പ്രായമായാല്‍ മാതാപിതാക്കളെ വീടിന് പുറത്തേയ്ക്ക് തള്ളുന്നവര്‍ ജാഗ്രതൈ!!!സ്വത്ത് പോകുക നേരെ സര്‍ക്കാറിലേയ്ക്ക്, പിടിമുറുക്കി അധികൃതർ

0
1813

മോൻസി മാമ്മൻ തിരുവനന്തപുരം

കൊച്ചി: പ്രായമായാല്‍ മാതാപിതാക്കളെ വീടിന് പുറത്തേയ്ക്ക് തള്ളുന്നവരുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ പിടിമുറുക്കി അധികൃതര്‍. മക്കളില്‍ നിന്നും ആവശ്യമായ പരിചരണം ലഭിക്കുന്നില്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഇനി സ്വത്ത് നേരെ സര്‍ക്കാറിലേയ്ക്ക് പോകും.

ഇങ്ങനെ ലഭിക്കുന്ന സ്വത്ത് ഏറ്റെടുത്ത് കൈകാര്യം ചെയ്യുന്നതിന് വയോജനക്ഷേമ ട്രസ്റ്റ് രൂപവത്കരിക്കും. ട്രസ്റ്റിന്റെ ഘടനയും പ്രവര്‍ത്തനവും സംബന്ധിച്ച കരട് സാമൂഹികനീതി വകുപ്പ് തയാറാക്കി വരുകയാണ്. ജൂണിന് മുമ്പ് ട്രസ്റ്റ് നിലവില്‍വരും. സര്‍ക്കാര്‍ വൃദ്ധസദനങ്ങളില്‍ എത്തിപ്പെടുന്ന പലരും ശേഷിക്കുന്ന സ്വത്തും പണവും സര്‍ക്കാറിന് സംഭാവന ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിക്കാറുണ്ട്. നിലവില്‍ ഇത് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഇല്ല, ഇതിനാലാണ് പുതിയ ട്രസ്റ്റ് വരുന്നത്.

വയോജന ക്ഷേമ ട്രസ്റ്റ് രൂപവത്കരിച്ച് ഇത്തരത്തില്‍ എത്തുന്ന സ്വത്തുക്കള്‍ പരിപാലിക്കാനാണ് നീക്കം. സാമൂഹികനീതി മന്ത്രി ചെയര്‍മാനായ സീനിയര്‍ സിറ്റിസണ്‍ കൗണ്‍സിലിന് കീഴിലാകും ട്രസ്റ്റ് പ്രവര്‍ത്തനം. പണമായും ഭൂമിയായും ട്രസ്റ്റിന് ലഭിക്കുന്ന സ്വത്ത് സംരക്ഷിക്കാന്‍ ആരോരുമില്ലാത്ത വയോജനങ്ങളുടെ ക്ഷേമകാര്യങ്ങള്‍ക്ക് വിനിയോഗിക്കാനാണ് പദ്ധതി.

വൃദ്ധസദനങ്ങളുടെ നടത്തിപ്പ്, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം, ഭിന്നശേഷിക്കാരായ വയോധികര്‍ക്ക് വീല്‍ചെയര്‍ പോലുള്ള സംവിധാനങ്ങള്‍ തുടങ്ങിയ ചെലവുകള്‍ക്ക് ഇത്തരം ഒരു ട്രസ്റ്റ് വഴി പണം കണ്ടെത്താന്‍ സാധിക്കും. ട്രസ്റ്റ് വരുന്നതോടെ വയോജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കുടുതല്‍ സുതാര്യവും കാര്യക്ഷമവുമാകുമെന്നാണ് പ്രതീക്ഷ.മലപ്പുറം, തൃശൂര്‍ അടക്കമുള്ള ജില്ലകളിലെ വൃദ്ധസദനങ്ങളിലെത്തിയ ചിലര്‍ സ്വത്ത് സര്‍ക്കാറിന് സംഭാവന ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കോടികള്‍ വിലയുള്ള കെട്ടിടംവരെ ഇതില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പ്രായമാകുമ്പോള്‍ പുറംതള്ളുന്ന നിലപാട് കുറയ്ക്കാനാകും എന്ന പ്രതീക്ഷയും ഉണര്‍ത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here