അസഹിഷ്ണുത സുവിശേഷ പ്രഘോഷണത്തിനു തടസ്സമാകരുത്

0
2253
അസഹിഷ്ണുത സുവിശേഷ പ്രഘോഷണത്തിനു തടസ്സമാകരുത്
മതസഹിഷ്ണുത രാജ്യത്തിന്റെ പല ഭാഗങ്ങളിലും അപകടകരമായ വിധം തകരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മതപ്രചാരകര്‍ പരസ്പരം വിമര്‍ശന ശരങ്ങള്‍ എയ്തുവിടുന്നതാണ് അതിനു കാരണം. രാജ്യത്തെ ഏതു പൗരനും താന്‍ വിശ്വസിക്കുന്ന മതമോ, രാഷ്ട്രീയ പ്രത്യയശാസ്ത്രമോ പ്രചരിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്. എന്നാല്‍, അതുചെയ്യുമ്പോള്‍ മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ട് ഉണ്ടാക്കരുത്. അഹിംസ ഭാരതത്തിന്റെ ആത്മാവില്‍ കുടികൊള്ളുന്നതാണ്. വാക്കുകൊണ്ടോ, ചിന്തകൊണ്ടോ ആര്‍ക്കും ഒരു പോറല്‍പോലും ഏല്പിക്കരുതെന്നാണു ഭാരതീയാചാര്യന്മാര്‍ പറയുന്നത്. ഭാരതീയരുടെ മതസഹിഷ്ണുതയുടെ തെളിവാണല്ലോ ഇതര മതങ്ങള്‍ ഇവിടെ വളര്‍ന്നുവികസിച്ചത്.
മറ്റു മതങ്ങളുടെ കാര്യം അവിടെ നില്‍ക്കട്ടെ. ലോകമെങ്ങും സര്‍വ സൃഷ്ടിയോടും സുവിശേഷം അറിയിക്കാനുള്ള ക്രിസ്തുവിന്റെ കല്പന ശിരസ്സാവഹിച്ചവരാണല്ലോ ക്രൈസ്തവര്‍. പ്രത്യേകിച്ചും പെന്തെക്കോസ്തുകാര്‍. സുവിശേഷ സന്ദേശം പ്രചരിപ്പിക്കുമ്പോള്‍ അത് എങ്ങനെ ചെയ്യണം എന്നു യേശുക്രിസ്തു അരുളിയിട്ടുണ്ട്. അവിടുത്തെ വചനങ്ങളാണല്ലോ ക്രൈസ്തവ ജീവിതത്തിനു ആധാരം. ”ചെന്നായ്ക്കളുടെ നടുവില്‍ കുഞ്ഞാടുകളെപ്പോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു” എന്നാണു ക്രിസ്തു പറഞ്ഞത്. ഹിംസ്ര സ്വഭാവമുള്ളവരുടെ നിസ്സാരകാര്യങ്ങള്‍ക്കുപോലും ചൊടിക്കുന്ന ശീലമുള്ളവരുടെ മുന്‍പില്‍ ശാന്തമായി സ്‌നേഹത്തോടെ രക്ഷാസന്ദേശം പങ്കുവയ്ക്കാനാണു കര്‍ത്താവ് പറഞ്ഞത്. ആരുടെയും സ്വകാര്യതയിലേക്ക് ഇടിച്ചുകയറാന്‍ കര്‍ത്താവ് പറഞ്ഞിട്ടില്ല. ആരെങ്കിലും നിങ്ങളെ സ്വീകരിച്ചാല്‍, അവരോടു സമഭാവനയോടെ സുവിശേഷം പങ്കുവയ്ക്കുക. അവര്‍ക്ക് അസ്വീകാര്യമായാല്‍, അവിടെനിന്നും കാലിലെ പൊടിതട്ടിപ്പോകുക. ഒരു പട്ടണത്തില്‍ നിന്നും നിങ്ങളെ ഓടിച്ചാല്‍ മറ്റു പട്ടണത്തിലേക്കു ഓടിപ്പോകുക, യാതൊരു നിലയിലും അവര്‍ക്ക് അഹിതമായ വിധം നിങ്ങളുടെ സന്ദേശം അവരെ അടിച്ചേല്പിക്കരുതെന്നു കര്‍ത്താവ് കര്‍ശനമായി വിലക്കി.
ക്രൈസ്തവ സഭ ഈ ഉപദേശങ്ങള്‍ നെഞ്ചിലേറ്റിയാണു ഒന്നാം നൂറ്റാണ്ടില്‍ പ്രവര്‍ത്തിച്ചത്. മതശ്രേഷ്ഠന്മാര്‍, ഭരണാധികാരികള്‍ എന്നിവര്‍ക്കു മുന്‍പില്‍പോലും സുവിശേഷമറിയിച്ചപ്പോള്‍, അവര്‍ തങ്ങളുടെ ഇടപാടുകളില്‍ ക്രിസ്തുവിന്റെ വാക്കുകള്‍ പാലിച്ചിരുന്നു. അതുകൊണ്ടാണല്ലോ ഭാരതത്തിലെ പല നാട്ടുരാജാക്കന്മാരും  സുവിശേഷപ്രചാരകരെ ഉള്‍ക്കൊണ്ടതും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്തതും. മിക്ക മതങ്ങളിലും തീര്‍ഥാടനയാത്രകളും രാഷ്ട്രീയപ്പാര്‍ട്ടികളില്‍ പ്രചാരണറാലിയുമൊക്കെ ഏറിവരികയാണല്ലോ? എന്നാല്‍, ഇവയൊക്കെ പകര്‍ത്തി പൊതുജനത്തിനെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ വിശ്വാസപ്രചാരണ യാത്ര നടത്താന്‍ ക്രിസ്തുവോ, വേദപുസ്തകമോ ആവശ്യപ്പെടുന്നില്ല. ഏതെങ്കിലും മതങ്ങളുടെ ആചാരങ്ങള്‍ മാമോദീസാ മുക്കി പകര്‍ത്താന്‍ കര്‍ത്താവ് ആവശ്യപ്പെട്ടിട്ടുമില്ല. സുവിശേഷമറിയിക്കുക, അത് അംഗീകരിക്കുന്നവരെ ശിഷ്യരാക്കുക, ക്രിസ്തു ഉപദേശിച്ച തരത്തിലുള്ള ജീവിതശൈലിക്കായി – ശത്രുക്കളെപ്പോലും സ്‌നേഹിക്കുന്ന നവജീവിതശൈലിക്കായി – പ്രബോധിപ്പിക്കുക എന്നാണ് അവിടുന്ന് ആവശ്യപ്പെടുന്നത്. 
ക്രൈസ്തവരുടെ പൊതു ആരാധനയില്‍പോലും വളരെ ശ്രദ്ധ വേണമെന്നാണു വേദപുസ്തകം പ്രബോധിപ്പിക്കുന്നത്. ആത്മാവായ ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കാനാണു പ്രമാണം. അന്തരംഗം ദൈവത്തില്‍നിന്നു അകന്ന്, അധരങ്ങള്‍കൊണ്ട് ശബ്ദമുണ്ടാക്കി, ദൈവത്തെ പ്രസാദിപ്പിക്കാനുള്ള പ്രവണതയ്ക്കു നേരെ വിപരീതമാണത്. അന്തരംഗമാണു ദൈവത്തിനര്‍പ്പിക്കേണ്ടത്, അതാണു യുക്തവും ദൈവത്തിനു സ്വീകാര്യവുമായത്. പരസ്യാരാധനയുടെ സ്വരം ആരാധനാലയത്തിനു വെളിയില്‍ കേള്‍പ്പിച്ച്, പരിസരവാസികള്‍ക്കോ, പാതയോരങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്കോ അരോചകത്വം സൃഷ്ടിക്കാന്‍ ബൈബിള്‍ പറയുന്നില്ല. പൊതുസ്ഥലത്ത് സുവിശേഷപ്രസംഗമോ, പരസ്യയോഗമോ മൈക്ക് ഉപയോഗിച്ചു നടത്തുന്ന കാര്യമല്ല ഇവിടെ ഉദ്ദേശിച്ചത്. ആരാധനാലയങ്ങള്‍ക്കുള്ളില്‍ നടത്തപ്പെടുന്ന വിശ്വാസികള്‍ക്കുവേണ്ടിയുള്ള മീറ്റിങ്ങുകളുടെയും ഉപവാസപ്രാര്‍ഥനകളുടെയും കാര്യമാണ്. ശബ്ദമലിനീകരണം ക്രൈസ്തവമല്ലെന്നും നാം ഓര്‍ക്കണം.
ക്രൈസ്തവര്‍ക്കു കര്‍ത്താവു നല്‍കിയ സുവര്‍ണനിയമം ”നിന്നെപ്പോലെ തന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക” എന്നതാണ്. അതിനു ഭംഗം വരുത്തി, യാതൊരു ക്രൈസ്തവനും തങ്ങളുടെ വിശ്വാസം ആചരിക്കുകയോ, സുവിശേഷപ്രചാരം നിര്‍വഹിക്കുകയോ ചെയ്യാനാകില്ല. ആരെയും സ്വന്തം വിശ്വാസത്തിലേക്കു നിര്‍ബന്ധിക്കാനുമാകില്ല. അതിനാല്‍ ആര്‍ക്കും പെന്തെക്കോസ്തുകാരില്‍ ആശങ്കിക്കേണ്ടതില്ല.
ടി.എം.മാത്യു (മാനേജിംഗ് എഡിറ്റർ)

LEAVE A REPLY

Please enter your comment!
Please enter your name here