ഹൂസ്റ്റണിൽ അനുഗ്രഹപെരുമഴ
ഹൂസ്റ്റണിൽ അനുഗ്രഹപെരുമഴ
തയ്യാറാക്കിയത്
സജി മത്തായി കാതേട്ട്
പെന്തെക്കോസ്തിലെ മലയാള മനസുകളുടെ ഒത്തുകൂടലിന്‍റെ ഊഷ്മളതയാണ് പിസിഎന്‍എകെ (പെന്തെക്കോസ്തല്‍ കോണ്‍ഫറന്‍സ് ഓഫ് നോര്‍ത്ത് അമേരിക്കന്‍ കേരളൈറ്റ്സ്). മലയാളി പെന്തെക്കോസ്തിന്‍റെ 'ഒരൊറ്റ ജാലക'മായ പിസിഎന്‍എകെയിലൂടെ നോക്കിയാല്‍ ഇന്നലെ, ഇന്ന്, നാളെ എന്താണ് പെന്തെക്കോസ്ത് എന്നതിന്‍റെ ഉത്തരം ലഭ്യമാകും.
മലയാളി പെന്തെക്കോസ്തിന്‍റെ അമേരിക്കന്‍ ചരിത്രമറിയാന്‍ ഒരളവോളം ഒരൊറ്റ ഫ്രയിമില്‍ ഏതൊരാള്‍ക്കും വീക്ഷിക്കാവുന്ന ഒരു സുവര്‍ണജാലകമാണ് ഈ കോണ്‍ഫ്രന്‍സ്.
1983-ല്‍ ഏതാനും പേരിലുടെ ഒക്കലഹോമയില്‍ സമാരംഭിച്ച ചെറിയൊരു അത്മീയ കൂട്ടായ്മയാണ് നാലു പതിറ്റാണ്ടിനടുത്തെത്തുമ്പോള്‍ പെന്തെക്കോസ്തിന്‍റെ വലിയൊരു ചരിത്ര പുസ്തകമാവുന്നത്.
സഭകളുടെ ഐക്യവും സുവിശേഷീകരണത്തിന്‍റെ വ്യാപ്തിയും കൂട്ടായ്മയുടെ മാധുര്യവും ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒരു ഊന്നുവടിയും ആവുക എന്ന ലക്ഷ്യത്തോടെ പ്രയാണമാരംഭിച്ച പിസിഎന്‍എകെ സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ കോണ്‍ഫ്രന്‍സായി പടര്‍ന്നു പന്തലിച്ചതിനു പിന്നില്‍ കഠിനാധ്വാനം ചെയ്തവര്‍ ഏറെയാണ്.
ആത്മീയതയിലൂന്നിയ വ്യക്തമായ കാഴ്ചപ്പാടും മികച്ച ഭരണസംവിധാനവുമാണ് പിസിഎന്‍എകെയുടെ നാളിതുവരെയുള്ള വളര്‍ച്ചയുടെ നിദാനം. അമേരിക്കയിലെയും കാനഡയിലെയും പെന്തെക്കോസ്തു സമൂഹത്തിന്‍റെ വിശാലവേദിയായ ഈ കോണ്‍ഫ്രന്‍സ് ക്രൈസ്തവ കൂട്ടായ്മകളിലെ ഏറ്റവും വലിയ പ്ലാറ്റ്ഫോമാണ്. ഏറെ പ്രഗത്ഭരും നിപുണരും ആത്മീയ പക്വതയുമുള്ള സഭാനേതാക്കളും വിശ്വാസികളുമാണ് എല്ലാ വര്‍ഷവും ഈ കോണ്‍ഫ്രന്‍സിനെ നയിക്കുന്നത്.
അതാതു വര്‍ഷത്തെ കോണ്‍ഫ്രന്‍സിനെ നയിച്ചശേഷം പുതിയ നേതൃത്വത്തിനു കൈമാറുന്ന ഭരണസംവിധാനം ഏറെ ശ്രദ്ധേയവും മാതൃകാപരവുമാണ്. അമേരിക്കയിലെയും കാനഡയിലെയും പെന്തെക്കോസ്തു വിശ്വാസികളുടെ ആത്മീയസംഗമമാണെങ്കിലും ലോകമെമ്പാടുമുള്ള മലയാളി വിശ്വാസികളുടെ സംഗമമായി നിലകൊള്ളുന്നു.
ബ്രദർ ടിജു തോമസ്
ചിട്ടയായ പ്രോഗ്രാമും മികവാര്‍ന്ന സംഘാടനവും ഉന്നതനിലയിലുള്ള പ്രഭാഷകരും നിരന്തരമുള്ള ആത്മീയ അന്തരീക്ഷവും പിസിനാക്കിന്‍റെ പ്രത്യേകതയാണ്. ആകര്‍ഷിണീയവും വിശാലവും മികച്ച സൗകര്യങ്ങളുമുള്ള കണ്‍വന്‍ഷന്‍ സെന്‍ററുകളും സാമ്പത്തിക അച്ചടക്കവും പിസിനാക്കിനെ സമ്പന്നമാക്കുന്നു.
ഗുഡ്ന്യൂസിലൂലെ ആയിരത്തിലേറെ ഭവനങ്ങളും മറ്റു വിവിധ സഹായങ്ങളും നല്‍കി കേരളത്തിലെ സഭകളോടൊപ്പം നിലകൊണ്ടു. പലതും വേണ്ടെന്നുവച്ച് മികച്ച സാമ്പത്തിക കൃത്യനിഷ്ഠ പാലിച്ച് മിച്ചം വരുന്ന പണം നാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കാന്‍ അവര്‍ മനസു കാണിച്ചു. അത് ഭാരതത്തിലെ സഭകളുടെ മുന്നേറ്റത്തിനു ഏറെ ഉതകി. അമേരിക്കയിലെ നമ്മുടെ സഹോദരീസഹോദരന്മാര്‍ കൊണ്ട വെയിലാണ് കേരളത്തിലെ മിക്ക മുന്‍നിര സഭകളുടെ ഉയര്‍ച്ചക്ക് തണലായത്.
വര്‍ഷാവര്‍ഷം വിസിറ്റിംഗിനായി വരുന്നവരെ ചേര്‍ത്തണച്ചും അന്നവും അര്‍ഥവും നല്‍കിയും ഉന്നതിയിലെത്തിച്ചത് ഒരിക്കലും അവഗണിക്കാനാവില്ല. 2024 ജൂലൈ 4 മുതല്‍ 7 വരെ ഹൂസ്റ്റണില്‍ നടന്ന ഇപ്രാവശ്യത്തെ കോണ്‍ഫ്രന്‍സ് പിസിഎന്‍എകെയുടെ ചരിത്ര പുസ്തകത്താളുകളില്‍ തങ്കലിപികളാല്‍ എന്നും തിളങ്ങി നില്‍ക്കും.
വിശ്വാസികളുടെ ബാഹുല്യംകൊണ്ടും ഉയര്‍ന്ന ആത്മീയനിലവാരമുള്ള പ്രോഗ്രാമുകളാലും ആദിയോടന്തമുള്ള പരിശുദ്ധാത്മാവിന്‍റെ നിറവുകൊണ്ടും ഹൂസ്റ്റണ്‍ കോണ്‍ഫ്രന്‍സ് ശ്രദ്ധേയമായി.
വിവിധ സെഷനുകളിലായി ഒമ്പതിനായിരത്തിലധികം പേര്‍ ജോര്‍ജ് ആര്‍. ബ്രൗണ്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ പങ്കെടുത്ത് ആത്മീയ ഉണര്‍വിനു സാക്ഷിയായ ഹൂസ്റ്റണ്‍ കോണ്‍ഫ്രന്‍സ് പിസിനാക്കിന്‍റെ ചരിത്രവഴികളില്‍ എന്നും പ്രശോഭിക്കും.
പാസ്റ്റര്‍ ഫിന്നി ആലുംമൂട്ടിലിന്‍റെ നേതൃത്വത്തില്‍ മികച്ച കമ്മിറ്റിയാണ് നേതൃത്വം നല്‍കിയത്.
പാസ്റ്റര്‍ ഫിന്നി ആലുംമൂട്ടില്‍ (നാഷണല്‍ കണ്‍വീനര്‍), രാജു പൊന്നോലില്‍ (സെക്രട്ടറി), ബിജു തോമസ് (ട്രഷറര്‍), റോബിന്‍ രാജു (യൂത്ത് കോര്‍ഡിനേറ്റര്‍), ആന്‍സി സന്തോഷ് (ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവരടങ്ങിയ ആത്മീയ നേതൃത്വമാണ് ഈ പ്രാവശ്യം നയിച്ചത്. ലോക്കല്‍ കോര്‍ഡിനേറ്റര്‍ റ്റിജു തോമസ്, സണ്ണി താഴാംപള്ളം, നാഷണല്‍ പ്രതിനിധികളായ ജോസഫ് കുര്യന്‍, ടോം കുര്യന്‍ തുടങ്ങിയവരുടെ പേരുകള്‍ പ്രത്യേകം പരാമാര്‍ശിക്കപ്പെടേണ്ടവരാണ്. വിശ്വാസികള്‍ പ്രതീക്ഷതിനുമപ്പുറമായി വ്യത്യസ്തമായ പ്രോഗ്രാമുകളും മികച്ച നിലയിലുള്ള താമസ സൗകര്യങ്ങളും കുറ്റമറ്റ രീതിയില്‍ ക്രമീകരിക്കുന്നതിനായി നാഷണല്‍ - ലോക്കല്‍ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചത് അഭിനന്ദനാര്‍ഹമായി.
വ്യാഴാഴ്ച വൈകിട്ട് 6ന് പാസ്റ്റര്‍ കെ.പി. മാത്യുവിന്‍റെ അധ്യക്ഷതയില്‍ ആരംഭിച്ച മഹാസമ്മേളനം നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ഫിന്നി ആലുംമൂട്ടില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 'മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പ്പിന്‍" (ലൂക്കോസ് 3:8) എന്നതായിരുന്നു മുഖ്യ ചിന്താവിഷയം.
ലോക്കല്‍ സെക്രട്ടറി സജിമോന്‍ ജോര്‍ജ് സ്വാഗതവും ലോക്കല്‍ കണ്‍വീനര്‍ പാസ്റ്റര്‍ സണ്ണി താഴാംപള്ളം സങ്കീര്‍ത്തനവായനയും നിര്‍വഹിച്ചു. മുഖ്യപ്രസംഗകരെ നാഷണല്‍ സെക്രട്ടറി രാജു പൊന്നോലില്‍ പരിചയപ്പെടുത്തി.
ലോകപ്രസിദ്ധ സുവിശേഷകനും അമേരിക്കയിലെ യുവജനങ്ങള്‍ക്കിടയില്‍ ഏറെ സ്വാധീനവുമുള്ള പാസ്റ്റര്‍ വ്ളാഡ് സുവ്ഷുക്ക്, ഡോ. റ്റിം ഹില്‍, ആന്‍ഡ്രസ് ബിസോണ, ക്രൈസ്തവ കൈരളിക്ക് ഏറെ സുപരിചതരായ പാസ്റ്റര്‍ ഫെയ്ത്ത് ബ്ലസ്സന്‍, പാസ്റ്റര്‍ ജസ്റ്റിന്‍ ശാമുവല്‍, ഡോ. ഏഞ്ചല്‍ എല്‍സാ വര്‍ഗീസ് - യു.കെ. എന്നിവരായിരുന്നു ഹൂസ്റ്റണ്‍ കോണ്‍ഫ്രന്‍സിലെ മുഖ്യപ്രസംഗകര്‍. ഇവരെ കൂടാതെ അമേരിക്കയിലേയും മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള ദൈവഭൃത്യന്മാര്‍ വിവിധ സെക്ഷനുകളില്‍ പ്രസംഗിച്ചു.
തിരുവചനത്തിന്‍റെ പ്രഭ ചൊരിഞ്ഞ ദിനരാത്രങ്ങങ്ങളായി മാറിയ കോണ്‍ഫ്രസില്‍ പ്രസംഗങ്ങളെല്ലാം മികച്ചതായിരുന്നു. പഴയതും പുതിയതുമായ ഗാനങ്ങളും ആത്മീയ നിറവിലുള്ള ആരാധനയും വിശ്വാസികളില്‍ നവചൈതന്യം ഉണര്‍ത്തി.
അമേരിക്കയിലെ മികച്ച ഗായകരെ അണിനിരത്തിയുള്ള ദേശീയ ഗായക സംഘത്തോടൊപ്പം അനുഗ്രഹീത ഗായകന്‍ കെ.ബി. ഇമ്മാനുവേലിന്‍റെ നേതൃത്വത്തില്‍ നടന്ന ഗാനശുശ്രൂഷ ഏറെ മികവ് പുലര്‍ത്തി. എല്ലാ സെഷനുകളിലും ശക്തമായ ആത്മപകര്‍ച്ച ഉണ്ടായി.
വിശ്വാസികളില്‍ ആത്മീയ ഉന്നതി ഉണ്ടാവുക, കൂട്ടായ്മകളിലൂടെ സൗഹൃദങ്ങളും ബന്ധങ്ങളും ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എത്തിയ ജനങ്ങളില്‍ നാം ഒന്നാണെന്ന ഐക്യതയുടെ സന്ദേശവും പകരുവാന്‍ ഹൂസ്റ്റണ്‍ വേദിയായി. കുട്ടികള്‍ക്കും യുവാക്കള്‍ക്കും സഹോദരിമാര്‍ക്കും വേണ്ടി പ്രത്യേകമായി നടന്ന സെക്ഷനുകളും മികച്ച ആത്മീയനിലവാരവും പരിശുദ്ധാത്മാവിന്‍റെ ആത്മപകര്‍ച്ചയും ഉണ്ടായി. 34 ഓളം പേര്‍ മിഷനറി വേലയ്ക്കായി സമര്‍പ്പിച്ചു. സ്നാനമേല്‍ക്കുന്നതിനും പരിശുദ്ധാത്മാവില്‍ നിറയുന്നതിനും യുവാക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഇടയായി.
കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം സമ്മേളനം, ഒമാന്‍ പെന്തെക്കോസ്തല്‍ അസംബ്ലി സംഗമം, ബോംബെ ബിലിവേഴ്സ് സംഗമം, കോട്ടയം സംഗമം, ഉണര്‍വ് യോഗം, കാത്തിരിപ്പ് യോഗം എന്നിവയും ഇംഗ്ലീഷ് സെക്ഷനും മറ്റൊരു പ്രത്യേകതയായിരുന്നു.
യുവാക്കള്‍ക്കായി നടന്ന സ്പോര്‍ട്സ് മത്സരങ്ങള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തി. ജൂലൈ 7ന് ഞായറാഴ്ച നടന്ന സംയുക്ത ആരാധനയും ഭക്തിനിര്‍ഭരമായ തിരുവത്താഴ ശുശ്രൂഷയും പെന്തെക്കോസ്തു ചരിത്രത്തിലെ ഏറ്റവും വലിയ ശുശ്രൂഷകളായി.
ദേശീയ പ്രതിനിധികളുടെ നേതൃത്വത്തില്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിശ്വാസികളെ ഹൂസ്റ്റണ്‍ പട്ടണത്തില്‍ എത്തിക്കുവാനുള്ള ഗതാഗത ക്രമീകരണങ്ങള്‍ ഒരുക്കിയത് ഏറെ ചിട്ടയോടുകൂടിയതും മാതൃകാപരവും ആയിരുന്നു. മുന്നൂറിലധികം പേർ അടങ്ങുന്ന ലോക്കൽ കമ്മിറ്റിയുടെ രാപകലുള്ള കഠിനാദ്ധ്വാനം ഏറെ പ്രശംസനീയമായിരുന്നു.
ഇന്ത്യയില്‍ നിന്നുള്‍പ്പടെയുള്ള പത്ര മാധ്യമ പ്രതിനിധികളെ ഉള്‍കൊള്ളുകയും അവര്‍ക്കു വേണ്ട എല്ലാ ക്രമീകരണങ്ങള്‍ ഒരുക്കിയതും ഹൂസ്റ്റണ്‍ കോണ്‍ഫ്രറന്‍സിന്‍റെ മാറ്റ് കൂട്ടി. വളരെ വ്യത്യസ്തവും മികച്ച ആത്മീയ നിലവാരവും പുലര്‍ത്തിയ ഒരു കോണ്‍ഫ്രന്‍സ് നടത്തുവാന്‍ ദൈവം കൃപ ചെയ്ത ചാരിതാര്‍ഥ്യത്തിലാണ് നാഷണല്‍ കണ്‍വീനറായ പാസ്റ്റര്‍ ഫിന്നി ആലുംമൂട്ടില്‍.
"ഒരു പൈസപോലും കടം കൂടാതെ മികച്ച രീതിയില്‍ കോണ്‍ഫ്രന്‍സ് നടത്തിയെന്നതിനെക്കാളും എനിക്കുള്ള സന്തോഷം പങ്കെടുത്തവര്‍ക്കെല്ലാം ആത്മീയ ഉണര്‍വുണ്ടായി എന്നതിലാണ്. ശക്തമായ ആത്മപകര്‍ച്ചയും ലളിതമായ രീതിയിയുള്ള വചനപ്രഘോഷണങ്ങളും തനിമയാര്‍ന്ന രീതിയിലുള്ള ആരാധനകളും ഈ കോണ്‍ഫ്രന്‍സിന്‍റെ പ്രത്യേകതയായിരുന്നു. അര്‍ഹിക്കുന്ന എല്ലാവര്‍ക്കും അവസരങ്ങളും ശുശ്രൂഷകളും നല്‍കാനായി" പാസ്റ്റര്‍ ഫിന്നി ആലുംമൂട്ടില്‍ ഗുഡ്ന്യൂസിനോട് പറഞ്ഞു.
പിസിഎന്‍എകെ ഇംഗ്ലീഷ് സെഷനില്‍ യുവജനങ്ങളല്ലാത്ത ധാരാളം വിശ്വാസികളും പങ്കെടുത്തത് ഇപ്രാവശ്യത്തെ പ്രത്യേകതയായിരുന്നു