ഉമ്മന്‍ ചാണ്ടിയുടെ വണ്ടിയ്ക്ക് വളയം പിടിച്ച എ.ടി. ചെറിയാന്‍

ഉമ്മന്‍ ചാണ്ടിയുടെ വണ്ടിയ്ക്ക് വളയം പിടിച്ച എ.ടി. ചെറിയാന്‍
ഉമ്മൻ ചാണ്ടിയ്‌ക്കൊപ്പം എ.ടി. ചെറിയാനും (ഇടത്) പി.സി വർഗീസും

ഉമ്മന്‍ ചാണ്ടിയുടെ വണ്ടിയ്ക്ക് വളയം പിടിച്ച എ.ടി. ചെറിയാന്‍ കക്കാട്

മാത്യു കിങ്ങിണിമറ്റം

പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിന്റെ വണ്ടിയുടെ വളയം പിടിക്കാന്‍ 1971 മുതല്‍ 79 വരെ ഭാഗ്യം ലഭിച്ച വ്യക്തിത്വമാണ് 80ല്‍ എത്തിനില്‍ക്കുന്ന കുഞ്ഞുമ്മോന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന എ.ടി. ചെറിയാന്‍ കക്കാട്. ഐപിസി പുതുപ്പള്ളി സെന്ററിലെ ഇരവിനല്ലൂര്‍ സീയോന്‍ സഭാംഗമാണ് സമപ്രായക്കാരനായ ഇദ്ദേഹം. പിന്നീട് കെ.എസ്.ആര്‍.ടി.സി.യില്‍ ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ട്. 

ഒരു നാട് പറയുന്നപോലെ ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാട് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നതാണ് എ.ടി. ചെറിയാനും പറയാനുള്ളത്. എം.എല്‍.എ. ബോര്‍ഡ് വച്ച അംബാസിഡര്‍ കാറ് ലക്ഷ്യസ്ഥാനത്തേയ്ക്ക് തെളിയ്ക്കുമ്പോള്‍ ഭാവിയുടെ മുഖ്യമന്ത്രിയും ഒരു നാട് നെഞ്ചിലേറ്റുവാന്‍ പോകുന്ന വ്യക്തിപ്രഭാവമാണ് തന്റെ കൂടെ ഇരിക്കുന്നതെന്ന് ചില നേരങ്ങളില്‍ ചിന്തിക്കാതിരുന്നിട്ടില്ല. അത്രയ്ക്കും ജനകീയനായി വളര്‍ന്നിരുന്നു അന്നും അദ്ദേഹം എന്നതാണ് കാര്യം. ജനകീയ വിഷയങ്ങളിലുള്ള ഇടപെടലുകളും ചിന്തകളും ഒരു ആവേശവുമായിരുന്നു അദ്ദേഹത്തിന്. ആരേയും കൈവിടാതെ കരുതുന്നവരെ, സന്മനസ്സുള്ളവരെ നാടും ദൈവവും കൈവിടില്ലെന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ വ്യക്തിത്വത്തില്‍ നിന്ന് തെളിയിച്ച് വായിച്ചെടുക്കാന്‍ കഴിയുന്നത്. 

സമരപന്തലുകളിലേക്ക് കടന്നുചെല്ലുക, മീറ്റിംഗുകളില്‍ പങ്കെടുക്കുക, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ട് പരിഹാരം നിര്‍ദ്ദേശിക്കുക, ഉത്ഘാടന സമ്മേളനങ്ങളില്‍ പങ്കെടുക്കുക, എം.എല്‍.എ. എന്ന ചുമതലയില്‍ കൃത്യമായി വിജാരിക്കുക, നാട്ടിലെ ഏതൊരു പ്രശ്‌നങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കുക എന്നിങ്ങനെ രാപകലില്ലാതെയുള്ള തിരക്കിട്ട ഈ യാത്രകളില്‍ തനിക്കും സര്‍വ്വേശ്വരനായ ദൈവത്തിന്റെ പ്രത്യേക സൂക്ഷിപ്പും കരുതലും അനുഭവിക്കാന്‍ കഴിഞ്ഞതില്‍ ദൈവത്തോട് നന്ദിഅറിയിക്കാന്‍ ഇദ്ദേഹം മടിക്കുന്നില്ല.

മിക്കവാറും യാത്രകളില്‍ ഭക്ഷണം കഴിക്കാന്‍ പോലും സമയമെടുക്കാതെ ഓടി. രാഷ്ടീയ പരിശീലനങ്ങളും പരീക്ഷകളും സമ്മര്‍ദ്ദപ്പെടുത്തിയപ്പോഴും ആ മുഖം നേരിന്റേത് മാത്രമായിരുന്നു. ബാംഗ്ലൂരില്‍ നിന്ന് പുതുപ്പള്ളിയിലേക്കുള്ള വിലാപ യാത്ര കേരളചരിത്രത്തില്‍നിന്ന് ആര്‍ക്കും മായ്ക്കാന്‍ കഴിയുന്നതല്ല. ഡ്രൈവറായിരുന്ന തനിക്ക് ശേഷം 2015 വരെ തന്റെ ഭാര്യാസഹോദരന്‍ പി.സി. വര്‍ഗീസായിരുന്നു മുഖ്യമന്ത്രിയായിരുന്ന കാലത്തും ഉമ്മന്‍ ചാണ്ടിയുടെ ഡ്രൈവര്‍. 

എ.ടി. ചെറിയാന്റെ ഭാര്യ 1996ല്‍ മരിച്ചപ്പോള്‍ കണ്ണൂരില്‍നിന്ന് ഡല്‍ഹിയിലേയ്ക്ക് പോകുന്നതിനായി എയര്‍പോര്‍ട്ടിലേക്ക് യാത്രയിലായിരുന്നു ഉമ്മന്‍ചാണ്ടി. ഇതറിഞ്ഞ ഉമ്മന്‍ ചാണ്ടി ആ യാത്ര റദ്ദാക്കി. പുതുപ്പള്ളിയില്‍ തന്റെ വീട്ടിലെത്തി 4 മണിക്കൂര്‍ ചെലവിട്ട ശേഷമാണ് ഡല്‍ഹിയിലേക്ക് മടങ്ങിയത്. തിരിച്ച് കേരളത്തിലെത്തിയപ്പോഴും നേരെ തന്റെ വീട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചതും ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല. 

97ല്‍ എ.ടി. ചെറിയാന്‍ പാമ്പാടി ഒന്‍പതാംമൈലുള്ള ലീലാമ്മയെ വിവാഹം കഴിച്ചു. ആദ്യവിവാഹത്തിലെ രണ്ട് മക്കളില്‍ ഒരാളാണ് എറണാകുളം ജില്ലയില്‍ ഐപിസി വാളകം സെന്ററില്‍ ഉള്‍പ്പെട്ട എഴിപ്രം ഹെബ്രോന്‍ സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ സജി കെ. ചെറിയാന്‍. മകള്‍ സജിനി ഐപ്പ് കുടുംബമായി മീനടത്ത് താമസിക്കുന്നു. 

ഉമ്മന്‍ ചാണ്ടിയുമൊത്തുള്ള യാത്രകളില്‍ ഓര്‍ത്തെടുക്കാന്‍ ഇനിമേറെയുണ്ട്. പറഞ്ഞ് നിര്‍ത്തുന്നത് കുഞ്ഞുമ്മോന്‍ ഇങ്ങനെ 'പുതുപ്പള്ളിക്കാരന്‍ കുഞ്ഞൂഞ്ഞ് ഇന്നും യാത്രയിലാണ്, വളയമില്ലാതെ.... വലയമില്ലാതെ.....!!

Advertisement