ക്രൈസ്തവ ഗാനരചനയില്‍ ആറുപതിറ്റാണ്ട് പിന്നിട്ട പാസ്റ്റര്‍ മത്തായി സാംകുട്ടി

ക്രൈസ്തവ ഗാനരചനയില്‍ ആറുപതിറ്റാണ്ട് പിന്നിട്ട പാസ്റ്റര്‍ മത്തായി സാംകുട്ടി

ക്രൈസ്തവ ഗാനരചനയില്‍ ആറുപതിറ്റാണ്ട് പിന്നിട്ട പാസ്റ്റര്‍ മത്തായി സാംകുട്ടി

തയ്യാറാക്കിയത്
ടോണി ഡി. ചെവ്വൂക്കാരന്‍

ക്രൈസ്തവ ഗാനസാഹിത്യത്തിന് ചിരസ്മരണീയമായ ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള അനുഗ്രഹീത ഗാനരചയിതാവാണ് പാസ്റ്റര്‍ മത്തായി സാംകുട്ടി. പ്രതികൂലങ്ങളുടെയും പ്രതിസന്ധികളുടെയും ഇരുള്‍മൂടിയ ജീവിതവഴിയില്‍ ആശ്വാസത്തിന്‍റെയും പ്രത്യാശയുടെയും തിരിനാളമായ് എന്നുമെന്നും പ്രകാശം ചൊരിയുവാന്‍ കഴിയുന്ന 150 ല്‍ പരം അനശ്വരഗാനങ്ങള്‍ ഇതിനോടകം തന്‍റെ തൂലികയില്‍ നിന്നും പിറവിയെടുത്തു.

കൂരിരുള്‍ പാതയില്‍ ദീപമായ്, കാല്‍വരിയില്‍ കാണും സ്നേഹം അത്ഭുതം, എന്‍റെ യേശു എനിക്കു നല്ലവന്‍, യേശുരാജന്‍ വാനമേഘേ, കര്‍ത്താധികര്‍ത്തന്‍ ക്രൂശില്‍... എന്നു തുടങ്ങി ജീവിത അനുഭവങ്ങളുടെ കനലുകളില്‍ സ്പുടം ചെയ്തെടുത്ത ആ ഗാനങ്ങളുടെ നിര നീളുകയാണ്.

ഭക്തകവി, ഗാനരചയിതാവ്, പ്രഭാഷകന്‍ എന്നീ നിലയില്‍ ഇന്നും പ്രവര്‍ത്തനരംഗത്ത് ആത്മചൈതന്യത്തോടെ നിലകൊള്ളുന്ന പാസ്റ്റര്‍ മത്തായി സാംകുട്ടി കര്‍മ്മവേദിയില്‍ ആറുപതിറ്റാണ്ടു പിന്നിട്ടു.

പന്തളത്ത്  പാസ്റ്റര്‍ സി.ഇ. മത്തായിയുടെയും (പന്തളം കൊച്ചുമത്തായിച്ചന്‍) ഏലിയാമ്മയുടെയും മകനായി 1936 ആഗസ്റ്റ് 8 ന് പാസ്റ്റര്‍ മത്തായി സാംകുട്ടി ജനിച്ചു.

മലബാറിന്‍റെ മണ്ണില്‍ സുവിശഷ വേലയ്ക്കായുള്ള ദൈവവിളി ഏറ്റെടുത്ത തന്‍റെ പിതാവ് 1942 ല്‍ കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് 1950 മുതല്‍ വയനാട് ജില്ല കേന്ദ്രമാക്കി സുവിശേഷീകരണത്തില്‍ അദ്ദേഹം മുന്നേറി. കര്‍ത്തൃശുശ്രൂഷയോടുള്ള ബന്ധത്തില്‍ പിതാവ് മലബാറില്‍ ആയിരുന്നതുകൊണ്ട് ബാല്യവും പഠനവുമെല്ലാം വയനാട്ടിലായിരുന്നു.

സുവിശേഷകന്‍ പന്തളം കൊച്ചുമത്തായിച്ചന്‍

പാസ്റ്റര്‍ മത്തായി സാംകുട്ടിയുടെ പിതാവ് പന്തളം കൊച്ചുമത്തായിച്ചന്‍ (പാസ്റ്റര്‍ സി.ഈ മത്തായി). കേരള പെന്തകോസ്ത് ചരിത്രത്തിലെ ഉന്നതസ്ഥാനീയനാണ്.

1950 ല്‍ വയനാടിന്‍റെ വരണ്ട മണ്ണില്‍ സുവിശേഷത്തിന്‍റെ വിത്ത് വിതക്കാന്‍ ഇറങ്ങി തിരിച്ച ഈ സുവിശേഷകന്‍ കിലോമീറ്ററുകള്‍ നടന്നും പട്ടിണി കിടന്നും എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ടും സുവിശേഷ വേലയില്‍ മുന്നേറി. കാടും കുന്നും താണ്ടി വന്യമൃഗങ്ങളുടെ ആക്രമങ്ങളെ അതിജീവിച്ചും കോളറ, വസൂരി തുടങ്ങിയ പകര്‍ച്ച വ്യാധികളെ മറികടന്നും സുവിശേഷ പ്രവര്‍ത്തനം ചെയ്ത അഭിഷിക്തനാണ് പന്തളം കൊച്ചുമത്തായിച്ചന്‍.

ചെറിയ പ്രായത്തില്‍ വിശ്വാസ വഴിയില്‍ കടന്നുവന്ന പാസ്റ്റര്‍ സി.ഇ. മത്തായിയെ സ്നാനപ്പെടുത്തിയത് മിഷണറി കുക്കു സായിപ്പാണ്. വിശ്വസ്തതയോടെ കര്‍ത്താവിനെ സേവിച്ച പാസ്റ്റര്‍ സി.ഇ. മത്തായി 1976 ല്‍ നിത്യതയില്‍ പ്രവേശിച്ചു. 1987 ല്‍ തന്‍റെ സഹധര്‍മ്മിണി ഏലിയാമ്മയും ദൈവസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു.

പന്തളം കൊച്ചുമത്തായിച്ചന്‍റെ മക്കള്‍ വയനാട്ടിലെ  കൊയിലേരിയില്‍ ഒരു ആരാധനാലയം പണികഴിപ്പിച്ച് ദൈവസഭക്കു കൈമാറി. ആരാധനാലയത്തോടു ചേര്‍ന്നുളള മണ്ണിലാണ് പന്തളം കൊച്ചുമത്തായിച്ചനും ഭാര്യയും അവരുടെ മൂത്തമകളും അന്ത്യവിശ്രമം കൊള്ളുന്നത്.

മലബാറിലെ ആദ്യകാല സുവിശേഷകനായിരുന്ന പിതാവിന് കഷ്ടതയുടെ കനല്‍വഴികള്‍ ഒരുപാട് പിന്നിടേണ്ടി വന്നിട്ടുണ്ട്. അതിന്‍റേതായ നൊമ്പരങ്ങളുടെ മുറിപ്പാടുകള്‍ വീണ ബാല്യം. എങ്കിലും, ദൈവവേലയോടുള്ള അഭിനിവേശം ഹൃദയത്തില്‍ ജ്വലിച്ചു നിന്നിരുന്നതുകൊണ്ട് ചെറിയ പ്രായത്തിലെ മത്തായി സാംകുട്ടി സുവിശേഷ വേലയ്ക്കായ് ജീവിതം സമര്‍പ്പിച്ചു.

1956 ല്‍ 20-ാം മത്തെ വയസ്സില്‍ നാഗ്പ്പൂരില്‍ എത്തി. ഹിന്ദി ഭാഷ പഠിച്ചു. 1964 ല്‍ ദൈവസഭയുടെ കൂടി വരവ് ആരംഭിച്ചു. ആദ്യനാളുകളില്‍ ജോലിയോടൊപ്പം ആത്മീയശുശ്രൂഷകള്‍ ചെയ്തു വന്നു.

1960 ല്‍ ആണ് പാസ്റ്റര്‍ മത്തായി സാംകുട്ടി ആദ്യഗാനം രചിയ്ക്കുന്നത്. സ്വന്തംജീവന്‍ നല്‍കി സ്നേഹിച്ച യേശുനാഥന്‍റെ ക്രൂശുമരണത്തെക്കുറിച്ച് ധ്യാനിച്ചപ്പോള്‍ ഉള്ളില്‍ ഉണ്ടായ തേങ്ങലില്‍ നിന്നും ഒഴുകി വന്ന വരികളാണ് "കര്‍ത്താധികര്‍ത്തന്‍ ക്രൂശില്‍ ശാപമേല്‍ക്കയോ"- എന്ന ഗാനമായ് പിറന്നു വീണത്.

എന്‍റെ യേശു എനിക്കു നല്ലവന്‍
1973 ല്‍ നാഗ്പ്പൂരില്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കെ ഒരു  സര്‍ജറിക്കു വിധേയനായി ആശുപത്രി കിടക്കയില്‍ കഴിയുമ്പോഴാണ് ഈ ഗാനം ദൈവം തന്‍റെ ഹൃദയത്തില്‍ നല്‍കിയത്. കഠിനമായ വേദന കടിച്ചമര്‍ത്തി കരഞ്ഞു പ്രാര്‍ത്ഥിച്ചുകൊണ്ട് കിടന്നപ്പോള്‍, കാല്‍വരി മലയില്‍ മുള്‍മുടി ശിരസ്സില്‍ വഹിച്ച് പ്രാണവേദനയാല്‍ പിടഞ്ഞ യേശുവിന്‍റെ മുഖം മനസ്സില്‍ തെളിഞ്ഞു വന്നു. ആ സമയത്ത് അകതാരില്‍ നിന്നും ഉയര്‍ന്നു വന്ന വരികളാണ്


കാല്‍വരി മലമേല്‍ കയറി
മുള്‍മുടി ശിരസ്സില്‍ വഹിച്ചു
എന്‍റെ വേദന സര്‍വ്വവും നീക്കി എന്നില്‍
പുതു ജീവന്‍ പകര്‍ന്നവനാം...
(എന്‍റെ യേശു എനിക്കു നല്ലവന്‍)

രോഗശയ്യയില്‍ ആശ്വാസത്തിന്‍റെ നീരുറവയായി പാസ്റ്റര്‍ മത്തായി സാംകുട്ടിയുടെ ഹൃദയത്തില്‍ നിന്നും ഉയര്‍ന്നുവന്ന ഈ ഗാനം അനേകരുടെ ദു:ഖത്തിലും, വേദനയിലും സ്വാന്തനത്തിന്‍റെയും ദൈവീക കരുതലിന്‍റെയും തെളിനീരായ് ഇന്നും പരന്നൊഴുകികൊണ്ടിരിക്കുന്നു.


കൂരിരുള്‍ പാതയില്‍ ദീപമായ്...

1976 മുതല്‍ അമേരിക്കയില്‍ താമസിച്ച് കര്‍ത്തൃശുശ്രൂഷയില്‍ പങ്കാളിത്തം വഹിക്കുന്ന പാസ്റ്റര്‍ മത്തായി സാംകുട്ടി അമേരിക്കയില്‍ വെച്ച് രചിച്ചതാണ് ഈ ഗാനം. ശുശ്രൂഷിച്ചുകൊണ്ടിരുന്ന സഭയിലെ ഒരു പിതാവ് നാട്ടില്‍ നിന്നും അമേരിക്കയില്‍ വന്നു. ഒരു ദിവസം രാത്രി ഈ പിതാവ് പാസ്റ്ററെ വിളിച്ച് പറഞ്ഞു: "ഞാന്‍ ശാരീരികമായി വളരെ ക്ഷീണിതനാണ്. ഒരു പക്ഷെ ഈ രാത്രി ഞാന്‍ പിന്നിടുമെന്ന് തോന്നുന്നില്ല. അത്രയേറെ ക്ലേശത്തിലൂടെയാണ് കഴിഞ്ഞു പോകുന്നത്".

സമയം അര്‍ദ്ധരാത്രി പിന്നിട്ടു. രോഗിയായി കിടക്കുന്ന സഹോദരന്‍റെ അടുത്തുപോയി ആശ്വസിപ്പിക്കുവാനും പ്രാര്‍ത്ഥിക്കുവാനും കഴിയാത്ത സാഹചര്യം. പാസ്റ്റര്‍ മത്തായി സാംകുട്ടി ദൈവസന്നിധിയില്‍ മുട്ടുകുത്തി രോഗിയായ പിതാവിനുവേണ്ടി ആത്മനിറവില്‍ പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. ആ സമയത്ത് ദൈവം പ്രത്യാശയുടെ പൊന്‍കിരണങ്ങള്‍ തന്‍റെ ഹൃദയത്തില്‍ ഉദിപ്പിച്ചു. ദീര്‍ഘനേരം നീണ്ടുനിന്ന ഹൃദയം നുറുങ്ങിയുള്ള ആ പ്രാര്‍ത്ഥന മനോഹരമായ ഒരു പ്രത്യാശ ഗാനമായി ആ മുറിയില്‍ നിന്നും ഉയര്‍ന്നുപൊങ്ങി.


കൂരിരുള്‍പാതയില്‍ ദീപമായ്
കൂട്ടിനായ് വരണെ തുണയായ്
ഇക്ഷിതി വിട്ടു നിന്‍ സന്നിധൗ
ചേരുവാനുള്ളം വാഞ്ചിക്കുന്നേ...

പിറ്റെ ദിവസം രാവിലെ രോഗിയായി കിടന്ന സഹോദരനെ വിളിച്ചു. കഴിഞ്ഞ രാത്രിയില്‍ ദൈവം തനിക്കു അത്ഭുത രോഗസൗഖ്യം നല്‍കിയെന്ന വാര്‍ത്ത കേട്ട് ദൈവത്തെ മഹത്വപ്പെടുത്തി. അതോടൊപ്പം രോഗസൗഖ്യത്തിനായ് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ദൈവം നല്‍കിയ മനോഹരമായ ആ ഗാനം സഹോദരനെ പാടികേള്‍പ്പിക്കുകയും ചെയ്തു.

പാസ്റ്റര്‍ മത്തായി സാംകുട്ടി രചിച്ച ഗാനങ്ങളില്‍ അധികവും ദൈവത്തിലുള്ള ആഴമേറിയ പ്രത്യാശയും വിശ്വാസവും നിഴലിട്ട ഗാനങ്ങളാണ്. പിന്നിട്ട വഴികളിലെ ജീവിത അനുഭവങ്ങളില്‍ നിന്നും ചിറകുവെച്ച ആ ഗാനങ്ങള്‍ ഇന്നും അനേകരെ വിശ്വാസപാതയില്‍ ഉറപ്പിച്ചുനിര്‍ത്തുവാന്‍ കരുത്തുറ്റവയാണ്.

അനുഭവസാക്ഷ്യത്തില്‍ നിന്ന്...

മദ്യത്തിനും മയക്കുമരുന്നിനും അടിമയായി ജീവിതം നിരാശകൊണ്ടു മൂടിയ ശശീന്ദ്രകുമാര്‍ എന്ന ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്യുവാനായി തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യമാക്കി വരുമ്പോള്‍ വഴിയോരത്തുള്ള ഒരു വീട്ടില്‍ കുറേ സഹോദരന്മാര്‍ ചേര്‍ന്ന് പാട്ടുപാടി കര്‍ത്താവിനെ സ്തുതിക്കുന്ന ശബ്ദം കേട്ടു.


"ആപത്തില്‍ രോഗത്തില്‍ 
വന്‍പ്രയാസങ്ങളില്‍ 
മനമെ അവന്‍ മതിയായവന്‍"
(എന്‍റെ യേശു എനിക്കു നല്ലവന്‍)

എന്ന ഗാനത്തിന്‍റെ വരികള്‍ ആ യുവാവിന്‍റെ തകര്‍ന്ന മനസ്സില്‍ ശാന്തിയുടെ വചസ്സുകളായ് പടര്‍ന്നു കയറിയെങ്കിലും അതു വകവെക്കാതെ അയാള്‍ മുന്നോട്ടു നടന്നു. എന്നാല്‍, ഒരു അദൃശ്യശക്തി തന്‍റെ യാത്രയെ തടഞ്ഞതായി അനുഭവപ്പെട്ട യുവാവ് മുന്നോട്ട് പോകാന്‍ കഴിയാതെ പാട്ട് കേട്ട ഭവനത്തിലേക്ക് തിരികെ വന്നു. ദൈവാത്മാവ് ആ ഗാനത്തിലൂടെ അദ്ദേഹത്തോട് ഇടപ്പെട്ടു. ആപത്തിലും രോഗത്തിലും വന്‍ പ്രയാസത്തിലും മതിയായ യേശുവിന്‍റെ സ്നേഹം ശശീന്ദ്രകുമാറിന്‍റെ മനസ്സിന്‍റെ കടലിരമ്പം ശാന്തമാക്കി. അയാള്‍ യേശുവിനെ രക്ഷകനായി സ്വീകരിച്ചു. പിന്നീട് ദൈവവചനം പഠിച്ച് സുവിശേഷപ്രവര്‍ത്തകനായി മാറി.
 
1966 ല്‍ കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ച പാസ്റ്റര്‍ മത്തായി സാംകുട്ടിയുടെ സഹധര്‍മ്മിണി സിസ്റ്റര്‍ അക്കമ്മ സുവിശേഷ വയലില്‍ തനിക്കു തക്ക തുണയായി നിലകൊള്ളുന്നു. കര്‍ത്താവെ നീ മാത്രം ആരാധ്യനെ, എന്നേശു നല്‍ സഖി താന്‍ തുടങ്ങിയ ഏതാനും ഗാനങ്ങള്‍ സിസ്റ്റര്‍ അക്കമ്മ രചിച്ചിട്ടുണ്ട്. 
 
പ്രായത്തിന്‍റെ പരിമിതികള്‍ക്കപ്പുറം പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ 88-ാം വയസ്സിലും പാസ്റ്റര്‍ മത്തായി സാംകുട്ടി സുവിശേഷ രംഗത്ത് സജീവമായി നിലകൊള്ളുന്നു. കഷ്ടതയും ദുരിതങ്ങളും നിഴലിട്ട ജീവിത വഴിയില്‍ പ്രതികൂല കാറ്റുകളാല്‍ നാം തളര്‍ന്നുപോകുന്ന വേളകളില്‍ ഉള്ളത്തില്‍ ആശ്വാസത്തിന്‍റെ കുളിര്‍മ പകരുവാന്‍ പാസ്റ്റര്‍ മത്തായി സാംകുട്ടിയുടെ ഗാനങ്ങള്‍ക്ക് കഴിയും.

Advertisement

Advertisement