ഉമ്മൻ ചാണ്ടി അനുകമ്പയുടെ ആൾരൂപം

റവ. ജോർജ് മാത്യു പുതുപ്പള്ളി അനുസ്മരിക്കുന്നു

ഉമ്മൻ ചാണ്ടി അനുകമ്പയുടെ ആൾരൂപം

ഉമ്മൻ ചാണ്ടി അനുകമ്പയുടെ ആൾരൂപം

റവ. ജോർജ് മാത്യു പുതുപ്പള്ളി അനുസ്മരിക്കുന്നു 

ലോകമലയാളികളുടെ വിശ്വപ്രതിനിധിയായിരുന്നു ഉമ്മൻ ചാണ്ടിസാർ. അദ്ദേഹത്തിന്റെ വിടവാങ്ങൽ മലയാളിസമൂഹത്തിനു ഒരു തീരാനഷ്ടമാണ്. ഞാൻ ജനിച്ചുവളർന്ന വീട്ടിൽനിന്നും ഒരു വിളിപ്പാടകലെയാണ് ഉമ്മൻ ചാണ്ടിയുടെ വീട്. അദ്ദേഹത്തിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളിലാണ് ഞാൻ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

അദ്ദേഹത്തിന്റെ മാതാവ് ബേബിയമ്മച്ചി ഭക്തയും വിനയസമ്പന്നയുമായ ഒരു സ്ത്രീരത്നമായിരുന്നു. മിക്ക വെള്ളിയാഴ്ചകളിലും എന്റെ അമ്മയുടെ കൂടെയാണ് ബേബിയമ്മച്ചി പുതുപ്പള്ളി പള്ളിയിൽ പ്രാർത്ഥിക്കാൻ പോയിരുന്നത്. ബാലനായിരുന്ന ഞാനും അവർക്കൊപ്പം കൂടുമായിരുന്നു. അനുകമ്പയും എളിമയും ആ കുടുംബത്തിലെല്ലാവർക്കും പൈതൃകമായി ലഭിച്ച ഗുണവിശേഷമായിരുന്നു. ആ വിനയവും അനുകമ്പയുമാണ് ഉമ്മൻ ചാണ്ടി സാറിലും മരണംവരെ നിലനിന്നിരുന്നത്.

ഉമ്മൻ ചാണ്ടി സാർ കേരളസംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ ബേബിയമ്മച്ചി പ്രൈവറ്റ് ബസിന്റെ കമ്പിയിൽ പിടിച്ചുനിന്ന് പുതുപ്പള്ളിയിൽ നിന്നു കോട്ടയത്തേക്ക് പോകുന്നത് പല തവണ ഞാൻ കണ്ടിട്ടുണ്ട്. യാത്രക്കാർ അവരുടെ സീറ്റ് നൽകാൻ തയാറായാൽപ്പോലും സ്നേഹപൂർവം ബേബിയമ്മച്ചി അവരുടെ ക്ഷണം നിരസിക്കും. ലാളിത്യവും താഴ്മയും അവരുടെ രക്തത്തിൽ അലിഞ്ഞുകിടന്ന സിദ്ധിവിശേഷമായിരുന്നു. അമ്മയിൽനിന്നാണ് ഉമ്മൻ ചാണ്ടി സാറിലേക്കും ആ സിദ്ധി കൈമാറ്റം ചെയ്യപ്പെട്ടത്.

ലോകം കണ്ട ഏറ്റവും ജനകീയനായ നേതാവായിരുന്നു ശ്രീ ഉമ്മൻ ചാണ്ടി. തന്നാൽ കഴിയാവുന്ന സഹായം ആർക്കും നൽകുന്നതിൽ അദ്ദേഹം മടികാട്ടിയിരുന്നില്ല. ഉമ്മൻ ചാണ്ടിയുടെ ശുപാർശക്കത്ത് കൈപ്പറ്റാത്ത ഒറ്റ വ്യക്തിയും പുതുപ്പള്ളി മണ്ഡലത്തിൽ കാണുകയില്ല. ഏതു വിശേഷചടങ്ങ് ഏതു വീട്ടിൽ നടന്നാലും ഉമ്മൻ ചാണ്ടി അവിടെ പാഞ്ഞെത്തും. എന്റെ എട്ടാം വയസിൽ പിതാവ് മരിച്ചപ്പോൾ അന്ന് യൂത്ത് കോൺഗ്രസ്സ് നേതാവായിരുന്ന ശ്രീ ഉമ്മൻ ചാണ്ടി എന്റെ വീട്ടിൽ വന്നിരുന്നത് എന്റെ ബാല്യകാല ഓർമയിൽ പതിഞ്ഞുകിടപ്പുണ്ട്. ഞാൻ വൈദികപട്ടമേറ്റ ദിവസം ബേബിയമ്മച്ചി പള്ളിയിൽ കടന്നുവന്ന് എന്റെ കയ്യിൽനിന്നു കുർബാന സ്വീകരിച്ചതും ഇന്നെന്നപോലെ ഞാൻ ഓർക്കുന്നു.

ഉമ്മൻ ചാണ്ടി സാറിന്റെ ജനകീയതയെക്കുറിച്ച് ഞാൻ പറയാതെ തന്നെ ഏവർക്കുമറിയാം. 'ഉമ്മൻ ചാണ്ടിക്കു പകരം ഉമ്മൻ ചാണ്ടി മാത്രം' എന്നത് വെറുമൊരു ഔപചാരികവാക്കല്ല, മാറ്റമില്ലാത്ത ആധികാരികയാഥാർത്ഥ്യമാണ്. എന്റെ വിദേശയാത്രകളിലൊക്കെ സ്വദേശം 'പുതുപ്പള്ളി'യെന്നു കേൾക്കുമ്പോൾ ആളുകൾ ആദ്യമായി ചോദിക്കുന്നത് 'ഉമ്മൻ ചാണ്ടി സാറിന്റെ അടുത്താണോ ?' എന്നായിരിക്കും.

അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിന്റെ തലേദിവസം അഭിനന്ദനമറിയിക്കാൻ ഞാൻ വിളിച്ചു. തിരക്കിന്റെ മദ്ധ്യത്തിലും അദ്ദേഹം എന്റെ ഫോൺ അറ്റൻഡ് ചെയ്തു. 'അച്ചന്റെ പേരിലും ഒരു വാലായി 'പുതുപ്പള്ളി' കിടക്കുന്നതുകൊണ്ട് ഞാൻ അച്ചനെ ഒരിക്കലും മറക്കുകയില്ല. ഇനിയും കൊച്ചിയിൽ വരുമ്പോൾ അച്ചന്റെ വീട്ടിലും വരാൻ ശ്രമിക്കാം' എന്നറിയിച്ചു.

അദ്ദേഹത്തിന്റെ രോഗാവസ്ഥ ഞങ്ങളെയും ഏറെ വേദനിപ്പിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ആയുസിനും ആരോഗ്യത്തിനും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുകയും ചെയ്തു. ദൈവഹിതം മറ്റൊന്നായിരുന്നു. ദൈവത്തിന്റെ സമയമായപ്പോൾ അദ്ദേഹം പോയി. ദുഃഖാർത്തരായ മറിയാമ്മ കൊച്ചമ്മയെയും മക്കളെയും കുടുംബത്തെയും ദൈവം ആശ്വസിപ്പിക്കട്ടെ. 'പുതുപ്പള്ളി' എന്ന ഗ്രാമത്തെ വിശ്വപ്രസിദ്ധമാക്കിയ പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് ജനഹൃദയങ്ങളിൽ എക്കാലവും ഉണ്ടായിരിക്കുമെന്ന കാര്യത്തിന് രണ്ടുപക്ഷമില്ല.

Advertisement