക്കുകയായിരുന്നു.
ഏക മകൾ ശേബയും കുഞ്ഞും ഗുരുതരാവസ്ഥയിൽ തിരുവല്ലയിൽ സ്വകാര്യ ഹോസ്പിറ്റലിൽ കഴിയുന്നു. സംസ്ക്കാരം പിന്നീട്.
ഗുഡ്ന്യൂസ് ഓഫീസ് മുൻ ജീവനക്കാരിയായ ഗ്രേസി സഹോദരിയാണ്.
വാർത്ത: സജി പീച്ചി