പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യത്യസ്തനായി പാസ്റ്റർ ജോയി സി. കൊച്ചാക്കൻ

0
2921

സന്തോഷ് ഇടക്കര

ഇടുക്കി: അതിവേഗം പടർന്നു പിടിക്കുന്ന കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യത്യസ്തനായി പോരാട്ടം നയിക്കുകയാണ് പാസ്റ്റർ ജോയി സി.കൊച്ചാക്കൻ. ആലപ്പുഴ- മധുര സംസ്ഥാന പാതയിൽ ഇടുക്കി പഴയരിക്കണ്ടത്ത് റോഡരികിൽ തന്റെ വീടിനു മുൻപിൽ ഷെഡ് കെട്ടി വാഹന യാത്രക്കാരെ തടഞ്ഞു നിർത്തി കൈകൾ കഴുകിച്ചും ബോധവൽക്കരണം നടത്തിയും ആണ് പാസ്റ്റർ വ്യത്യസ്തനാകുന്നത്.
കൈകൾ കഴുകി യാത്രക്കാരെ പറഞ്ഞയക്കുമ്പോൾ കുപ്പിയിൽ ചൂട് വെള്ളം നൽകുവാനും താൻ ശ്രദ്ധാലുവാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച നാൾ മുതൽ ദിവസവും രാവിലെ 7 മുതൽ രാത്രി 9 വരെ നീളുന്ന ഇൗ ഉദ്യമത്തിൽ നൂറു കണക്കിന് ആളുകൾ കൈകൾ കഴുകി ഇതുവരെ പങ്കാളികൾ ആയിത്തീർന്നു.


ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് അടിമാലി റീജിയൺ മുരിക്കാശ്ശേരി സെക്ഷൻ പണിക്കങ്കുടി ചർച്ച് പാസ്റ്റർ ആയ ജോയി കഴിഞ്ഞ 15 വർഷമായി സുവിശേഷ പ്രവർത്തനങ്ങളിൽ വ്യാപ്രിതനാണ്.കഴിഞ്ഞ 11 വർഷമായി പൊന്നുരുത്താൻ സഭയിൽ ശുശ്രൂഷകൻ ആയിരുന്ന പാസ്റ്റർ ജോയി പണിക്കങ്കുടിയിൽ ചാർജ്ജെടുത്തിട്ട് ഇത് നാലാം വർഷമാണ്.
നന്മ ചെയ്യുവാനും കൂട്ടായ്മ ആചരിക്കാനും മറക്കരുത് എന്ന ആപ്തവാക്യത്തിൽ നിലയുറച്ച് നിലകൊള്ളുന്ന ഇൗ ദൈവഭൃത്യൻ എന്നും സാമൂഹ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ ആണ്. കഴിഞ്ഞ പ്രളയകാലത്ത് കൊന്നത്തടി പഞ്ചായത്തിലെ ഇരുപതോളം ദുരിതാശ്വാസ ക്യാമ്പുകളിൽ മറ്റു സഹോദരങ്ങളുമായി ചേർന്ന് വേണ്ട സഹായങ്ങൾ എത്തിച്ചിരുന്നു.
എക്കാലവും തന്റെ സാമൂഹ്യ പ്രവർത്തനങ്ങൾ പരസ്യം ചെയ്യുവാൻ ആഗ്രഹിക്കാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്ന പാസ്റ്റർ ഇൗ കാലയളവിൽ ആരും പ്രസിദ്ധനാക്കാതെ പുറം ലോകം അറിയുകയായിരുന്നു.
വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരെ കൂടാതെ അച്ചടി- ദൃശ്യ വാർത്താമാധ്യമ പ്രവർത്തകരും താൻ ചെയ്യുന്ന പ്രവർത്തനങ്ങളുടെ വസ്തുതകൾ തേടിവരുന്നു.
ആലുവ കിഴക്കമ്പലം അടുത്ത് പഴങ്ങനാട് കൊച്ചാക്കൻ മത്തായി ചാക്കോ മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു വളർത്തപ്പെട്ട പാസ്റ്റർ യാക്കോബായ പാരമ്പര്യ അനുഭവങ്ങളിൽ നിന്നും തനിയെ വിശ്വാസ അനുഭവങ്ങളിൽ നിലകൊള്ളുന്നു. ഭാര്യ: ലില്ലി,മക്കൾ: ടോണി,റോണി, മരുമകൾ:റോഷ്മ.
മലനാട് പെന്തെകോസ്ത് ഫെലോഷിപ്പ് സജീവ പ്രവർത്തകൻ കൂടിയായ പാസ്റ്റർ വിവിധ വില്ലേജ് മിനിസ്ട്രികൾ ചെയ്തു വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here