പിസിനാക്കിന്റെ പ്രഥമ നാഷണൽ കമ്മിറ്റി ചിക്കാഗോയിൽ നടന്നു

പിസിനാക്കിന്റെ പ്രഥമ നാഷണൽ കമ്മിറ്റി ചിക്കാഗോയിൽ നടന്നു

ചിക്കാഗോ : നാല്പതാമത് പിസിനാക്കിന്റെ പ്രഥമ നാഷണൽ കമ്മിറ്റി ഡിസംബർ ഏഴിന് ചിക്കാഗോയിൽ നടന്നു. സെലിബ്രേഷൻ ചർച്ചിൽ രാവിലെ ആരംഭിച്ച സമ്മേളനത്തിൽ നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാം മാത്യു, ട്രഷറർ പ്രസാദ് ജോർജ് സിപിഎ, ഇംഗ്ലീഷ് സെഷൻ കോർഡിനേറ്റർ ഡോ. ജോനാഥൻ ജോർജ്, നാഷണൽ ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ ജീന വിൽസൺ എന്നിവർ പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു. കോൺഫറൻസിന്റെ തീം ജനറേഷൻ ടു ജനറേഷൻ (സങ്കീർത്തനം 78:4) നാഷണൽ കൺവീനർ അവതരിപ്പിച്ചു.

തുടർന്ന് വിവിധ സബ് കമ്മറ്റികളിലേക്ക് നാഷണൽ കമ്മിറ്റി അംഗങ്ങളെ നോമിനേറ്റ് ചെയ്തു. നിലവിലുള്ള സബ് കമ്മറ്റികൾ വിപുലീകരിക്കുവാനും കൂടുതൽ സബ് കമ്മിറ്റികൾ രൂപീകരിക്കുവാനും നാഷണൽ ലോക്കൽ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

പെന്തെക്കോസ്ത് ഉപദേശത്തിനു മുൻതൂക്കം നൽകുന്ന വചനപ്രഘോഷകർക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രസംഗകരായിരിക്കും വചന ശുശ്രൂഷ നടത്തുന്നത് എന്ന് നാഷണൽ ഭാരവാഹികൾ അറിയിച്ചു.

നാഷണൽ ട്രഷറർ പ്രസാദ് ജോർജ് സിപിഎ ബഡ്ജറ്റ് അവതരിപ്പിച്ചു. 

ലോക്കൽ എക്സിക്യൂട്ടീവ് കമ്മറ്റി ഭാരവാഹികളായ ഡോ.ടൈറ്റസ് ഈപ്പൻ, പാസ്റ്റർ ജിജു ഉമ്മൻ, ഡോ. ബിജു ചെറിയാൻ, ജോൺ മത്തായി, കെ.ഒ. ജോസ് സിപിഎ , വർഗീസ് സാമുവൽ എന്നിവർ പ്രാദേശിക പ്രവർത്തന പദ്ധതികൾ വിവരിച്ചു.

 2026 ൽ നടക്കുന്ന നാല്പതാമത് പിസിനാക് കോൺഫറൻസിന് പ്രാദേശിക തലത്തിൽ ശക്തമായ സഹകരണമാണ് ലഭിക്കുന്നതെന്നു നാഷണൽ ഭാരവാഹികൾ വിലയിരുത്തി. സമ്മേളനം നടക്കുന്ന ഷാംബർഗ് കൺവെൻഷൻ സെന്ററും മറ്റ് താമസ സൗകര്യങ്ങളും ഭാരവഹികൾ സന്ദർശിച്ചു.

 ലോകോത്തര നിലവാരമുള്ള കൺവെൻഷൻ സെന്ററും അനുബന്ധ സൗകര്യങ്ങളും കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് ഗുണകരമാകുമെന്ന് കമ്മിറ്റി വിലയിരുത്തി. ഒഹയർ എയർപോർട്ടിൽ നിന്ന് പതിനഞ്ച് മിനിറ്റിനുള്ളിൽ എത്തിച്ചേരാവുന്ന കൺവെൻഷൻ സെന്ററിൽ 1500 ഓളം സൗജന്യ പാർക്കിംഗ് ലഭ്യമാണ്.

 ജനുവരി മുതൽ ഒന്നരവർഷം നീണ്ടു നിൽക്കുന്ന ആഗോളവ്യാപകമായ ഓൺലൈൻ പ്രാർത്ഥനക്ക് തുടക്കം കുറിക്കുവാനും തീരുമാനമായി.

(വാർത്ത: കുര്യൻ ഫിലിപ്പ്, നാഷണൽ മീഡിയ കോർഡിനേറ്റർ)