മയാമി പിസിഎൻഎകെ :ഹൃദയം നിറഞ്ഞ നന്ദിയർപ്പണങ്ങളോടെ നാഷണൽ ഭാരവാഹികൾ

0
730

ജൂലൈ 7 ന് മയാമിയിൽ മീറ്റിംഗ് പ്രാർഥിച്ച് അവസാനിച്ചപ്പോൾ  ഒരു കൂട്ടം സഹോദരി സഹോദരന്മാരുടെ കഴിഞ്ഞ ഒരു വർഷത്തെ അശ്രാന്ത പരിശ്രമത്തിന്റെ സ്വപ്ന സാക്ഷാത്കാര സാഫല്യമായിരുന്നു ഇപ്രാശ്യത്തെ കോൺഫ്രൻസ്

വിജു തോമസ്
നാഷണൽ സെക്രട്ടറി

ഫ്ളോറിഡ: ആരാധനയ്ക്കും വിശ്വാസികൾ തമ്മിലുള്ള കൂട്ടായ്മയ്ക്കും ഏറെ പ്രാധാന്യം നൽകിയിരുന്ന നമ്മുടെ ആദ്യ തലമുറ പകർന്ന് നൽകിയ പാഠങ്ങളുടെ അന്തഃസത്ത ഉൾക്കൊണ്ടു കൊണ്ട് വിരളം ദൈവഭൃത്യന്മാരുടെ അന്ത: രംഗത്തിൽ ആവിർഭവിച്ച ആശയമാണല്ലോ വടക്കേ അമേരിക്കയിലെ പെന്തക്കോസ്തൽ മലയാളി കോൺഫ്രൻസ്. ആരംഭ ശൂരത്വത്തിൽ തന്നെ അവസാനിക്കാതെ എളിയ ആരംഭങ്ങളെ തുച്ഛീകരിക്കാത്ത ദൈവസാന്നിധ്യവും വിശ്വസ്തതയും സഹവിശ്വാസികളുടെ സഹകരണവും മുതൽക്കൂട്ടായതിനാൽ ഈ സംരഭം വർഷാവർഷങ്ങളിൽ അഭിവൃദ്ധിയുടെ പാതയിൽ വിശ്വാസികളുടെ ഒത്തൊരുമവേദിയും, ആത്മിക ഉത്തേജനത്തിന്റെ നാലു ദിനങ്ങൾ ആയി പരിണമിച്ചു.

ജൂലൈ 7 ന് മയാമിയിൽ മീറ്റിംഗ് പ്രാർഥിച്ച് അവസാനിച്ചപ്പോൾ കഴിഞ്ഞ ഒരു വർഷത്തെ ഒരു കൂട്ടം സഹോദരി സഹോദരന്മാരുടെ അശ്രാന്ത പരിശ്രമത്തിന്റെ സ്വപ്ന സാക്ഷാത്കാര സാഫല്യമായിരുന്നു. 2019-ലെ മലയാളി ദേശീയ പെന്തക്കോസ്ത് സമ്മേളനത്തിനു ചുക്കാൻ പിടിക്കുവാൻ ദേശീയ ഭരണ സമിതിക്കൊപ്പം നിന്ന പ്രാദേശിക ഭരണ സമിതിയുടെ സേവനത്തിനു മാനുഷിക ഭാഷയിൽ നന്ദി പറയുവാൻ വാക്കുകൾ അപര്യാപ്തമാണു.

അതിഥി ദേവോ ഭവ: ‘ എന്ന വചനത്തിന്റെ അർഥസാഫലികരണത്തിനായി ഏത് അളവുവരെയും പോകുവാൻ അമാന്തിക്കാത്ത മലയാളികളായ നമ്മുടെ സംസ്കാരത്തിനു യാതൊരു കൃത്യവിലോപം കാണിക്കാത്ത പ്രാദേശിക കമ്മിറ്റിയുടെ ആതിഥേയത്വ മനോഭാവവും കഠിനാധ്വാനവും ഏറെ പ്രശംസനീയമാണു. പ്രാദേശിക കമ്മിറ്റിയ്ക്ക് നേതൃത്വം കൊടുത്ത പാസ്റ്റർ സാം പണിക്കർ, ബ്രദർ ഡാനിയേൽ കുളങ്ങര, ബ്രദർ ടിനു മാത്യു, പാസ്റ്റർ മനു ഫിലിപ്പ്, ബ്രദർ രാജൻ സാമുവേൽ എന്നിവർ തങ്ങളേറ്റെടുത്ത കർത്തവ്യം ക്രിസ്തുവിനെന്ന പോലെ ചെയ്ത സേവന മനോഭാവമുള്ള വരായിരുന്നു. അന്ത:സംഘർഷമുളവാക്കാവുന്ന അവസരങ്ങളിലും ആത്മസംയമനത്തോടും , അർപ്പണബോധത്തോടും ഇവർ ചെയ്ത സേവനങ്ങൾക്ക് ഞങ്ങൾ എന്നും കടപ്പെട്ടിരിക്കും. പ്രാദേശിക സമിതിയിൽ പ്രവർത്തിച്ച ഓരോ സബ് കമ്മിറ്റി അംഗങ്ങളും ദിനരാത്രങ്ങൾ ഉറക്കവും ഊണും ഉപേക്ഷിച്ച് സമ്മേളന അനുഗ്രഹത്തിനായി അക്ഷീണ പരിശ്രമം ചെയ്തവരാണിവർ. യുവജന വിഭാഗത്തിന്റെ പ്രോഗ്രാമുകൾ വിഘ്നം കൂടാതെ നടക്കുവാൻ അക്ഷീണ പരിശ്രമം ചെയ്ത ബ്രദർ സാം ജോർജ്, ചിൽഡ്രൻസ് മിനിസ്ടിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത സിസ്റ്റർ ജൂലിൻ ജോർജ് , റജിസ്ട്രേഷൻ വിഷയങ്ങൾ ഭംഗിയായി നിർവഹിച്ച സഹോദരന്മാരായ ജ്യോതിഷ് ഐപ്പ്, ജേക്കബ് ബെഞ്ചമിൻ അവരുടെ ടീമംഗങ്ങൾ, ലേഡീസ് വിഭാഗത്തിനു നേതൃത്വം കൊടുത്തവർ, ലേഡീസ് അഷേഴ്സ് ടീമിനും നേതൃത്വം കൊടുത്ത റോസമ്മ മോനച്ചൻ, ഭക്ഷണശാലയിൽ സർവ്വ സമയവും സഹായത്തിനായി സന്നദ്ധരായ ടീം അംഗങ്ങൾ, ട്രാൻസ്പോർട്ടേഷൻ വിഭാഗം കുറ്റമറ്റ രീതിയിൽ കൈകാര്യം ചെയ്തവരായ ജിം മരത്തിനാൽ, സാംജി ഗീവർഗീസ് , ഗാനശുശ്രൂഷയ്ക്കും, ഉപദേശക സമിതിയിൽ പ്രവർത്തിച്ച ദൈവ ദാസന്മാർക്കും ബ്രദർ ജയൻ ചാക്കോ, അങ്ങനെ ഏറ്റെടുത്ത ഉത്തരവാദിത്യങ്ങൾ അഭംഗുരം നിർവ്വഹിച്ച ഞങ്ങമ്മുടെ കൂട്ടു സഹോദരങ്ങൾ ചെയ്ത സേവനത്തിന്റെ വ്യാപ്തി നിർണ്ണയാതീതമാണ്. നിങ്ങളിൽ പലർക്കും പ്രധാന വേദികളിലെ മീറ്റിംഗുകളിൽ പങ്കെടുക്കാനോ, ഭക്ഷണശാലകളിൽ സമയത്തിനെത്തി ആഹാരം കഴിക്കുവാനോ കഴിഞ്ഞില്ല എന്ന സത്യം വിസ്മരിക്കുന്നില്ല. നിങ്ങളുടെ സിസ്വാർഥമായ സേവനങ്ങൾക്ക് യഥോചിതമായ കൃതജ്ഞതാ വാക്കുകൾ മാനുഷിക വാക്കുകൾ മൂലം പര്യാപ്തമാവുകയില്ലെങ്കിലും ക്രിസ്തുവിൽ നിങ്ങൾ ചെയ്ത പ്രയത്നം വ്യർഥമല്ല. നമ്മുടെ പ്രത്യാശാ പുരുഷനായ ക്രിസ്തുവിന്റെ മഹത്വ പ്രത്യക്ഷതയിൽ പ്രതിഫലം വിഭാഗിക്കുമ്പോൾ നിങ്ങൾ ചെയ്ത ഓരോ പ്രവർത്തിക്കും തക്ക ബഹുമതി നൽകപ്പെടും നിശ്ചയം. കോൺഫ്രൻസിന്റെ തുടക്കം മുതൽ ഓൺലൈനായും ലൈവിലൂടെയും അച്ചടി മാധ്യമങ്ങളിലൂടെയും വാർത്തകൾ പ്രസിദ്ധീകരിച്ച എല്ലാ മാധ്യമ പ്രവർത്തകരെയും ഞങ്ങൾ മറക്കുന്നില്ല.

നിങ്ങളോടൊപ്പം നമ്മുടെ കൂട്ടു സഹോദരങ്ങൾക്ക് സേവനം ചെയ്യുവാൻ എന്നെയും ഒരു പങ്കാളി ആക്കിയ ദൈവത്തിനു ഒരിക്കൽ കൂടി നന്ദിയും, സകല മാനത്തിനും പുകഴ്ചയ്ക്കും യോഗ്യനായ പിതാവിന്റെ അനുഗ്രഹാശിസ്സുകൾ എല്ലാവർക്കും അർപ്പിച്ചു കൊണ്ട്, മയാമി കോൺഫ്രൻസിനുവേണ്ടി

ക്രിസ്തുവിൽ നിങ്ങളുടെ കൂട്ടു സഹോദരൻ,

വിജു തോമസ്
നാഷണൽ സെക്രട്ടറി

LEAVE A REPLY

Please enter your comment!
Please enter your name here