കാട്ടുപോത്ത് ആക്രമണം: മരിച്ച പ്രവാസി നാട്ടിലെത്തിയത് ഇന്നലെ, സുഹൃത്ത് മരത്തില്‍കയറി രക്ഷപ്പെട്ടു

കാട്ടുപോത്ത് ആക്രമണം: മരിച്ച പ്രവാസി നാട്ടിലെത്തിയത് ഇന്നലെ, സുഹൃത്ത് മരത്തില്‍കയറി രക്ഷപ്പെട്ടു
 ദൃക്‌സാക്ഷി സജി, പ്രദേശത്ത് കണ്ട കാട്ടുപോത്ത് ചത്ത നിലയിൽ 

അഞ്ചല്‍: കൊല്ലം അഞ്ചലില്‍ കാട്ടുപോത്തിന്റെ അക്രമണത്തിനിരയായി കൊല്ലപ്പെട്ട സാമുവല്‍ വര്‍ഗീസ് ദുബായില്‍ നിന്നും നാട്ടിലെത്തിയത് വ്യാഴാഴ്ച രാത്രി. വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ സുഹൃത്തിനോട് സംസാരിച്ചുനിന്ന അദ്ദേഹത്തെ കാട്ടുപോത്ത് പിന്നില്‍ നിന്നും അക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സമീപത്തെ മരത്തില്‍ കയറിയതിനാല്‍ രക്ഷപ്പെട്ടു.

വനമേഖലയല്ലാത്ത പ്രദേശത്ത് കാട്ടുപോത്ത് എങ്ങിനെ എത്തി എന്നതില്‍ വ്യക്തതയില്ല. പോത്തിനെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാട്ടുപോത്തിന്റെ അക്രമണം പ്രദേശത്ത് ആദ്യമായിട്ടാണെങ്കിലും ഇതിന് മുന്‍പ് പന്നിയടക്കമുള്ള വന്യമൃഗങ്ങളുടെ അക്രമണം നേരിട്ടിട്ടുണ്ടെന്ന് വര്‍ഗീസിന്റെ മരണത്തിന് ദൃക്‌സാക്ഷിയായ സജി പറഞ്ഞു.

'ഞാന്‍ റബര്‍ വെട്ടിക്കൊണ്ട് ഇരിക്കുമ്പോള്‍ അദ്ദേഹം ഞാനുമായി സംസാരിച്ചുക്കൊണ്ടിരിക്കുകയായിരുന്നു. താഴെ നിന്ന് അതിവേഗത്തിലവായിരുന്നു പെട്ടെന്ന് കാട്ടുപോത്ത് വന്നത്. എന്റെ നേരെയാണ് ആദ്യം വന്നത്, എന്നാല്‍ ഞാന്‍ സമീപത്തെ മരത്തില്‍ കയറി. അദ്ദേഹത്തിന് മരത്തില്‍ കയറാന്‍ കഴിയാത്തതിനാല്‍ കാട്ടുപോത്ത് അച്ചായനെ അക്രമിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ തൊടയിലും നെഞ്ചിലും കാട്ടുപോത്ത് കുത്തി ഇടിച്ചു കളഞ്ഞു'- ദൃക്‌സാക്ഷിയായ സജി

കാട്ടുപോത്തിന്റെ ആക്രമണത്തിൽ പ്രവാസിയ്ക്ക് ദാരുണാന്ത്യം

സാമുവൽ വർഗീസ്

കൊല്ലം: കാട്ടുപോത്തിന്റെ ആക്രമണത്തിൽ പ്രവാസി മരിച്ചു. ഐപിസി ഇമ്മാനുവേൽ ദുബായ് സഭാംഗം ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞൽ കുന്നുവിള വീട്ടിൽ സാമുവൽ വർഗീസ് (64) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സാമുവൽ ദുബായിൽനിന്നു നാട്ടിലെത്തിയത്. ഇന്നു രാവിലെ വീടിനോടു ചേർന്ന റബർ തോട്ടത്തിൽ നിൽക്കുമ്പോൾ സാമുവലിനെ കാട്ടുപോത്ത് പിന്നിൽനിന്ന് ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ സാമുവലിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വനമേഖലയല്ലാത്ത ആ പ്രദേശത്ത് കാട്ടുപോത്ത് വന്നത് എങ്ങനെയെന്നു തിട്ടമില്ല. കാട്ടുപോത്തിനെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.

വാർത്ത: ടോജോ തോമസ് 

Advertisement