പാസ്റ്റർ കെ സി ചെറിയാന്റെ മകൻ റവ.ഡോ.ജോൺ ചെറിയാൻ അമേരിക്കയിൽ നിര്യാതനായി

0
2637

ഹൂസ്റ്റൺ : ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐ പി സി )യുടെ ആരംഭകാല പ്രവർത്തകനായിരുന്ന പരേതരായ പാസ്റ്റർ കെ.സി.ചെറിയാൻ (വെട്ടിയാറ്റ് ചെറിയാച്ചൻ) – റാഹേലമ്മ ദമ്പതികളുടെ മൂന്നാമത്തെ മകൻ റവ.ഡോ.ജോൺ ചെറിയാൻ (ജോയ്കുട്ടി 83) അമേരിക്കയിലെ ഹൂസ്റ്റണിൽ സഹോദര പുത്രൻ റോബിൻസന്റെ വസതിയിൽ നിര്യാതനായി. സംസ്കാരം ഹൂസ്റ്റൺ ഐപിസി ഹെബ്രോൻ സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 20 വെള്ളി വൈകിട്ട് പൊതുദർശനവും സെപ്റ്റംബർ 21 ശനി വൈകിട്ട് 3.30ന് സംസ്കാര ശുശ്രൂഷയും നടക്കും. 

ഭാര്യ: ഗ്രേയ്സ് ജോൺ ചെറിയാൻ കോട്ടയം വേളൂർ പള്ളിവാതിക്കൽ കുടുംബാംഗം.
സഹോദരങ്ങൾ: പരേതയായ മറിയാമ്മ തോമസ്, ഏബ്രഹാം ചെറിയാൻ ( ന്യൂയോർക്ക്), ഗ്രേയ്സി താവൂ (ബെംഗളുരു) .

അനുസ്മരണം

റവ.ഡോ.ജോൺ ചെറിയാൻ –
സുവിശേഷത്തിന്റെ മനുഷ്യൻ

ചാക്കോ കെ തോമസ്, ബെംഗളുരു

സുവിശേഷ സത്യത്തിന് വേണ്ടി അവസാനത്തോളം ധീരതയോടെ നില നിന്ന് ഇപ്പോൾ നിത്യതയിൽ ചേർക്കപ്പെട്ട റവ.ജോൺ ചെറിയാൻ പെന്തെക്കോസ്ത് സമൂഹത്തിന് അവഗണിക്കാനാവാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു. 1936 മാർച്ച് 23ന് ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ വെട്ടിയാറിൽ പരേതരായ പാസ്റ്റർ കെ.സി.ചെറിയാൻ (വെട്ടിയാറ്റ് ചെറിയാച്ചൻ) – റാഹേലമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായ് റവ.ഡോ. ജോൺ ചെറിയാൻ എന്ന ജോയ് കുട്ടി ജനിച്ചു. ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐ പി സി ) സ്ഥാപകനായ പാസ്റ്റർ കെ.ഇ ഏബ്രഹാമിനൊടൊപ്പം ആരംഭനാളുകളിൽ ഐപിസി യുടെ ശുശ്രൂഷകനായിരുന്നു തന്റെ പിതാവ് തന്റെ പിതാവിന്റെ ശുശ്രൂഷയോടനുബന്ധിച്ച് വിവിധയിടങ്ങളിലായിട്ട് ഹൈസ്ക്കൂൾ വിദ്യാഭാസം പൂർത്തിയാക്കി. പിന്നീട് ദൈവവചനം പഠിക്കുന്നതിന് കുമ്പനാട് ഹെബ്രോൻ ബൈബിൾ കോളജിലും ബെംഗളുരു എസ് എ ബി സി യിലും പൂണെ യൂത്ത്മൾ സെമിനാരിയിലും ചേർന്നു വേദശാസ്ത്ര ബിരുധം കരസ്ഥമാക്കി. പിന്നീട് റവ.ഡോ.ജോൺ താന്നിക്കലിനൊടൊപ്പം ബെംഗളുരു എസ് എ ബി സി യിൽ ഇരുവരും ജോലിയിൽ പ്രവേശിച്ചു. മിഷണറിമാർ ഇന്ത്യ വിടുവാൻ തുടങ്ങിയ ആ കാലഘട്ടത്തിൽ ബെംഗളുരുവിലെ സതേൺ ഏഷ്യാ ബൈബിൾ കോളേജിൽ ആദ്യത്തെ ഡീൻ ആയി ചുമതലയേറ്റു. പിന്നീട് ബെംഗളുരുവിലെ ഹെബ്ബാളിൽ സുവിശേഷ പ്രവർത്തനം നടത്തി അവിടെ ഒരു സഭ ആരംഭിച്ചു. ഈ സഭയാണ് ഇന്ന് പാസ്റ്റർ എം.എ.വർഗീസിന്റെ നേതൃത്വത്തിൽ ബഥേൽ എ ജി എന്ന പേരിൽ അറിയപ്പെടുന്നത്. 1964-ൽ ഉപരിപഠ നത്തിനായ് അമേരിക്കയിലെ അസ്ബറി തിയോളജിക്കൽ സെമിനാരിയിൽ പoനം പൂർത്തികരിച്ച് വേദശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടുകയും ന്യൂയോർക്കിലെ വിവിധ സഭകളിൽ സുവിശേഷകനായും അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ പ്രധാന സുവിശേഷ പ്രസംഗകനായും പ്രവർത്തിച്ചു. അദ്ദേഹം രചിച്ച ക്രിസ്ത്യൻ നരവംശശാസ്ത്രം എന്ന പുസ്തകം ലോകമെമ്പാടുമുള്ള കോളേജ് ലൈബ്രറികൾ പിന്നീട് സ്വീകരിച്ചിരുന്നു. ക്രിസ്തുവിന്റെ നിർമല സുവിശേഷം റേഡിയോയി ലൂടെയും ടെലിവിഷനിലൂടെയും അറിയിക്കുവാനായ് അദ്ദേഹം ന്യൂയോർക്കിൽ ടിവി, റേഡിയോ മിനിസ്ട്രീ ആരംഭിച്ചു. 1971 ൽ കോട്ടയം വേളൂർ പള്ളിവാതിക്കൽ ഗ്രേയ്സ് ജോണിനെ വിവാഹം ചെയ്ത് കുടുംബസ്ഥനായി. അമേരിക്കയുടെ വിവിധയിടങ്ങളിൽ തന്റെ ഭാര്യയൊടൊപ്പം പോയ് സുവിശേഷമറിയിക്കുക പതിവായിരുന്നു. സഭാശുശ്രൂഷയിൽ നിന്ന് വിരമിച്ച ശേഷം സ്പ്രിംങ് ഫീൽഡ് മിസോറി മാറാനാഥാ എ ജി ഗ്രാമത്തിൽ താമസമാക്കി. മക്കൾ ഇല്ലാത്തതിനാൽ വാർദ്ധക്യമായപ്പോൾ ഹൂസ്റ്റണിലുള്ള തന്റെ സഹോദരപുത്രൻ റോബിൻസന്റെ ഭവനത്തിൽ താമസമാക്കി.എന്നാൽ ചില നാളുകളായ് ശാരീര ക്ലേശത്താൽ ആശുപത്രി കിടക്കയിൽ ആയിരുന്നു. സുവിശേഷസത്യത്തിന് വേണ്ടി അവസാനത്തോളം തന്റെ പിതാവിന്റെ പാത പിന്തുടർന്ന് ധീരതയോടെ നിന്ന ജോയ്കുട്ടി എന്ന ജോൺ ചെറിയാൻ സെപ്റ്റംബർ 15ന് രാത്രി നിത്യതയിൽ ചേർക്കപ്പെട്ടു. ഉയിർപ്പിന്റെ പൊൻപുലരിയിൽ വീണ്ടും കാണാമെന്ന പ്രത്യാശയോടെ !

LEAVE A REPLY

Please enter your comment!
Please enter your name here