മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി അന്തരിച്ചു

0
1508

മോൻസി മാമ്മൻ തിരുവനന്തപുരം

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അരുൺ ജെയ്റ്റ്ലി അന്തരിച്ചു. ഡൽഹി എയിംസിൽ ഇന്ന് ഉച്ചയക്ക് 12.30-നായിരുന്നു അന്ത്യം. 67 വയസ്സായിരുന്നു. ഭാര്യ: സംഗീത ജെയ്റ്റ്ലി മക്കൾ: റോഹൻ, സൊണാലി.ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് കഴിഞ്ഞ ഈ മാസം 16-ന് രാവിലെയാണ് ജെയ്റ്റ്ലിയെ എയിംസിൽ പ്രവേശിപ്പിച്ചത്.
രണ്ടാം തവണയും മോദി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി മന്ത്രിപദം ഏറ്റെടുക്കുന്നതിൽ നിന്ന് സ്വയം ഒഴിഞ്ഞുമാറി.ബിജെപിയുടെ ഉന്നതനേതാക്കളിൽ പ്രമുഖനാണ് ജെയ്റ്റ്ലി. 1998-2004 കാലയളവിൽ വാജ്പേയി മന്ത്രിസഭയിൽ ക്യാബിനറ്റ് പദവി വഹിച്ചു. 2014ൽ മോദി സർക്കാരിൽ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രിയായിരുന്നു. 1991 മുതല്‍ ബിജെപി ദേശീയ നിർവാഹക സമിതി അംഗം.1952 ഡിസംബർ 28ന് മഹാരാജ് കിഷൻ ജെയ്റ്റ്ലിയുടെയും രതൻ പ്രഭാ ജെയ്റ്റ്ലിയുടെയും മകനായി ജനനം. ന്യൂഡൽഹി സെന്റ് സേവ്യേഴ്സ് സ്കൂളിലായിരുന്നു പ്രാഥമിക പഠനം. 1973ൽ ശ്രീറാം കോളജിൽ നിന്ന് കോമേഴ്സിലും 1977ൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ‌ നിന്ന് നിയമത്തിലും ബിരുദം തേടി.
2018 മെയ് മാസത്തിൽ അരുൺ ജെയ്റ്റ്ലിയെ എയിംസിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. കടുത്ത പ്രമേഹ രോഗിയായ അദ്ദേഹം വർഷങ്ങൾക്ക് മുൻപ് ഹൃദയ ശസ്ത്രക്രിയക്കും വിധേയനായിരുന്നു. ഈ വർഷം ആദ്യം അമേരിക്കയിൽ ശ്വാസകോശ ക്യാൻസറിന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇതേ തുടർന്നുള്ള ചികിത്സയിലായിരുന്നു ജെയ്റ്റ്ലി.

LEAVE A REPLY

Please enter your comment!
Please enter your name here