പെന്തെക്കോസ്തിൽ ഗുഡ്‌ന്യൂസിന്റെ സ്വാധീനം അവഗണിക്കാനാവാത്തത്: ഡോ. ടി. വത്സൻ എബ്രഹാം 

പെന്തെക്കോസ്തിൽ ഗുഡ്‌ന്യൂസിന്റെ സ്വാധീനം അവഗണിക്കാനാവാത്തത്: ഡോ. ടി. വത്സൻ എബ്രഹാം 

കുമ്പനാട്: പെന്തെക്കോസ്തു സമൂഹത്തിൽ ഗുഡ്‌ന്യൂസ് വാരിക ചെലുത്തിയ സ്വാധീനം അവഗണിക്കാനാവാത്തതാണെന്നു ഡോ. ടി. വത്സൻ എബ്രഹാം പ്രസ്താവിച്ചു. ഒരു ജനാധിപത്യ രാജ്യത്തിന്റെ വളർച്ചയ്ക്ക് മീഡിയായുടെ സഹായം ഒഴിവാക്കാനാവാത്ത നിലയിൽ പടർന്നു പന്തലിച്ചെന്നും യുവതലമുറയിൽ മാധ്യമ സ്വാധീനം വളരെ വർധിച്ചെന്നും അദ്ദേഹം പറഞ്ഞു. സഭകളുടെ ചരിത്രമാണ് ഓരോ ഗുഡ്‌ന്യൂസ് താളുകളെന്നും ആ ശുശ്രൂഷ നിർവഹിക്കുന്നവർ ദൈവീകശുശ്രൂഷകരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏപ്രിൽ 3ന് കുമ്പനാട് ആരംഭിച്ച ഗുഡ്‌ന്യൂസ് റീജിയണൽ  ഓഫീസ് ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐപിസി യുടെ വളർച്ചയ്ക്ക് ഗുഡ്‌ന്യൂസ് ചെയ്ത സേവനങ്ങളും അദ്ദേഹം അനുസ്മരിച്ചു.

എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട് അധ്യക്ഷനായിരുന്നു. ചീഫ് എഡിറ്റർ സി.വി മാത്യു ആമുഖ പ്രഭാഷണം നടത്തി. ലളിതമായ തുടക്കത്തിൽ നിന്നും ലോകമെമ്പാടും വ്യാപിക്കുവാൻ ഗുഡ്‌ന്യൂസിനു സാധിച്ചത് അനേകരുടെ കഠിനാധ്വാനവും പ്രാർത്ഥനയും പ്രോത്സാഹനവും ആയിരുന്നുവെന്ന് സി.വി മാത്യു പറഞ്ഞു.

വിവിധ സഭകളെ പ്രതിനിധീകരിച്ച് പാസ്റ്റർമാരായ പി.ജി മാത്യൂസ്, പി.ഡി ജോൺസൻ, ഫിന്നി ഈശോ കുമ്പനാട്, പി.വൈ.പി.എ സ്റ്റേറ്റ് സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ എന്നിവർ ആശംസകൾ പറഞ്ഞു. ഗുഡ്‌ന്യൂസ് ജില്ലാ കോഓർഡിനേറ്റർ  പാസ്റ്റർ സാം പനച്ചയിൽ, പാസ്റ്റർ വി.എം ജോൺ എന്നിവർ പ്രാർത്ഥന നയിച്ചു. ഓൺലൈൻ കോർഡിനേറ്റിംഗ് എഡിറ്റർ ഇവാ.മോൻസി മാമ്മൻ, പാസ്റ്റർ പി.വി. ചാക്കോ, ജിജി എം.തോമസ് തുടങ്ങി വിവിധ മേഖലയിൽ നിന്നും വ്യക്തികളും പങ്കെടുത്തു. ലൈവ് ഡയറക്ടർ ആശിഷ് മാത്യു സ്വാഗതവും റസിഡന്റ്  എഡിറ്റർ സന്ദീപ് വിളമ്പുകണ്ടം നന്ദിയും പറഞ്ഞു.

ഹെബ്രോൻമൈതാനത്തിനു എതിർവശത്താണ് ഓഫീസ് പ്രവർത്തിക്കുന്നത്.  ഗുഡ്‌ന്യൂസിലേക്ക് വാർത്തകൾ, ലേഖനങ്ങൾ, വിവാഹ പരസ്യങ്ങൾ, മറ്റിതര പരസ്യങ്ങൾ നൽകാനും, വരിക്കാരാനാകാനുമുള്ള സൗകര്യം ഓഫീസിൽ ലഭ്യമായിരിക്കും. ഓൺലൈൻ ഗുഡ്‌ന്യൂസ്, ഗുഡ്‌ന്യൂസ് ടി.വി സേവനങ്ങളും ലഭിക്കുന്നതാണ്. വിവരങ്ങൾക്ക്: +91 94473 72726, +91 99619 40485  

Advertisement